കോഴിക്കോട്: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
പി.പി ദിവ്യക്കെതിരായ നടപടി മാധ്യമ വാര്‍ത്തകള്‍ക്ക് അനുസരിച്ചായിരുന്നു എന്ന പ്രതിനിധികളുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ദിവ്യക്കെതിരായ നടപടി ശരിയായ രീതിയില്‍ തന്നെയായിരുന്നു കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ല. വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങള്‍ പറഞ്ഞത് ശരിയായില്ല. ഇതൊക്കെ പാര്‍ട്ടി അന്വേഷിച്ച് ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് തെരഞ്ഞെടുപ്പ് സമയത്ത് ഇ.പി.ജയരാജന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സമ്മേളനത്തിൽ വിമർശനമുണ്ടായി. ഇപിക്ക് ഇത്തരം വീഴ്ചകള്‍ സംഭവിച്ചുവെന്ന് സമ്മതിച്ച മുഖ്യമന്ത്രി പാര്‍ട്ടി തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതികരിച്ചു.