തിരുവനന്തപുരം: പാര്‍ട്ടി അംഗങ്ങള്‍ക്ക് മദ്യപാനശീലമുണ്ടെങ്കില്‍ അത് വീട്ടില്വച്ചായിക്കൊള്ളണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാല് കാലില്‍ വരാന്‍ പാടില്ല. പാര്‍ട്ടിയുടെ നയം മദ്യവര്‍ജനമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള മദ്യപാന വിലക്ക് നീക്കിക്കൊണ്ടുള്ള പാര്‍ട്ടി പ്രവര്‍ത്തനരേഖയിലെ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ബിനോയ് വിശ്വം. പാര്‍ട്ടിയുടെ അന്തസിന് കളങ്കം വരുത്തുന്ന രീതിയില്‍ പെരുമാറാനോ പൊതുസ്ഥലങ്ങളില്‍ മദ്യപിക്കാനോ പാടില്ല. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയം.
ഉത്തരവാദിത്വത്തോടെ പൊതുസമൂഹത്തില്‍ പെരുമാറേണ്ട ബാധ്യത ഒരു സിപിഐ പ്രവര്‍ത്തകനുണ്ട്. അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.