വഴിയടച്ച് പന്തൽ കെട്ടി.., എം.വി. ഗോവിന്ദൻ, ബിനോയ് വിശ്വം തുടങ്ങിയവർ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി: പൊതുഗതാഗതം തടസപ്പെടുത്തി റോഡിൽ പന്തൽ കെട്ടിയ സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. മൂന്ന് കേസുകളിലായി സിപിഎം, സിപിഐ, കോണ്‍ഗ്രസ് നേതാക്കളോടാണ് കോടതി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്.
വഞ്ചിയൂർ സിപിഎം ഏരിയാ സമ്മേളനത്തിന് റോഡ് കെട്ടിയടച്ച കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത് എംഎൽഎ തുടങ്ങിയവർ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി നടപടി.
വഴിയടച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ജോയിന്റ് കൗണ്‍സിൽ നടത്തിയ സമരത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കളും ഫെബ്രുവരി പത്തിന് നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
കൊച്ചി കോർപ്പറേഷന് മുന്നിൽ ഡിസിസി നടത്തിയ സമരവുമായി ബന്ധപ്പെട്ട് ടി.ജെ. വിനോദ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അന്നേദിവസം ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
വഞ്ചിയൂരിലേത് പ്രതിഷേധത്തിന്റെ ഭാഗം പോലുമായിരുന്നില്ലെന്നും സാധാരണ ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. എല്ലാ ദിവസവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ഇതിനെ ചെറുതായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.