കാസര്‍ഗോഡ്: പെരിയ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന് അടക്കം നാല് പ്രതികള്‍ ജയില്‍ മോചിതരായി. ഇവരുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്.
കുഞ്ഞിരാമന് പുറമേ , മണികണ്ഠൻ, രാഘവൻ വെളുത്തോളി, ഭാസ്കരൻ വെളുത്തോളി എന്നീ പ്രതികളാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ജയിലിന് പുറത്ത് കണ്ണൂരിലെ സിപിഎം നേതാക്കള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനും പാർട്ടി ജില്ലാ സെക്രട്ടറി എം.വി.ജയരാജനും പ്രതികളെ സ്വീകരിക്കാനെത്തിയിരുന്നു. രക്തഹാരമണിയിച്ചും വലിയ ആരവങ്ങളോടെയുമാണ് നാല് പേരെയും പാര്‍ട്ടി സ്വീകരിച്ചത്.
സിബിഐ കോടതി അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ച പ്രതികൾ അപ്പീൽ നൽകിയതോടെ
ഹൈക്കോടതി ശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും 2019 ഫെബ്രുവരി 17 നു കൊലപ്പെടുത്തിയ കേസിലാണ് കോടതി ഇവരെ ശിക്ഷിച്ചത്.