പത്തനംതിട്ട: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം. പത്തനംതിട്ട പുല്ലാടുണ്ടായ അപകടത്തിൽ റാന്നി സ്വദേശി വി.ജി.രാജനാണ് മരിച്ചത്.
ഒരു കുഞ്ഞടക്കം കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആർടിസി ബസ് തെറ്റായ ദിശയിൽ വന്ന് കാറിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
അപകടം ഉണ്ടായ ഉടനെ രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.