ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയയ്ക്കണം എന്നാവശ്യപ്പെട്ട് ബംഗ്ലദേശ് സർക്കാർ ഇന്ത്യയ്ക്ക് കത്തയച്ചു. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെ ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യയില്‍ കഴിയുകയാണ്.
കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നും അതിനാൽ ബംഗ്ലദേശിലേക്ക് അവരെ മടക്കി അയയ്ക്കണമെന്നും വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈൻ പറഞ്ഞു. പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കൂട്ടക്കൊലയില്‍ മുന്‍ പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങള്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ 200ലേറെ കേസുകളാണ് ഹസീനയ്ക്കെതിരെ ചുമത്തിയത്. ഇതിൽ 179 എണ്ണം കൊലക്കുറ്റങ്ങളാണ്. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റം, വംശഹത്യ, തട്ടിക്കൊണ്ടു പോകൽ എന്നിവയും ഹസീനയുടെ പേരിലുള്ള കേസുകളിൽ ഉൾപ്പെടുന്നു.
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറല്‍ കരാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്.