തിരുവനന്തപുരം: ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ. നാളെ തന്നെ മാലിന്യങ്ങൾ മാറ്റാനാണ് തീരുമാനം. തിരുവനന്തപുരം സബ് കളക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
മാലിന്യങ്ങൾ നീക്കാൻ ക്ലീൻ കേരള കമ്പനിക്കും നഗരസഭയ്ക്കും ചുമതല നൽകും. അതേസമയം സംഭവത്തിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി നിതിൻ ജോർജാണ് അറസ്റ്റിലായത്. സ്വകാര്യ മാലിന്യ സംസ്കരണ കമ്പനി സൂപ്പർവൈസറാണ് നിതിൻ ജോർജ്.
മാലിന്യം കൊണ്ടുവന്ന ലോറിയുടെ ഉടമ ചെല്ലത്തുറൈയും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ തിരുനെൽവേലി സ്വദേശികളായ രണ്ട് ഏജന്റുമാർ അറസ്റ്റിലായിരുന്നു.
കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.