ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. അംബേദ്കർ വിവാദത്തിൽ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമായേക്കും.
പുറത്തെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ കോൺഗ്രസ് എംപിമാരുടെ യോഗം ഇന്ന് രാവിലെ ചേരും. തുടർന്ന് രാവിലെ പത്തരക്ക് ഇന്ത്യ സഖ്യം എംപിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.
അതിനിടെ ഇന്നലെ പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങളിൽ ബിജെപി എംപിമാർ നൽകിയ പരാതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ കേസെടുത്തു. ഗുജറാത്തിൽ നിന്നുള്ള ഹേമംഗ് ജോഷി എംപി നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പാർലമെന്റ് സ്ട്രീറ്റ് പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
നിയമോപദേശം ലഭിച്ച ശേഷമാണു നടപടിയെന്നാണു പോലീസ് വിശദീകരണം. അംബേദ്കര്‍ വിവാദത്തിലെ പ്രതിഷേധത്തിലാണ് പാര്‍ലമെന്റ് കവാടത്തില്‍ ഭരണ, പ്രതിപക്ഷ എംപിമാർ ഏറ്റുമുട്ടിയത്. അമിത് ഷാ രാജിവയക്കണമെന്നാവശ്യപ്പെട്ട് അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് മകര്‍ ദ്വാറിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മാര്‍ച്ച് നടത്തിയിരുന്നു.
ഇതേ സമയം മകര്‍ ദ്വാറില്‍ അംബേദ്കറെ നെഹ്റു വഞ്ചിച്ചെന്ന മുദ്രാവാക്യവുമായി ഭരണപക്ഷമെത്തി. തുടർന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം എംപിമാര്‍ പാര്‍ലമെന്റിലേക്ക് കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമായി.
സംഘർഷത്തിൽ ബിജെപി എംപിമാരായ പ്രതാപ് സാരംഗിക്കും, മുകേഷ് രാജ് പുതിനും പരിക്കേറ്റിരുന്നു. രാഹുല്‍ ഗാന്ധി തൊഴിച്ചെന്നും എംപിമാര്‍ ആരോപിച്ചു. പരിക്കേറ്റ എംപിമാർ ആര്‍എംഎല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.