മുംബൈ: ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷിയോഗത്തില്‍ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് മുംബൈ ആസാദ് മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
ബിജെപിയുടെ 18 മന്ത്രിമാരും ശിവസേനയുടെ ഒന്‍പതും, എന്‍സിപിയുടെ(അജിത് പവാര്‍ വിഭാഗം) ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി,10 കേന്ദ്രമന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
തെരഞ്ഞെടുപ്പില്‍ ബിജെപി, ശിവസേന, എൻസിപി സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം ഉണ്ടായതോടെ സർക്കാർ രൂപീകരണം വൈകുകയായിരുന്നു. നിലവിലെ മുഖ്യമന്തി ഏക്നാഥ് ഷിന്‍ഡെയ്ക്ക് വീണ്ടും അവസരം നല്‍കണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത് എത്തിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.
ഒടുവില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് ശിവസേനയെ അനുനയിപ്പിക്കുകയായിരുന്നു. ഫഡ്നാവിസ് ഷിൻഡെയെ നേരിട്ട് കണ്ടും ചർച്ച നടത്തിയിരുന്നു.