മുംബൈ: മഹാരാഷ്ട്രയിൽ എയർഇന്ത്യ പൈലറ്റിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സൃഷ്ടി തുലി(25)ആണ് മരിച്ചത്. സംഭവത്തിൽ സൃഷ്ടിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.
ആത്മഹക്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ആദിത്യ പണ്ഡിറ്റ് (27) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ആദിത്യയ്ക്കെതിരെ സൃഷ്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.
അന്ധേരിയിലെ മാറോൾ മേഖലയിലെ കനകിയ റെയിൻഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്ളാറ്റിലാണ് സൃഷ്ടി തുലിയുടെ മൃതദേഹം കണ്ടെത്തിയത്.
ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. ആദിത്യ, സൃഷ്ടിയെ പരസ്യമായി അധിക്ഷേപിക്കുകയും മാംസാഹാരം ഒഴിവാക്കുന്നതടക്കം ഭക്ഷണ ശീലം മാറ്റാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായി അമ്മാവൻ പോലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ആദിത്യ ഡൽഹിയിലേക്ക് പോകുമ്പോൾ താൻ ജീവനൊടുക്കാൻ പോവുകയാണെന്ന് സൃഷ്ടി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ആദിത്യ ഉടൻ തന്നെ മുംബൈയിലേക്ക് തിരിച്ചെത്തി ഫ്ലാറ്റിൽ നോക്കിയപ്പോൾ അത് അകത്തുനിന്ന് ലോക്ക് ചെയ്തിരിക്കുകയായിരുന്നു. മറ്റൊരു ചാവി സംഘടിപ്പിച്ച് റൂം തുറന്നപ്പോൾ തുലി കേബിൾ വയറിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.
യുപി സ്വദേശിയായ സൃഷ്ടി തുലി കഴിഞ്ഞ വർഷം ജൂൺ മുതലാണ് മുംബൈയിൽ താമസമാരംഭിച്ചത്. രണ്ട് വർഷം മുമ്പ് ഡൽഹിയിൽ പൈലറ്റ് കോഴ്സ് പഠിക്കുമ്പോഴാണ് സൃഷ്ടി, ആദിത്യ പണ്ഡിറ്റിനെ പരിചയപ്പെട്ടത്.