കൊച്ചി: നടൻമാരായ എം.മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെ നൽകിയ പീഡന പരാതി പിൻവലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. താൻ നൽകിയ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരി പറഞ്ഞിരുന്നു.
സർക്കാരിൽനിന്ന് പിന്തുണ കിട്ടുന്നില്ല അതിനാലാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചത്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിൻവലിക്കില്ലെന്നും അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടൻമാർക്കെതിരെ പരാതിയുമായി നടി രംഗത്ത് എത്തിയത്.
നടന്മാര്ക്കെതിരെ പരാതി നൽകിയതിനുശേഷമാണ് തനിക്കെതിരെ പോക്സോ കേസ് ചുമത്തിയത്. ഇത് കെട്ടിച്ചമച്ചതാണ്. കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ആരിൽ നിന്നും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞിരുന്നു.
എന്നെ കേൾക്കാൻ പോലും അന്വേഷണ സംഘം തയാറായില്ല. വിളിച്ചാൽ ഫോണെടുക്കില്ല. പരാതിക്കാരിക്ക് കിട്ടേണ്ട പരിഗണനപോലും തരുന്നില്ല. പോക്സോ കേസിൽ പ്രതിയാക്കി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ സത്യാവസ്ഥ കണ്ടെത്താൻ പോലീസ് തയാറാകുന്നില്ല.
തനിക്കെതിരെ പരാതി നൽകിയ ആളുടെ ബാക്ക് ഗ്രൗണ്ട് അന്വേഷിക്കണം. എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.