ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിന് കത്തുനൽകി.
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി. തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തു നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ പ്രകാരം സാധിക്കില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ട്. ജൂലൈയിലും നവംബറിലുമായാണ് ഈ തുക നല്‍കിയിട്ടുള്ളത്.
കേരളത്തിന്റെ അക്കൗണ്ടന്റ് ജനറൽ സംസ്ഥാനത്തിന്റെ കൈയിൽ ദുരന്തനിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതിനാൽ ആവശ്യത്തിന് ഫണ്ട് കേരളത്തിന്റെ പക്കൽ ഉണ്ട് എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.