കണ്ണൂർ: തനിക്കെതിരായ ആത്മകഥാ വിവാദം ആസൂത്രിത ഗൂഢാലോചനയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ആരെയും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എഴുതിയ ആത്മകഥ അധികം വൈകാതെ പുറത്തിറക്കും. എഴുതിക്കഴിഞ്ഞ ഭാഗം വാചകശുദ്ധി വരുത്താൻ ഒരാളെ ഏൽപ്പിച്ചിട്ടുണ്ട്. തന്റെ ആത്മകഥയെന്നു പറഞ്ഞ് പുസ്തകം പുറത്തിറക്കാൻ ഡിസി ബുക്സിന് എന്ത് അവകാശമാണുള്ളതെന്നും ഇ.പി ചോദിച്ചു.
ചാനലില്‍ വന്നിട്ടുള്ള ഒരു കാര്യവും താന്‍ എഴുതിയതല്ല. വഴിവിട്ട എന്തോ സംഭവം നടന്നിട്ടുണ്ട്. ഇതില്‍ അന്വേഷണം നടത്താനാണ് ഡിജിപിക്ക് പരാതി കൊടുത്തത്. തിരുത്താൻ ഏൽപ്പിച്ച ആളോടു മോഷണമോ മറ്റോ പോയോ എന്നു നോക്കാൻ പറഞ്ഞിട്ടുണ്ട്. ആത്മകഥ ചോർന്നോയെന്നു പരിശോധിക്കും. അതിശക്തമായ ഗൂഢാലോചന നടന്നു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത് പുറത്തുവന്നത് ആസൂത്രിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആത്മകഥ എഴുതാൻ തനിക്ക് അവകാശമുണ്ട്. എഴുതുന്നതിന് പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ല. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അനുവാദം വാങ്ങുമെന്നും ഇ.പി വ്യക്തമാക്കി.
ഇത് ആദ്യത്തെ കാര്യമല്ല. ഒന്നര വർഷം മുമ്പ് പ്രകാശ് ജാവദേക്കര്‍ കാണാൻ വന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ദിവസം വാര്‍ത്തയാക്കിയത് ആസൂത്രിതമായിരുന്നു. അദ്ദേഹം വന്നത് പരിചയപ്പെടാനാണ്. കൂടിക്കാഴ്ചയെ വളച്ചൊടിച്ചുവെന്നും ജയരാജൻ പറഞ്ഞു.