പാലക്കാട്ട്: കേന്ദ്ര കമ്മറ്റിയംഗമായ ഇ.പി. ജയരാജനെ സിപിഎം അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇ.പിയുടെ ആത്മകഥയിലെ ളള്ളടക്കം അദ്ദേഹം തന്നെ എഴുതിയതാണെന്ന് എല്ലാവർക്കും അറിയാം. ഡിസി പോലുള്ള ഒരു പ്രസാധകർ ആകാശത്തുനിന്നും ആത്മകഥയുണ്ടാക്കി പ്രസിദ്ധീകരിക്കുമോ എന്നും സതീശൻ ചോദിച്ചു.
സിപിഎമ്മും ഇ.പിയും ആത്മകഥയുടെ കാര്യത്തിൽ കള്ളം പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് എന്തെങ്കിലും കള്ളം പറഞ്ഞ് പിടിച്ചു നിൽക്കണം. സിപിഎമ്മിന്റെ സ്ഥിതി അതായിപ്പോയി. ഇത് എങ്ങനെ പുറത്തുപോയി എന്നാതാണ് പ്രധാനം. ഇതു പുറത്തുകൊണ്ടുവന്നത് ഇ.പിയുടെ മിത്രങ്ങളാണോ ശത്രുക്കളാണോ എന്ന് അന്വേഷിച്ചാൽ മതിയെന്നും സതീശൻ പറഞ്ഞു.
ഇ.പിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഹസൻ പറഞ്ഞത് തമാശയാണ്. അദ്ദേഹം സിപിഎമ്മിലെ മുതിർന്ന നേതാവാണ്. വേറെ പാർട്ടിയിൽ നിൽക്കുന്നവരെ എന്തിനാണ് നമ്മൾ അപമാനിക്കുന്നതെന്നും സതീശൻ പറഞ്ഞു.
പി. സരിൻ പാലക്കാട്ട് വോട്ട് ചേർത്തത് അനധികൃതമായാണ്. ആറ് മാസമെങ്കിലും മണ്ഡലത്തിൽ താമസിക്കണമെന്നാണ് ചട്ടം. സരിൻ ഇങ്ങനെ ചെയ്തിട്ടില്ല. തൃശൂർ ജില്ലക്കാരനാണ് സരിനെന്നും സതീശൻ കൂട്ടിച്ചേർത്തു.