കാഞ്ഞിരപ്പള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം. ദേശീയപാത 183ല് പൂതക്കുഴി ജംഗ്ഷനിൽ ചൊവ്വാഴ്ച വൈകുന്നേരം 7.30നുണ്ടായ അപകടത്തിൽ ഇടക്കുന്നം മുക്കാലി തോക്കനാട്ട് ടോമിയുടെ മകൻ ആൽബിൻ തോമസ് (23) ആണ് മരിച്ചത്.
കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ആൽബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽ എത്തിയ ബൈക്കുമായി കൂട്ടിയിടിച്ച് ബസിനടിയിൽപ്പെടുകയായിരുന്നു.
അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്ക് യാത്രക്കാരനായ സാജിദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളിപോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.