തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശിപാർശ ഇന്ത്യ പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്തിന്റെ നാനാത്വത്തിനും ഭരണഘടനാപരമായി ഫെഡറലിസത്തിനും എതിരാണെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
ഇതു കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് അനാവശ്യമായ നേട്ടം ഉണ്ടാകാനുളള ഗൂഢപദ്ധതി മാത്രമാണ്. ഇതു നടപ്പാക്കുകയെന്നാൽ ജനാധിപത്യവിരുദ്ധമായി നിരവധി സംസ്ഥാന നിയമസഭകൾ പിരിച്ചു വിടുകയെന്നതാണ്. അത് അനുവദിക്കാനാവില്ല. ഇതൊക്കെ രാജ്യത്തെ നീറുന്ന പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഗൂഢപദ്ധതിയാണ്.
ഈ നിയമം നടപ്പാക്കണമെങ്കിൽ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. ഒറ്റയ്ക്കു ഭരിക്കാൻ പോലും ആൾബലമില്ലാത്ത ബിജെപി മന്ത്രിസഭ ഇതുപോലെ നാടകങ്ങൾ കാണിക്കുന്നത് ഭരണപരാജയത്തിൽനിന്നു ജനശ്രദ്ധ മാറ്റാനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.