തിരുവനന്തപുരം: എന്‍സിപിയിലെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇടപെട്ട് പാർട്ടി ദേശീയ നേതൃത്വം. മന്ത്രി എ.കെ.ശശീന്ദ്രന്, തോമസ് കെ.തോമസ് എംഎല്‍എ എന്നിവരെ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചു. വെള്ളിയാഴ്ച മുംബൈയില്‍ നിര്‍ണായക ചര്‍ച്ച നടക്കും.
എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയും പവാറുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും. വെള്ളിയാഴ്ച തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന് പാര്‍ട്ടിയില്‍ ധാരണയുണ്ടായിരുന്നു എന്നാണ് കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിന്റെ വാദം. തോമസിന് വേണ്ടി ചാക്കോയും സമ്മര്‍ദം ശക്തമാക്കിയിരുന്നു.
എന്നാൽ മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു ശശീന്ദ്രന്റെ ഭീഷണി. ഇതിനിടെയാണ് പാർട്ടി ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെട്ടത്.