കോഴിക്കോട്: ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കൾ ഇന്ന് കേരളത്തിലെ കോൺഗ്രസിൽ ഇല്ലെന്ന് കെ. മുരളീധരൻ. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോൺഗ്രസിലില്ലെന്ന് അദ്ദേഹം വിമർശിച്ചു.
കോഴിക്കോട് സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭരണ വിരുദ്ധവികാരം ഉണ്ടെന്ന് കരുതിയിരിക്കരുത്. പണിയെടുത്താലേ ഭരണം കിട്ടൂ.
നേരത്തെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി എന്നിവർ മതിയാകുമായിരുന്നു. എന്നാൽ ഇന്ന് രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ വരണം. ഒന്നിച്ചു നിൽക്കേണ്ട കാലമായതിനാൽ കൂടുതൽ പറയാനില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവിൽ ബിജെപി - സിപിഎം ധാരണ ഒരുപാട് സ്ഥലത്തുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന്റെ സത്യം അറിയാമെന്നും മുരളീധരൻ പറഞ്ഞു. തൃശൂരില്‍ വോട്ടുകള്‍ ബിജെപി കൊണ്ടുപോയത് നമ്മുടെ വിദ്വാന്മാര് ഇപ്പോഴും അറിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസാണെന്നും അദ്ദേഹം പറഞ്ഞു.