ബെയ്ജിംഗ്: ഏഷ്യന്‍ ചാമ്പ്യൻസ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ ചൈനയെ നേരിടും.
ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. ടീമിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ ഇരട്ട ഗോളുകൾ നേടി ടീമിന്റെ നെടുന്തൂണായി. ഇതോടെ ടൂർണമെന്റിലെ തന്റെ ഗോൾ നേട്ടം ഏഴായി ഉയർത്താനും ഹർമൻപ്രീതിന് കഴിഞ്ഞു.
13-ാം മിനിറ്റില്‍ ഉത്തം സിംഗാണ് ഗോളടി തുടങ്ങിയത്. തുടർന്ന് 19, 45 മിനിറ്റുകളിലാണ് ഹര്‍മന്‍പ്രീത് സിംഗ് എതിരാളികളുടെ വലകുലുക്കിയത്. 32-ാം മിനിറ്റിൽ ജര്‍മന്‍പ്രീത് സിംഗും ഗോൾനേടിയതോടെ ഇന്ത്യ മികച്ച നിലയിലായി.
യാംഗ് ജി ഹുന്‍ ആണ് കൊറിയയുടെ ആശ്വാസ ഗോള്‍നേടിയത്. ടൂർണമെന്റിൽ കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ തകർത്തിരുന്നു. ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ.