ശ്രീനഗർ: ജമ്മുകാഷ്മീരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചാരണത്തിന്റെ ഭാഗമായി മോദിയുടെ നേതൃത്വത്തിൽ ദോഡ ജില്ലയിൽ പടുകൂറ്റൻ റാലി നടത്തി.
ജമ്മു കാഷ്മീരില്‍ തീവ്രവാദം അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യാനന്തരം കാഷ്മീര്‍ വിദേശ ശക്തികളുടെ ലക്ഷ്യമായി മാറുകയും കുടുംബരാഷ്ട്രീയം ഈ മനോഹരമായ പ്രദേശത്തെ ഉള്ളില്‍ നിന്ന് പൊള്ളയാക്കുകയും ചെയ്തു.
രാഷ്ട്രീയ കുടുംബങ്ങള്‍ അവരുടെ മക്കളെ ഉയര്‍ത്തിക്കാട്ടി. പുതിയ നേതൃത്വത്തെ വളരാന്‍ അനുവദിച്ചില്ലെന്നും മോദി തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. ഈ മാസം 18നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രചാരണ റാലിയാണിത്.
42 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ദോഡ മേഖലയിൽ എത്തുന്നത്. വൻ സുരക്ഷാ വലയത്തിലായിരുന്നു തെരഞ്ഞെടുപ്പ് റാലി.