കോട്ടയം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.
ഫ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് കളക്ടർ അവധി നൽകിയിരിക്കുന്നത്. ഇടുക്കിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിലൂടെയുള്ള യാത്ര പൂർണമായും നിരോധിച്ചു.
അടുത്ത 48 മണിക്കൂർ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർഗോട് ജില്ലകളിലും വ്യാഴാഴ്ച വയനാട്, കണ്ണൂർ ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ (നിർദേശം പുറപ്പെടുവിച്ച സമയം രാവിലെ ആറ്) ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.