ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ സംസ്കാരം വൻ ജനാവലിയെ സാക്ഷിയാക്കി ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്നു. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, തെലങ്കാന ഗവർണർ തമിഴിസൈ സുന്ദർരാജ, കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി നിർമല സീതാരാമൻ, സിനിമ ലോകത്തുനിന്ന് കമൽഹാസൻ, രജനീകാന്ത് തുടങ്ങിയ പ്രമുഖർ സംസ്കാരത്തിൽ പങ്കെടുത്തു. സിനിമ രാഷ്ട്രീയ മേഖലകളിലെ പ്രമുഖർക്ക് മാത്രമായിരുന്നു ചടങ്ങിൽ പ്രവേശനം.
ചെന്നൈ നഗരത്തിലൂടെ കടന്നുപോയ വിലാപയാത്രയിൽ പ്രിയ താരത്തിന് അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങളാണെത്തിയത്. സംസ്കാര ചടങ്ങുകൾക്ക് കനത്ത പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലിരിക്കെ കോവിഡും പിന്നാലെ ന്യുമോണിയയും പിടിപെട്ടതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്. വ്യാഴാഴ്ച പുലർച്ചെയോടെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം.