ചൈന-താലിബാന്‍ "ഭായി ഭായി'; ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് പിന്തുണ നല്‍കുമെന്ന് അഫ്ഗാന്‍ വ്യവസായ മന്ത്രി
Friday, October 20, 2023 5:45 PM IST
വെബ് ഡെസ്ക്
ബെയ്ജിംഗ്: ചൈനയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള നീക്കവുമായി അഫ്ഗാന്‍ ഭരണകൂടം. ബെല്‍റ്റ് ആന്‍ഡ് റോഡ് എന്ന ചൈനയുടെ സ്വപ്‌ന പദ്ധതിക്ക് താലിബാന്‍ പൂര്‍ണമായ സഹകരണം വാഗ്ദാനം ചെയ്യുന്നുവെന്ന് അഫ്ഗാന്‍ വ്യവസായ മന്ത്രി ഹാജി നൂറുദ്ദീന്‍ അസീസി അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മറ്റ് രാജ്യങ്ങള്‍ താലിബാനെ അംഗീകരിക്കാത്ത സാഹചര്യം നിലനിന്നിട്ടും പൂര്‍ണ പിന്തുണ നല്‍കാനാണ് ചൈനയുടെ നീക്കം. സെപ്റ്റംബറില്‍ കാബൂളിലേക്ക് ചൈന അംബാസിഡറെ അയച്ചിരുന്നു.

ഇപ്പോള്‍ നിലനില്‍ക്കുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി, ബെല്‍റ്റ് റോഡ് പദ്ധതി എന്നിവയില്‍ അഫ്ഗാനെ ഭാഗമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹാജി നൂറുദ്ദീന്‍ അസീസി വ്യക്തമാക്കി.

റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനില്‍ ചൈന വലിയ രീതിയിലുള്ള നിക്ഷേപം നടത്തിയിട്ടുണ്ട്. ചൈനയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിദഗ്ധ സംഘത്തെ ചൈനയിലേക്ക് അയച്ചുവെന്നും മന്ത്രി പറഞ്ഞു.

ചൈനയില്‍ നിന്നുള്ള നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ മന്ത്രി കോപ്പര്‍, ലിഥിയം, അയണ്‍ എന്നീ അസംസ്‌കൃത വസ്തുക്കള്‍ ചൈനയ്ക്ക് ലഭ്യമാക്കുമെന്നും അറിയിച്ചു.

അഫ്ഗാനിസ്ഥാനടക്കം 34 രാജ്യങ്ങള്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തില്‍ ഡിജിറ്റല്‍ എക്കോണമി, ഗ്രീന്‍ ഡെവലപ്‌മെന്‍റ് പദ്ധതികളില്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതിനായി താലിബാന്‍ ചൈനയുടെ സഹായം തേടിയിരുന്നു. സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും നിരീക്ഷിക്കാവുന്ന വിധത്തിലുളള 62,000 കാമറകള്‍ സജ്ജീകരിക്കാനുള്ള ശ്രമത്തിലാണ് അഫ്ഗാന്‍ ഭരണകൂടം. ഐഎസിനെ അടിച്ചമര്‍ത്തുക എന്ന നയമാണ് താലിബാനുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക