തിരുവനന്തപുരം: തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്സ് ജീവനക്കാരന് മരിച്ചു. ചാക്ക യൂണിറ്റിലെ ഫയര്മാന് ജെ.എസ്. രഞ്ജിത്താണ് മരിച്ചത്.
തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടം ശരീരത്തിലേക്ക് വീണാണ് മരണം സംഭവിച്ചത്. ആറു വര്‍ഷം മുന്‍പാണ് രഞ്ജിത്ത് ഫയര്‍ഫോഴ്സില്‍ ചേര്‍ന്നത്.
കിൻഫ്ര പാർക്കിലെ മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലര്‍ച്ചെ 1.30ഓടെ ഗോഡൗണ്‍ വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഏകദേശം 1.22 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സൂചന.