തൃശൂര്‍: അന്തരിച്ച സിനിമാ താരവും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന്. രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ രാവിലെ എട്ട് മുതല്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരം അവസാനമായി ഒരു നോക്കു കാണാന്‍ സഹപ്രവര്‍ത്തകര്‍ക്ക് പുറമേ രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ നിന്നുള്ള ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
മൂന്നര മണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തിനൊടുവില്‍ 11.30ന്, പ്രത്യേകം തയാറാക്കിയ ലോ ഫ്ളോര്‍ ബസില്‍ ജന്മനാട്ടിലേക്ക് ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു.
മകന് സോണറ്റും യാത്രയെ അനുഗമിച്ചു. യാത്ര കടന്നു പോയ വഴികളിലെല്ലാം പ്രിയ താരത്തെ അവസാനമായി കാണാൻ ആളുകള്‍ തടിച്ചുകൂടിയിരുന്നു.
ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാള്‍, അങ്കമാലി നഗരസഭ ഓഫീസ് പരിസരം എന്നിവിടങ്ങളിലും പൊതുദര്ശനമു ണ്ടായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് 2.20നാണ് ഇന്നസെന്റിന്റെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഇരിങ്ങാലക്കുട ടൗണ്‍ ഹാളിൽ പ്രവേശിച്ചത്. മണിക്കൂറുകൾക്കു മുന്‍പേ ഇവിടെ ആയിരങ്ങൾ കാത്തുനിന്നിരുന്നു.
മന്ത്രിമാരായ ആർ. ബിന്ദു, കെ. രാധാകൃഷ്ണൻ, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സണ്‍ സോണിയ ഗിരി, സനീഷ് സി. ജോസഫ് എംഎൽഎ എന്നിവരും എത്തി. മുൻ നഗരസഭ കൗണ്‍സിലറും മുൻ എംപിയുമായ ഇന്നസെന്റിന്റെ മൃതദേഹത്തിൽ ജില്ലാ ഭരണകൂടത്തിനുവേണ്ടി ജില്ലാ കളക്ടർ കൃഷ്ണ തേജ റീത്ത് സമർപ്പിച്ചു. മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കാനെത്തി. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു.
അഞ്ചേകാലോടെ ടൗണ്‍ഹാളിൽ പൊതുദർശനം അവസാനിപ്പിച്ച് സ്വന്തം വീടായ പാർപ്പിടത്തിലേക്കു കൊണ്ടുപോയി. ഇന്നു രാവിലെ 9.30ന് വീട്ടിൽ സംസ്കാര ശൂശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കാരം നടത്തും.