ഹൃദയവിശുദ്ധിയുടെ മഹാഗാഥ
Wednesday, September 17, 2025 12:00 AM IST
അതിവേഗം കുതിക്കുന്ന ശാസ്ത്രത്തിന്റെ നേട്ടം സാന്പത്തികമായി ഏറ്റവും പിന്നാക്കം
നിൽക്കുന്നവരിൽപോലും എത്തിക്കേണ്ട ബാധ്യത ഭരണകൂടങ്ങൾക്കും അതിന്റെ അനുബന്ധ
സ്ഥാപനങ്ങൾക്കുമാണ്. ആ കടമ ആർജവത്തോടെയും ധീരമായും നിർവഹിക്കാനായാലേ ആരോഗ്യമേഖലയിൽ കേരളത്തിന്റെ മികവ് ഉയർന്ന തലത്തിൽ നിലനിർത്താനാകൂ.
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ 1967 ഡിസംബർ മൂന്നിന് ലൂയി വാഷ്കാൻസ്കി എന്ന അന്പത്തിമൂന്നുകാരന്റെ ശൂന്യമായ പെരികാർഡിയം കണ്ടപ്പോൾ ഡോ. ക്രിസ്റ്റ്യൻ ബർണാഡ് അനുഭവിച്ച വികാരം എന്തായിരിക്കും? ചന്ദ്രനിൽ കാലുകുത്തുന്നതിനു തൊട്ടുമുന്പ് നീൽ ആംസ്ട്രോംഗ് അനുഭവിച്ചതുതന്നെ എന്നു നമുക്കൂഹിക്കാം.
മനുഷ്യരാശിയുടെ ചരിത്രത്തിലെ രണ്ട് അമൂല്യ വിജയങ്ങളിലേക്കുള്ള വഴിത്താരയിൽ ജ്വലിച്ചുനിന്ന മുഹൂർത്തങ്ങളാണവ. ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ നടന്നത്. വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ഇരുപത്തഞ്ചുകാരിയായ ഡെനിസ് ഡാർവിലിന്റെ ഹൃദയമാണ് പതിനെട്ടു ദിവസം വാഷ്കാൻസ്കിക്കുള്ളിൽ തുടിച്ചത്.
അന്പത്തെട്ടു വർഷങ്ങൾക്കിപ്പുറം മെഡിക്കൽ സയൻസ് അസാധ്യമെന്നു കരുതിയിരുന്ന പലതും സാധ്യമാക്കി മുന്നേറുന്പോൾ വൈദ്യശാസ്ത്ര ഗവേഷകരെയും ഡോക്ടർമാരെയും ആതുരശുശ്രൂഷാരംഗത്തു പ്രവർത്തിക്കുന്ന മറ്റെല്ലാവരെയും ഹൃദയപൂർവം അഭിനന്ദിക്കാം.അവയവദാനരംഗത്ത് കൊച്ചുകേരളം കൈവരിച്ച നേട്ടത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കഴിഞ്ഞ ദിവസം എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയകൾ.
മുപ്പത്താറു മണിക്കൂറിനിടയിലാണു രണ്ടു ശസ്ത്രക്രിയകളും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കിയത്. അങ്കമാലി സ്വദേശി അജിൻ ഏലിയാസ് (28), കൊല്ലം അഞ്ചൽ സ്വദേശി ആവണി കൃഷ്ണ (13) എന്നിവരാണ് പുതുജീവനിലേക്കു ചുവടുവച്ചത്. വ്യത്യസ്ത അപകടങ്ങളിലായി മസ്തിഷ്കമരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി ഐസക് ജോർജ് (33), അങ്കമാലി സ്വദേശി ബിൽജിത് (18) എന്നിവരുടെ ഹൃദയങ്ങളാണ് മാറ്റിവച്ചത്.
മണിക്കൂറുകൾക്കിടയിൽ രണ്ടു ശസ്ത്രക്രിയകൾ നടത്താനായത് അവയവമാറ്റ രംഗത്തെ വലിയ നേട്ടമാണെന്നും ഡോ. ജോസ് ചാക്കോ വിശദീകരിച്ചു. ലിസി ആശുപത്രി ഡയറക്ടർ റവ. ഡോ. പോൾ കരേടനും മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് ഡോ. പെരിയപ്പുറത്തെയും അദ്ദേഹത്തിന്റെ ടീമിലെ മറ്റു ഡോക്ടർമാരെയും ആദരിച്ചപ്പോൾ അതു കേരളത്തിന്റെ മുഴുവൻ ആദരമായി മാറി.
1967 ഡിസംബർ മൂന്നിനുശേഷം ലോകത്താകമാനം ഹൃദയശസ്ത്രക്രിയയുടെ വിജയശതമാനം ഗണ്യമായി വർധിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം ഒരു വർഷം ജീവിച്ചിരിക്കുന്നവരുടെ നിരക്ക് 90 ശതമാനത്തിനു മുകളിലാണ്. അഞ്ചു വർഷത്തിനുമേലുള്ള അതിജീവന നിരക്ക് 70-80 ശതമാനത്തിൽ കൂടുതലും. മാറ്റിവച്ച ഹൃദയത്തെ ശരീരം സ്വീകരിക്കുന്നതിന് ആവശ്യമായ മരുന്നുകളുടെ കാര്യത്തിൽ (Immunosuppressants) വലിയ പുരോഗതിയുണ്ടായി. അതോടെ ശരീരം ഹൃദയം തിരസ്കരിക്കാനുള്ള സാധ്യത വളരെ കുറഞ്ഞു.
അതുപോലെതന്നെ കൃത്രിമ ഹൃദയങ്ങളുടെയും വെൻട്രിക്കുലർ അസിസ്റ്റ് ഡിവൈസുകളുടെയും ഉപയോഗം വ്യാപകമായി. ഹൃദയം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്ന രോഗികളുടെ ജീവൻ നിലനിർത്താൻ ഇവ സഹായിക്കുന്നു. അവയവദാനം പ്രോത്സാഹിപ്പിക്കാനുള്ള നിയമങ്ങളും നടപടിക്രമങ്ങളും കാര്യക്ഷമമായതോടെ കൂടുതൽ ദാതാക്കളെയും ലഭിച്ചുതുടങ്ങി.
മൃഗങ്ങളുടെ ഹൃദയം മനുഷ്യരിലേക്കു മാറ്റിവയ്ക്കാനുള്ള പരീക്ഷണങ്ങളിലാണ് വൈദ്യശാസ്ത്ര ഗവേഷകർ. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവച്ചുള്ള പരീക്ഷണങ്ങൾ ഉദാഹരണമാണ്. സർക്കാർ സംവിധാനമായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) ആണ് സംസ്ഥാനത്ത് അവയവദാന നടപടികൾ ഏകോപിപ്പിക്കുന്നത്.
ലിസി ആശുപത്രിയിലെ രണ്ടെണ്ണമുൾപ്പെടെ കേരളത്തിൽ ഈ വർഷം നടന്നത് മൂന്ന് ഹൃദയമാറ്റ ശസ്ത്രക്രിയകളാണ്. 24 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും 12 കരൾ മാറ്റിവയ്ക്കലും മൂന്ന് പാൻക്രിയാസ് ട്രാൻസ്പ്ലാന്റും നടന്നു. പലവിധ കാരണങ്ങളാൽ ഇടക്കാലത്ത് പിറകോട്ടു പോയ അവയവദാനത്തിന് പുത്തൻ ഉണർവു നൽകുന്നതാണ് ലിസി ആശുപത്രിയുടെയും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെയും വിജയഗാഥ.
അവയവദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളും ഈ രംഗത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. അടിയന്തരമായി ഹൃദയം മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദേശിച്ച രണ്ട് കുഞ്ഞുങ്ങൾ അവയവം കിട്ടാതെ മരിച്ച ഹൃദയഭേദകമായ സംഭവമുണ്ടായത് കഴിഞ്ഞ രണ്ടുമാസത്തിനുള്ളിലാണ്. അവയവക്കച്ചവടം നടക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ വന്നത് മസ്തിഷ്കമരണം സംഭവിച്ചവരുടെ ബന്ധുക്കളെ ആശങ്കാകുലരാക്കി.
അതോടെ, അവയവദാനത്തിനുള്ള സമ്മതപത്രം കിട്ടാതായി. കൂടാതെ, നിയമപരമായ നൂലാമാലകളും സങ്കീർണമായി. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന ഡോക്ടർമാർക്കെതിരേ ഉണ്ടാകാനിടയുള്ള നിയമനടപടികളെക്കുറിച്ചുള്ള ഭയവും ഈ രംഗത്തെ പിറകോട്ടടിച്ചു. കെ-സോട്ടോയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭരണപരമായ പിന്തുണയും ഏകോപനവും പലപ്പോഴും ലഭ്യമാകാറില്ലെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ അംഗീകാരമുള്ള ആശുപത്രികളുടെ എണ്ണം പരിമിതമാണെന്നതും വെല്ലുവിളിയാണ്. ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയപ്പോൾ ഡോ. ക്രിസ്റ്റ്യൻ ബർണാഡ്, വൈകാരികവും ധാർമികവുമായ സമ്മർദം ഏറെ അനുഭവിച്ചിരുന്നു. മസ്തിഷ്കമരണം സംഭവിച്ച ഒരു വ്യക്തിയുടെ ജീവൻ തുടിക്കുന്ന ഹൃദയം എടുക്കുന്പോൾ, താൻ ഒരു ജീവൻ നശിപ്പിക്കുകയാണോ അതോ മറ്റൊരു ജീവൻ രക്ഷിക്കുകയാണോ എന്ന ധാർമികസംഘർഷം അലട്ടിയ കാര്യം ആത്മകഥയായ വൺ ലൈഫിൽ (One Life) അദ്ദേഹം വിവരിക്കുന്നുണ്ട്.
ഒരു ശസ്ത്രക്രിയ കേവലം സാങ്കേതികവിദ്യയുടെ മാത്രം വിജയമല്ല, മനുഷ്യന്റെ വേദനയുടെയും പ്രതീക്ഷയുടെയുംകൂടി ഗാഥയാണെന്ന് ആത്മകഥയിലൂടെ അദ്ദേഹം ഓർമിപ്പിക്കുന്നു. അതിവേഗം കുതിക്കുന്ന ശാസ്ത്രത്തിന്റെ നേട്ടം, സാന്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്നവരിൽപോലും എത്തിക്കേണ്ട ബാധ്യത ഭരണകൂടങ്ങൾക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കുമാണ്.
ആ കടമ ആർജവത്തോടെയും ധീരമായും നിർവഹിക്കാനായാലേ ആരോഗ്യമേഖലയിൽ കേരളത്തിന്റെ മികവ് ഉയർന്നതലത്തിൽ നിലനിർത്താനാകൂ. അതിനു പ്രചോദനമാകട്ടെ ലിസി ആശുപത്രിയുടെയും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെയും മറ്റു ഡോക്ടർമാരുടെയും നേട്ടം.