ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടണ്ട
Monday, September 15, 2025 12:00 AM IST
ക്രൈസ്തവർക്കെതിരേ സംഘപരിവാർ നേതാവ്,ആർഎസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയ മതപരിവർത്തനാരോപണ ലേഖനത്തിനൊടുവിൽ തനിനിറം പുറത്തെടുക്കുന്നുണ്ട്: “വേണ്ടിവന്നാൽ ഭരണഘടന ഭേദഗതി ചെയ്യണം”.
ക്രൈസ്തവർ ആഗോളതലത്തിലെന്നപോലെ രാജ്യത്തിനും ഭീഷണിയാണെന്നും ജാഗ്രത പാലിക്കണമെന്നും ധ്വനിപ്പിക്കുന്ന വിഷലിപ്ത ലേഖനം സംഘപരിവാറിന്റെ പോഷക സംഘടനകളിലൊന്നിന്റെ നേതാവ് ആർഎസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയതിൽ അതിശയോക്തിയില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്നു മാറിനിന്ന് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ടുകൊടുത്ത വർഗീയ പ്രസ്ഥാനം, ദേശസ്നേഹികൾ സാമ്രാജ്യത്വത്തെ ആട്ടിപ്പായിച്ചതിനുശേഷവും അതേ പണി തുടരുകയാണ്. അടുത്തയിടെ ബിജെപി സംസ്ഥാനങ്ങൾ മൂർച്ചകൂട്ടിയ മതപരിവർത്തന നിരോധന നിയമങ്ങൾ ഭരണഘടനാവിരുദ്ധവും കോടതിയിൽ ചോദ്യം ചെയ്യേണ്ടതുമാണെന്ന പ്രതികരണങ്ങളാകാം പ്രകോപനം.
‘ആഗോളമതപരിവർത്തനത്തിന്റെ നാൾവഴികൾ’ എന്ന ലേഖനം ഇഴഞ്ഞ് അവസാന വരികളിലെത്തിയപ്പോഴാണ് വിഷദംശനം: “വേണ്ടിവന്നാൽ ഭരണഘടന ഭേദഗതി ചെയ്യണം”. അതാണു കാര്യം. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം. കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്കു കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്നു മനസിലാകാത്തവർക്കും മനസിലായില്ലെന്നു നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര-മനുസ്മൃതി സ്വപ്നങ്ങൾ തുടരാം. മറ്റുള്ളവർ സ്വാതന്ത്ര്യസമര-ദേശസ്നേഹ പൈതൃകത്തിൽ ഉരുത്തിരിഞ്ഞ ഇന്ത്യൻ ഭരണഘടനയെ കൈവിടില്ല. ഘർ വാപ്പസിക്കാരുടെ മതപരിവർത്തന നിരോധന ബില്ലുകളുടെ ഭരണഘടനാവിരുദ്ധത ചോദ്യം ചെയ്യപ്പെടണം.
ഭരണഘടനയെ നോക്കുകുത്തിയാക്കി ബിജെപി സംസ്ഥാനങ്ങൾ ചുട്ടെടുത്തുകൊണ്ടിരിക്കുന്ന നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകളെ ന്യായീകരിക്കുന്ന വ്യാജവിവരങ്ങളും നുണകളുമാണ് ലേഖനത്തിലുടനീളം. “ക്രൈസ്തവർ രഹസ്യമായി തുടര്‍ന്നുവന്നിരുന്ന മതപരിവര്‍ത്തനം മറനീക്കി പുറത്തുവന്നത് ഛത്തീസ്ഗഡ് റെയില്‍വേ പോലീസ് ജൂലൈ 25ന് രണ്ട് കന്യാസ്ത്രീകളെ മതപരിവര്‍ത്തനം, മനുഷ്യ കടത്ത് കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിലൂടെയാണ്. കന്യാസ്ത്രീകള്‍ ആയതുകൊണ്ട് അവരെ നിരുപാധികം വിട്ടയയ്ക്കണമെന്നായിരുന്നു സഭാ നേതാക്കളുടെയും ഇടത്-വലത് രാഷട്രീയ നേതാക്കളുടെയും ആവശ്യം”. കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്നവർ ക്രൈസ്തവരായിരുന്നതിനാൽ മതപരിവർത്തനമായിരുന്നില്ല ലക്ഷ്യമെന്നും മതഭ്രാന്തുപിടിച്ച ഒരു സ്ത്രീയുടെ നേതൃത്വത്തിൽ ബജ്രംഗ്ദൾ എന്ന ഹിന്ദുത്വ സംഘടന പാക്കിസ്ഥാൻ ശൈലിയിൽ നടത്തിയ ആൾക്കൂട്ടവിചാരണയാണ് യഥാർഥ പ്രശ്നമെന്നും ലേഖകൻ അറിഞ്ഞിട്ടേയില്ല!
“125ലധികം രൂപതകളിലായി പുരോഹിതന്മാരും കന്യാസ്ത്രീകളും വിദേശ പാതിരിമാരും പ്രചാരണവും പരിവര്‍ത്തനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു. 28,000ലധികം പള്ളികള്‍, 11,000 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 1,000ത്തിലേറെ കോളജുകള്‍, 10,000ത്തിലധികം ഹോസ്റ്റലുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നു.” ലേഖകൻ വിശദീകരിക്കുന്നുണ്ട്. ഈ കണക്കുകളുടെ യാഥാർഥ്യം എന്തുമാകട്ടെ, ക്രൈസ്തവർ നടത്തുന്ന ആശുപത്രികളിൽ ചികിത്സതേടിയ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച, അവിടെത്തന്നെ മക്കൾ പഠിക്കണമെന്ന് ശാഠ്യം പിടിക്കുന്ന ബിജെപി നേതാക്കളോടെങ്കിലും മതം മാറിയോയെന്ന് അന്വേഷിക്കാമായിരുന്നു. ക്രൈസ്തവഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ഹിന്ദുമതപ്രചാരണം നടത്തുന്നതും ക്ഷേത്രങ്ങൾ നിർമിക്കുന്നതുമൊക്കെ വിശകലനം ചെയ്യാമായിരുന്നു.
വിദേശഫണ്ടിനെക്കുറിച്ചോർത്തു വിഷമിക്കുന്ന ലേഖകൻ കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശഫണ്ട് എത്തുന്ന ഹൈന്ദവകേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കുന്നില്ല. ലേഖകന്റെ നുണ മുഴുവൻ ഇവിടെ പകർത്താനാകില്ലെങ്കിലും ചിലതുകൂടി സൂചിപ്പിക്കാതെ വയ്യ. “ഓരോ പ്രദേശത്തും പ്രാദേശിക ഭാഷകളെ ഇല്ലാതാക്കി അവിടെയൊക്കെ ഇംഗ്ലീഷ് ഭാഷ കൊണ്ടുവരുക എന്നത് അവരുടെ (മിഷനറിമാരുടെ) പരിപാടിയായിരുന്നു”. അടുത്ത വാക്യത്തിൽ നേരേ വിപരീതമാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.
“മതപരിവർത്തനം ത്വരിതപ്പെടുത്താനായി അതത് പ്രാദേശിക ഭാഷകളിൽ നിഘണ്ടുക്കള്‍ പ്രസിദ്ധീകരിച്ചു. അങ്ങനെയാണ് മലയാളത്തില്‍ ഗുണ്ടര്‍ട്ടിന്റെയും കന്നടയില്‍ ഫാദര്‍ കിട്ടെലിന്റെയും കൊങ്കണിയില്‍ ഫാദര്‍ സ്റ്റീഫന്‍ സണ്‍സിന്റെയും സംസ്കൃതത്തില്‍ ഫാദര്‍ മോനിയര്‍ വില്യംസിന്റെയും മറ്റും നിഘണ്ടുകള്‍ പുറത്തുവരുന്നത്”. ഈ ചരിത്ര അപനിർമിതി സംഘപ്രസിദ്ധീകരണങ്ങളിലല്ലാതെ സാധ്യമാകുമോ?
പിന്നെ ഉറക്കച്ചടവിലെന്നപോലെ ചില ആരോപണങ്ങളുമുണ്ട്. “നരേന്ദ്ര മോദിജിയുടെ ഭരണത്തിന്റെ തുടര്‍ച്ച സംഭവിക്കാതിരിക്കാന്‍ ആഗോള മതനേതൃത്വം അവിശുദ്ധസഖ്യത്തിന് നേതൃത്വം കൊടുത്തു. ഭാരതത്തെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് സംഘപരിവാറും കേന്ദ്ര നേതൃത്വവും തടസമാണെന്ന് അറിയാവുന്നതുകൊണ്ട് അന്താരാഷ്ട്ര ഗൂഢാലോചനയാണ് നടന്നത്... ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും ഇവര്‍ക്കായി വിടുപണി ചെയ്യുന്നു. ഇതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം”. തുടർഭരണം ഉറപ്പാക്കാൻ വോട്ട് മോഷണം നടത്തിയെന്ന ആരോപണത്തിൽനിന്നു തെരഞ്ഞെടുപ്പു കമ്മീഷൻ ഓടിയൊളിക്കവേയാണ് അന്താരാഷ്ട്ര ഗൂഢാലോചന!
ലേഖകന്റെ വർഗീയധ്രുവീകരണശ്രമവും കാണാതിരിക്കരുത്. “നിയമവിരുദ്ധ പ്രവൃത്തികളില്‍ നിയമനടപടി ഉണ്ടായാല്‍ ന്യൂനപക്ഷ പീഡനമാണ്, നിയമനിഷേധമാണ് എന്ന് പ്രസ്താവിച്ച് തെരുവിലിറങ്ങി ഭൂരിപക്ഷസമൂഹത്തെ വെല്ലുവിളിക്കുകയാണ്”. ഹിന്ദുത്വ നേരിടുന്ന വെല്ലുവിളിയെല്ലാം ഭൂരിപക്ഷ സമൂഹത്തിന്റേതുകൂടിയാണെന്നു സ്ഥാപിക്കാനുള്ള ദയനീയ ശ്രമം! അബദ്ധജടിലവും വിദ്വേഷകലുഷിതവുമായ ഈ പ്രചാരണങ്ങളുടെ മുൻപിൽ നിശബ്ദത പാലിക്കണമോ എന്ന് ക്രൈസ്തവ നേതൃത്വം ആത്മ പരിശോധന നടത്തേണ്ട സമയമായി.
കേരളത്തിൽ മാത്രം ക്രൈസ്തവരെ തുല്യപൗരന്മാരായി കാണുന്ന ബിജെപി ഇതിനൊക്കെ മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ. വിജയിച്ചാലും ഇല്ലെങ്കിലും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ബിജെപി സംസ്ഥാനങ്ങൾ പാസാക്കുന്ന മതപരിവർത്തന നിരോധനനിയമങ്ങളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. രാജസ്ഥാനിൽ ദിവസങ്ങൾക്കുമുന്പു പാസാക്കിയ ബില്ലിൽ ജീവപര്യന്തം തടവ്, ഒരു കോടി രൂപ വരെ പിഴ, സ്വത്ത് കണ്ടുകെട്ടൽ എന്നിവയൊക്കെയുണ്ട്. അതേസമയം, ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യിക്കുന്നവർക്കു ശിക്ഷയില്ല!
തീർന്നില്ല, ഈ നിയമത്തിനോ അതുപ്രകാരം സ്ഥാപിച്ച ഏതെങ്കിലും ചട്ടത്തിനോ ഉത്തരവിനോ അനുസൃതമായി, ‘സദുദ്ദേശ്യ’ത്തോടെ സ്വീകരിച്ച നടപടികളുടെ പേരിൽ ഏതെങ്കിലും അധികാരിക്കോ ഉദ്യോഗസ്ഥനോ പരാതിക്കാരനോ എതിരേ ഒരു നിയമ നടപടിയുമില്ല. ഉത്തരാഖണ്ഡിൽ, സ്വന്തം മതത്തെ മഹത്വവത്കരിക്കുന്നതുപോലും പ്രലോഭനങ്ങളായി കണക്കാക്കും. ഇ-മെയിലോ സമൂഹമാധ്യമങ്ങളോ വഴിയുള്ള സന്ദേശങ്ങള്‍പോലും കുടുക്കാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യൻ ഭരണഘടനയോടുള്ള ഈ വെല്ലുവിളി കണ്ടില്ലന്നു നടിക്കാനാവില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാരിതര ഭൂവുടമസ്ഥർ കത്തോലിക്കാസഭയാണെന്ന് ആർഎസ്എസ് എഴുതിയത് ആറു മാസം മുന്‍പായിരുന്നു. നൂറാം പിറന്നാളിലും ആർഎസ്എസിന് അതിന്റെ വിചാരധാരകളെ ഒളിപ്പിക്കാനാവില്ല. പക്ഷേ, ബ്രിട്ടീഷുകാരെയും ഹിന്ദുത്വയെയും ഒരുപോലെ എതിർത്ത് സ്വാതന്ത്ര്യം നേടിത്തന്ന ദേശീയനേതാക്കളുടെ പിന്മുറക്കാർക്ക്, ഭിന്നിപ്പിക്കൽ തന്ത്രങ്ങൾക്കു മുന്നിൽ അടിയറവ് പറയാനാകില്ല. രാജ്യത്തെ മതരാഷ്ട്രമാക്കാനാഗ്രഹിക്കുന്നവർക്കു മാത്രം സംപൂജ്യവും മറ്റുള്ളവർക്കു ജാത്യാധിഷ്ഠിത നീചനിയമങ്ങളുടെയും സ്ത്രീവിരുദ്ധതയുടെയുമൊക്കെ കറുത്ത പുസ്തകവുമായ മനുസ്മൃതിയല്ല, അതു കത്തിച്ചവരുടെ മുൻകൈയിൽ രൂപം കൊണ്ട ഇന്ത്യൻ ഭരണഘടനയാണ് ജീവശ്വാസം. മതപരിവർത്തന നിരോധന നിയമങ്ങൾ ചോദ്യം ചെയ്യപ്പെടണം.