നിരപരാധികളുടെ കണ്ണീരിന് അപരാധികൾ പിഴയിടണം
Friday, August 1, 2025 12:00 AM IST
കള്ളക്കേസുകളിൽ കുടുക്കപ്പെട്ടവർ നിരപരാധികളെന്നു കണ്ടെത്തപ്പെടുന്നത് ആശ്വാസകരമാണ്. പക്ഷേ, അതിനു പിന്നിലെ അപരാധികൾ രക്ഷപ്പെടരുത്. ഏതു പോലീസായാലും ഇരകൾക്കുള്ള നഷ്ടപരിഹാരം കൊടുപ്പിച്ചിട്ടേ ശന്പളം കൊടുക്കാവൂ.
ജോസഫിന് 75 വയസായിരുന്നു. പക്ഷേ, കൊച്ചുമകളെപ്പോലെ കരുതിയ പെൺകുട്ടിയുടെ കള്ളമൊഴിയിൽ പീഡകനായി ചിത്രീകരിക്കപ്പെട്ട അദ്ദേഹം ജയിലിൽ കിടന്നത് ഒന്‍പതു മാസം. കോട്ടയം മധുരവേലിയിലെ ജോമോൻ സ്ത്രീപീഡന കള്ളക്കേസിൽ ജയിലിലും പുറത്തുമായി അപരാധിയായി മുദ്രയടിക്കപ്പെട്ടത് എട്ടോളം വർഷം. ഇടുക്കിയിൽ കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ട ആദിവാസി വനിത സീതയുടെ ഘാതകനെന്ന സംശയനിഴലിൽ ഭർത്താവ് ബിനുവിനു കഴിയേണ്ടിവന്നത് ഒന്നര മാസത്തോളം.
പുനരന്വേഷണത്തിൽ യഥാർഥ പ്രതികൾ കുടുങ്ങിയേക്കും. പക്ഷേ, ഇതിന്റെയൊക്കെ കാരണക്കാരായ ഉദ്യോഗസ്ഥരോ? ശിക്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല സർക്കാർ ശന്പളം കൈപ്പറ്റി സ്വസ്ഥം ഗൃഹഭരണം! കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞ നിരപരാധികൾക്കു നഷ്ടപരിഹാരം നൽകാൻ സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. മേൽപ്പറഞ്ഞ നിരപരാധികൾക്കും നഷ്ടപരിഹാര നൽകണം. ഖജനാവിൽനിന്നല്ല, കള്ളക്കേസുകൾക്കു കളമൊരുക്കിയ ഉദ്യോഗസ്ഥരിൽനിന്ന്.
2022 ഓഗസ്റ്റിലാണ് സെക്യൂരിറ്റി ജീവനക്കാരനായി താൻ കാവൽനിന്ന സ്കൂളിലെ പെൺകുട്ടി, തന്നെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന് ആലപ്പുഴക്കാരൻ എം.ജെ. ജോസഫിനെതിരേ ആരോപണമുന്നയിച്ചത്. അയാൾ നടുങ്ങിപ്പോയി. അച്ഛൻ ഉപേക്ഷിച്ചുപോയതിനാൽ തനിച്ചുജീവിക്കേണ്ടിവന്ന അയൽക്കാരായ പെൺകുട്ടിയെയും അമ്മയെയും കഴിവുള്ളവിധത്തിലെല്ലാം സഹായിച്ചിരുന്നയാളാണ് ജോസഫ്. കുട്ടി ആദ്യം കൂട്ടുകാരോടു പറഞ്ഞു.
വിവരമറിഞ്ഞ സ്കൂൾ അധികൃതർ പോലീസിലറിയിച്ചു. തൊട്ടുപിന്നാലെ ജോസഫ് അറസ്റ്റിലായി. പോക്സോ കേസായതിനാൽ ജാമ്യംപോലും ലഭിക്കാതെ റിമാൻഡിൽ കഴിയവേയാണ് വിചാരണ തുടങ്ങിയത്. പക്ഷേ, വിസ്താരത്തിനിടെ കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് സത്യം തുറന്നുപറഞ്ഞു. കാമുകനുമായുള്ള ബന്ധം മനസിലാക്കിയ ജോസഫ് തന്നെ ഉപദേശിച്ചതിന്റെ വിരോധത്തിലും കാമുകനെ രക്ഷിക്കാനുമാണ് തെറ്റായ മൊഴി നൽകിയതെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു.
കേസ് തുടരന്വേഷണം നടത്തുകയും വിവാഹിതനായ കാമുകൻ അറസ്റ്റിലാകുകയും ചെയ്തു. പക്ഷേ, പോക്സോ കേസ് അവസാനിപ്പിക്കാതിരിക്കാൻ പോലീസ് അഡീഷണൽ കുറ്റപത്രം സമർപ്പിച്ചു. പക്ഷേ, പെൺകുട്ടി മൊഴിയിൽ ഉറച്ചുനിൽക്കുകയും ജോസഫ് കുറ്റക്കാരനല്ലെന്നു കോടതി വിധിക്കുകയും ചെയ്തു. കൊച്ചുമകളുടെ പ്രായം മാത്രമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കുറ്റം ചാർത്തപ്പട്ടതു നിസാര കാര്യമാണോ? ആ പെൺകുട്ടി തിരുത്തിപ്പറഞ്ഞിട്ടും വീണ്ടും കുടുക്കാൻ ശ്രമിച്ച പോലീസിനെതിരേ അന്വേഷണം വേണ്ടേ?
കഴിഞ്ഞ മാർച്ചിലാണ് പീഡനക്കേസിൽപ്പെട്ട കോട്ടയം മധുരവേലി സി.ഡി. ജോമോൻ നിരപരാധിയാണെന്ന് പരാതിക്കാരിതന്നെ വെളിപ്പെടുത്തിയത്. കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ജോമൻ ട്രെയിനിലും സ്ഥാപനത്തിലുംവച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസിലും വിവാഹിതനായ കാമുകൻ കുടുക്കിയതാണ്. പീഡനക്കേസിൽ പെട്ടതോടെ ജോമോന്റെ തൊഴിലും സമൂഹജീവിതവുമെല്ലാം താറുമാറായി.
ഒടുവിൽ ധ്യാനത്തിനിടെ പെൺകുട്ടിയും ഭർത്താവും മക്കളുമൊത്തുവന്ന് ജോമോനോടും ഭാര്യയോടും മാപ്പു പറയുകയും ചെയ്തു. പക്ഷേ, ഇതിലും ചരടുവലിച്ച ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടേണ്ടതല്ലേ? കുറഞ്ഞപക്ഷം, അയാളുടെ സാന്പത്തിക നഷ്ടമെങ്കിലും പരിഹരിക്കേണ്ടതല്ലേ? ഭാര്യയെ കാട്ടിലിട്ടു ചവിട്ടിക്കൊന്നെന്ന കുറ്റവാളി പരിവേഷവുമായി ഇടുക്കി, പീരുമേട്ടിലെ ബിനു എന്ന ആദിവാസി യുവാവ് ഒന്നര മാസത്തോളമാണ് പൊതുസമൂഹത്തിനു മുന്നിൽ നിന്നത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഭാര്യ സീതയ്ക്കും മക്കൾക്കുമൊപ്പം പോയതാണ് ബിനു.
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഭാര്യയെ തോളിലേറ്റി അയാൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതൊരു കൊലപാതകമാണെന്ന് ഫോറന്‍സിക് സര്ജന് സൂചന നല്‍കിയതാണ് സംശയങ്ങള്‍ക്ക് കാരണമായത്. വന്യജീവി ആക്രമണം തടയുന്നതിൽ ലോക പരാജയമായി മാറിയ വനംവകുപ്പും മന്ത്രിയും അതേറ്റു പിടിച്ചു. അങ്ങനെ ബിനു സംശയനിഴലിലായി.
കൂടുതൽ അന്വേഷണങ്ങൾക്കും മൃതദേഹത്തിലെ പരിക്കുകളിലെ വിശദപരിശോധനയ്ക്കുംശേഷം സീത കാട്ടാനയാക്രമത്തിൽ കൊല്ലപ്പെട്ടതാണെന്നു പോലീസ് സ്ഥിരീകരിച്ചു. പക്ഷേ, ഇതിലുമില്ലേ ഇരുട്ടത്തു നിൽക്കുന്ന കുറെ ഉദ്യോഗസ്ഥർ. അവരെക്കൊണ്ടു നഷ്ടപരിഹാരം കൊടുപ്പിച്ചാൽ ഇനിയെങ്കിലും നിരപരാധികളെ ദ്രോഹിക്കാതിരിക്കില്ലേ?1994ൽ ബിജെപിക്കാരൻ കൊല്ലപ്പെട്ട കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ആറു മാസം ജയിലിൽ കിടക്കേണ്ടിവന്ന ഹരിദാസ്, സിപിഎമ്മുകാരായ ബിജി, റഫീഖ്, ബാബു രാജ് എന്നിവർക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
പോലീസിന്റെ പീഡനങ്ങൾക്കിരയായിരുന്ന മറ്റൊരു കുറ്റാരോപിതൻ ഹരിദാസ് പിന്നീട് മരിച്ചു. അവർക്കു നഷ്ടപരിഹാരം ഉടനെ നൽകട്ടെ. പക്ഷേ, ഖജനാവിൽനിന്നല്ല, കള്ളക്കേസിന്റെ സംവിധായകരിൽനിന്ന്. അല്ലെങ്കിൽ ഇത് ആവർത്തിക്കും. സർക്കാർ സംവിധാനത്തിലെ ക്രിമിനലുകളുടെ കുറ്റകൃത്യങ്ങൾക്കു പിഴയിടേണ്ടതു ജനമല്ല, കുറ്റക്കാരാണ്.
ഇത്തരം കുറ്റവാളികളെ തീറ്റിപ്പോറ്റാനല്ല, ജനം കരമൊടുക്കുന്നത്. ഏതു പോലീസായാലും ഇരകൾക്കുള്ള നഷ്ടപരിഹാരം കൊടുപ്പിച്ചിട്ടേ ശന്പളം കൊടുക്കാവൂ. അല്ലെങ്കിൽ അഴുകിത്തുടങ്ങിയ ഈ സിസ്റ്റത്തിൽ ഇനിയുള്ള പുലരികളിലും വിഷക്കൂണുകൾ മുളയ്ക്കും.