മാലേഗാവിലെ നിലച്ച ഘടികാരം
Saturday, August 2, 2025 12:00 AM IST
മാലേഗാവ് കേൾക്കാൻ രസമുള്ളൊരു കഥയല്ല; ചോര മണക്കുന്നതുകൊണ്ടാണ്. എങ്കിലും സ്ഫോടനക്കേസ് പ്രതികളെയെല്ലാം വെറുതേവിട്ട വിധിയുടെ പശ്ചാത്തലത്തിൽ പറയാതെ വയ്യ.
മാലേഗാവിലെ ഭിക്കു ചൗക്കിലുള്ള ജലീൽ അഹ്മദിന്റെ കടയിൽ ചായ കുടിക്കാനെത്തുന്നവർക്ക് ഭിത്തിയിൽ രണ്ട് ഘടികാരങ്ങൾ കാണാം. ഒന്ന് കൃത്യസമയമാണ്. അതിനു മുകളിലിരിക്കുന്ന മറ്റൊന്നിൽ എപ്പോൾ നോക്കിയാലും സമയം 9.35. ചിലരൊക്കെ ചോദിക്കാറുണ്ട്; ജലീൽ ഭായ്, ഇതെന്താ ഇങ്ങനെ? അദ്ദേഹത്തിന്റെ മറുപടി, കേൾക്കാൻ രസമുള്ളൊരു കഥയല്ല.
പക്ഷേ, ചോര മണക്കുന്ന മറുപടി പറഞ്ഞുതീരുവോളം കേൾവിക്കാരൻ മുകളിലെ ഘടികാരത്തിലേക്കു നോക്കിയിരിക്കും; കൈയിലെ ചായയുടെ ചൂടു മറന്ന്. 2008 സെപ്റ്റംബർ 29ന് രാത്രി 9.35ന് നിരപരാധികളായ മനുഷ്യരെ ചിതറിച്ചുകളഞ്ഞ മാലേഗാവ് സ്ഫോടനത്തിൽ ഹൃദയം സ്തംഭിച്ച ക്ലോക്കാണത്. ജലീൽ പ്രിയപ്പെട്ടൊരു മൃതദേഹത്തെയെന്നപോലെ ഇന്നുമതിനെ തൂത്തുതുടച്ച് സൂക്ഷിക്കുകയാണ്.
പക്ഷേ, വ്യാഴാഴ്ച മുംബൈ എൻഐഎ പ്രത്യേക കോടതി പ്രതികളെയെല്ലാം വെറുതേ വിട്ടപ്പോൾ ആ ഘടികാരത്തിലെ ഒടിഞ്ഞ സൂചി ഒന്നു പിടഞ്ഞോയെന്ന് ആരുമൊട്ടു ശ്രദ്ധിച്ചുമില്ല. അങ്ങനെ ജലീലിന്റെ ക്ലോക്ക് പോലെ, ആറു പേരുടെ മരണത്തിനും 101 പേരുടെ പരിക്കിനും ഇടയാക്കിയ കുപ്രസിദ്ധമായ മാലേഗാവ് സ്ഫോടനക്കേസും 17 വർഷത്തെ ഓട്ടത്തിനൊടുവിൽ നിലച്ചിരിക്കുന്നു.
ഗാന്ധി ഘാതകൻ ഗോഡ്സെയെ ദേശസ്നേഹിയെന്നു ചിത്രീകരിച്ച, ഹിന്ദുത്വയുടെ മുഖമായി അറിയപ്പെടുന്ന സന്യാസിനി വേഷധാരിയായ പ്രജ്ഞാ സിംഗ് ഠാക്കൂർ ഉൾപ്പെടെ ഏഴു പ്രതികളെയാണ് കോടതി വെറുതേ വിട്ടത്. പക്ഷേ, വിധിയോടൊപ്പം മുംബൈയിലെ എൻഐഎ പ്രത്യേക കോടതി ജഡ്ജി എ.കെ. ലഹോട്ടി ഇതുകൂടി പറഞ്ഞു: “കേസന്വേഷണത്തിൽ എൻഐഎയ്ക്കു പാളിച്ചയുണ്ടായി. തെളിവ് സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
സംശയത്തിന്റെ ആനുകൂല്യത്തിനു പ്രതികൾ അർഹരാണ്. ശിക്ഷിക്കാൻ മതിയായ വിശ്വാസയോഗ്യവും ശക്തവുമായ തെളിവുകളില്ലാത്തതിനാൽ കേവലം ധാരണകളുടെ അടിസ്ഥാനത്തിൽ ആരെയും കുറ്റക്കാരെന്നു വിധിക്കാനാവില്ല.” അദ്ദേഹം പറഞ്ഞതിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം ഇതായിരുന്നു:
“ഭീകരതയ്ക്കു മതമില്ല.” ഈ രാജ്യത്തെ മറ്റൊരു പാക്കിസ്ഥാനാക്കുംവിധം ഇതര മതവിദ്വേഷത്തിലേക്കും അക്രമത്തിലേക്കും ഹിംസയിലേക്കും തള്ളിവിടുന്ന എല്ലാ മതഭ്രാന്തരെയും കരുതിയിരിക്കാനുള്ള മുന്നറിയിപ്പായി ഇതു മുഖവിലയ്ക്കെടുക്കാവുന്നതാണ്. ഭീകരതയ്ക്കു മതമില്ല.
പ്രജ്ഞാ സിംഗിനെ കൂടാതെ റിട്ട. ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേഷ് ഉപാധ്യായ്, അജയ് രാഹിര്‍കര്‍, സുധാകര്‍ ചതുര്‍വേദി, സുധാകർ ദ്വിവേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരെയാണ് വെറുതേ വിട്ടത്.
വിധി അറിഞ്ഞയുടനെ പൂനയിൽ പ്രസാദ് പുരോഹിതിന്റെ വീടിനു മുന്നിൽ ഹിന്ദുത്വ സംഘടനയായ പതിത് പവൻ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. ഇനി പുരോഹിതിനു സ്വീകരണവുമുണ്ട്. അതേസമയം, തങ്ങൾക്കു നീതി ലഭിച്ചില്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്നുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട 10 വയസുകാരി ഫർഹീന്റെ പിതാവ് ലിയാഖത് ഷേക്ക് പറഞ്ഞത്. വട പാവ് വാങ്ങാൻ അടുത്തുള്ള കടയിലേക്കു പോകവേയായിരുന്നു ഫർഹീൻ കൊല്ലപ്പെട്ടത്. ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ അവൾക്ക് 27 വയസ്.
2006ൽ 189 പേർ കൊല്ലപ്പെട്ട മുംബൈ ട്രെയിൻ സ്ഫോടനപരന്പരക്കേസിൽ ബോംബെ ഹൈക്കോടതി 12 പ്രതികളെയും വിട്ടയച്ചത് ജൂലൈ 21നായിരുന്നു. പക്ഷേ, മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീലിൽ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പക്ഷേ, മാലേഗാവിലെ ഫർഹീനു നീതി കിട്ടുമോയെന്ന് അറിയില്ല.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയിലെ ഹേമന്ദ് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേനയാണ് ആദ്യം മാലേഗാവ് കേസ് അന്വേഷിച്ചത്. രണ്ടു മാസത്തിനുശേഷം നടന്ന മുംബൈ ഭീകരാക്രമണത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടു. കേസില്‍ ഭീകരവിരുദ്ധസേന കുറ്റപത്രം നല്കി. ഹിന്ദുത്വതീവ്രവാദ സംഘടനയായ ‘അഭിനവ് ഭാരത്’ എന്ന സംഘടനയാണ് പിന്നിലെന്ന് അവർ കണ്ടെത്തി.
എന്നാല്‍, യുപിഎ സർക്കാർ കേന്ദ്രത്തിലും കോൺഗ്രസ്-എൻസിപി സർക്കാർ സംസ്ഥാനത്തും അധികാരത്തിലുണ്ടായിരുന്ന 2011ല്‍ എന്‍ഐഎ കേസ് ഏറ്റെടുത്തു. പക്ഷേ, 2016ൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചപ്പോൾ കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരായിരുന്നു.
ആ കുറ്റപത്രത്തിൽ പ്രജ്ഞ സിംഗിനെതിരേ ശക്തമായ തെളിവില്ലെന്ന് എൻഐഎ ചൂണ്ടിക്കാട്ടി. ബിജെപി ഭരണത്തിൽ കേസ് വഴിമാറിത്തുടങ്ങിയെന്ന് ഇരകളും പബ്ലിക് പ്രോസിക്യൂട്ടറും ആരോപിച്ചു. ഹിന്ദുത്വവാദികള്‍ പ്രതിയായ കേസുകൾ എൻഐഎ ദുർബലമാക്കുകയാണെന്നും നിലപാട് മയപ്പെടുത്താൻ തനിക്കു നിര്‍ദേശം ലഭിച്ചെന്നും ചൂണ്ടിക്കാട്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയന്‍ രാജിവച്ചു.
ഇതിനെതിരേ കോടതിയലക്ഷ്യക്കേസുമായി ഒരാൾ കോടതിയെ സമീപിച്ചപ്പോൾ, ഇടപെടാൻ ശ്രമിച്ച എൻഐഎ ഉദ്യോഗസ്ഥരുടെ പേര് സാലിയൻ സത്യവാങ്മൂലത്തിൽ പരാമർശിച്ചു. 2018ൽ വിചാരണ തുടങ്ങിയതോടെ 323 സാക്ഷികളിൽ 37 പേർ പ്രതികൾക്ക് അനുകൂലമായി കൂറുമാറി. നാലു ജഡ്ജിമാരെ കേസിനിടെ സ്ഥലംമാറ്റിയിരുന്നു. ഒടുവിൽ, പാളിച്ചയുണ്ടായെന്നു കോടതി വിമർശിച്ച എൻഐഎ കൊടുത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ എല്ലാവരെയും വെറുതേ വിട്ടിരിക്കുന്നു.
ഇതു നടുക്കിയെന്നും ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരേയുള്ള പ്രഹരമാണെന്നും ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ബി.ജി. കോൾസെ പാട്ടീൽ പ്രതികരിച്ചു. ആരും കുറ്റക്കാരല്ലെങ്കിൽ സ്ഫോടനം സ്വയം സംഭവിച്ചതാണോയെന്നാണ് അദ്ദേഹം ചോദിച്ചത്. അതേ, മാലേഗാവ് മസ്ജിദിനു പുറത്തിരുന്ന, പ്രജ്ഞാസിംഗ് ഠാക്കൂറിന്റേതെന്നു തെളിയിക്കാനാവാതെപോയ ബൈക്കിലിരുന്ന ബോംബാണ് പൊട്ടിയതെന്നതും മനുഷ്യർ കൊല്ലപ്പെട്ടെന്നതും യാഥാർഥ്യമാണ്.
കുറ്റമുണ്ട്; പക്ഷേ, കുറ്റവാളികളില്ല. ഇനിയും പ്രതീക്ഷയുണ്ടോ ഇല്ലയോ എന്നതല്ല, മരിച്ചവർക്കു നീതി കൊടുക്കാൻവേണ്ടി മരിക്കാത്തവർ മേൽക്കോടതിയിലേക്കു പോകും; ഒരു കരച്ചിലടക്കാനെന്നപോലെ.