ഇതു മരണം; ലോകത്തിന്റെ അന്തകൻ
Monday, October 14, 2024 12:00 AM IST
ആണവായുധങ്ങൾ ഇല്ലാതാക്കാനുള്ള നിഹോണ്‍ ഹിഡാന്‍ക്യോയുടെ ശ്രമങ്ങൾ പൂർണ വിജയമാകാത്തത് നമ്മുടെ പങ്കില്ലാത്തതുകൊണ്ടാണ്; അതുകൊണ്ടു മാത്രം.
സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇത്തവണ ലഭിച്ചത്, ആണവസ്ഫോടനത്തെ അതിജീവിച്ചവരുടെ സംഘടനയ്ക്കാണ്. ആയുധപരിഹാരങ്ങളിൽ വിശ്വസിക്കുന്നവർ ആയുധപ്പുരകളിൽ കുടിയിരുത്തിയിരിക്കുന്ന ആണവഭീഷണിയെ കൂടുതൽ ഭയാനകമാക്കുന്ന സമീപകാല യുദ്ധസാഹചര്യങ്ങളിൽ, നൊബേൽ കമ്മിറ്റിയുടെ സമാധാനസമ്മാനം മനുഷ്യരാശിയെ വിളിച്ചുണർത്തലാണ്.
സമാധാനകാംക്ഷികൾ മഹാഭൂരിപക്ഷമാണ്; പക്ഷേ, നിശബ്ദരാണ്. ശബ്ദമുയർത്താൻ ഇനിയൊരു സ്ഫോടനത്തിനു കാത്തിരിക്കരുത്. അന്ന് ഒരു പക്ഷേ, മരണത്തിന്റെ നിത്യമൗനത്തിൽനിന്നുണരാൻ ആരെങ്കിലും ബാക്കിയുണ്ടാകുമോയെന്ന് അറിയില്ല. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബ് സ്ഫോടനത്തെ അതിജീവിച്ചവരുടെ ആഗോള സംഘടനയാണ് നൊബേൽ സമാധാന സമ്മാനാർഹമായ നിഹോണ്‍ ഹിഡാന്‍ക്യോ.
ആണവായുധങ്ങളില്ലാത്ത ഒരു ലോകം കെട്ടിപ്പടുക്കാനും ആണവ ഇരകളെ സഹായിക്കാനും 1956ൽ രൂപംകൊണ്ടതു മുതൽ സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ നൊബേൽ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. 1945 ഓഗസ്റ്റ് ആറിനാണ് ജപ്പാനിലെ ഹിരോഷിമയിലും മൂന്നാം പക്കം നാഗസാക്കിയിലും അമേരിക്ക ബോംബിട്ടത്.
12,500 ടിഎൻടി ശേഷിയുള്ള ബോംബ് ഹിരോഷിമയിൽ പതിച്ചതോടെ ചൂട് 10 ലക്ഷം ഡിഗ്രി സെന്റിഗ്രേഡായി. തീജ്വാലകൾ ഹിരോഷിമയെ വിഴുങ്ങി. കൂൺ ആകൃതിയിൽ പുക 40,000 അടി ഉയരത്തിലേക്കുയർന്നു. ആദ്യനിമിഷങ്ങളിൽതന്നെ കുഞ്ഞുങ്ങളടക്കം 80,000 മനുഷ്യർ കൊല്ലപ്പെട്ടു.
സ്ഫോടനം സൃഷ്ടിച്ച വിഷമേഘങ്ങൾ മഴയായി തിരികെ മണ്ണിലെത്തി. ഹിരോഷിമയിലും നാഗസാക്കിയിലുമായി മരിച്ചവരുടെ എണ്ണം വർഷംതോറും പുതുക്കിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് വരെ മരണപ്പട്ടികയിലെ എണ്ണം 5.40 ലക്ഷം! അതായത്, ബോംബ് വീണ ഭൂമി 80 വർഷം കഴിഞ്ഞിട്ടും വാസയോഗ്യമായിട്ടില്ല.
നിഹോണ്‍ ഹിഡാന്‍ക്യോ ഭാരവാഹികളും ജീവനക്കാരും അംഗങ്ങളുമെല്ലാം ബോംബ് സ്ഫോടനത്തിൽ മരിക്കാതെ അവശേഷിച്ചവരാണ്. കഴിഞ്ഞ മാർച്ച് വരെയുള്ള കണക്കനുസരിച്ച് ഒരു ലക്ഷത്തിലേറെ അതിജീവിതർ അഥവാ ഹിബാക്കുഷകൾ ആണ് ജപ്പാനിലുണ്ടായിരുന്നത്.
ദുരിതബാധിതരെ ചികിത്സിക്കാൻ 1957ലും ആണവദുരന്തത്തെ തുറന്നുകാണിക്കാൻ 1968ലും അതിജീവിതരെ സഹായിക്കാൻ 1994ലും ജപ്പാൻ നിയമങ്ങൾ പാസാക്കിയത് സംഘടനയുടെ സമ്മർദത്തെ തുടർന്നാണ്. ഐക്യരാഷ്ട്ര സംഘടനയിലേക്ക് പ്രതിനിധിസംഘങ്ങളെ അയച്ചും സമാധാന സമ്മേളനങ്ങൾ നടത്തിയും ആണവ നിരായുധീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ലോകത്തെ ഓർമപ്പെടുത്തിയും അവർ പ്രവർത്തനങ്ങൾ തുടരുകയാണ്.
ശീതയുദ്ധകാലത്തെ അപേക്ഷിച്ച് ആണവായുധങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പക്ഷേ, ആംസ് കൺട്രോൾ അസോസിയേഷന്റെ ഇക്കഴിഞ്ഞ മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 12,100 അണുവായുധങ്ങൾ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അണുബോംബ് കൈവശമുണ്ടെന്നോ നിർമിക്കാൻ സർവസജ്ജമാണെന്നോ കരുതുന്ന ഇറാൻ പോലുള്ള രാജ്യങ്ങൾ വേറെ. അണുവായുധങ്ങൾ പൂർണമായും ഇല്ലാതാക്കുകതന്നെയാണു വേണ്ടത്.
കാരണം ഭൂമിയെ ആയിരം ഹിരോഷിമകളാൽ ചാരമാക്കാൻ ഇപ്പോഴുള്ള ബോംബുകളുടെ ഒരംശംപോലും ആവശ്യമില്ല. റഷ്യ-യുക്രെയ്ൻ യുദ്ധത്തിലായാലും ഇസ്രയേൽ-ഹമാസ് യുദ്ധത്തിലായാലും പക്ഷം ചേർന്ന് പ്രോത്സാഹിപ്പിക്കുന്നവരെല്ലാം നാശത്തെയും ഹിംസയുടെ നരകാവതാരമായ അണുവായുധങ്ങളെയും പരോക്ഷമായെങ്കിലും പ്രോത്സാഹിപ്പിക്കുകയാണ്.
ഒരു യുദ്ധവും അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയ്ക്കു ശേഷിയില്ലാതായി. സംഭാഷണങ്ങൾ ദൗർബല്യമാണെന്നു കരുതുന്ന യുദ്ധമോഹികളുടെ വിവരക്കേടുകൾക്കു പക്ഷേ, വിലകൊടുക്കേണ്ടിവരുന്നത് നിസഹായരായ മനുഷ്യരാണ്. 1945ൽ ന്യൂ മെക്സിക്കോയിലെ മരുഭൂമിയിൽ അമേരിക്കയുടെ ആദ്യ അണുബോബ് സ്ഫോടനം വിജയകരമാക്കിയ റോബർട്ട് ഓപ്പൻഹൈമർ ഭഗവത്ഗീതയിൽനിന്നുള്ള ഉദ്ധരണിയെ അവലംബിച്ചു പറഞ്ഞ വാക്കുകൾ നമ്മുടെ ബോധത്തെ ഉണർത്തണം.
“ഞാൻ മരണമാണ്. ലോകത്തിന്റെ അന്തകൻ.’’ മരണമല്ലാതെ മറ്റൊന്നുമല്ല അണുബോംബുകൾ. പുരോഗതിക്കുള്ള ശാസ്ത്രനേട്ടങ്ങളിലൊന്നിൽ സർവനാശത്തിന്റെ സാധ്യത കണ്ടെത്തിയവരെ പരാജയപ്പെടുത്താനുള്ള നിഹോണ്‍ ഹിഡാന്‍ക്യോയുടെ ശ്രമങ്ങൾ പൂർണവിജയമാകാത്തത് നമ്മുടെ പങ്കില്ലാത്തതുകൊണ്ടാണ്; അതുകൊണ്ടു മാത്രം. സമാധാനകാംക്ഷിയെന്നത് അലങ്കാരത്തൊപ്പിയല്ല; ഉത്തരവാദിത്വമുള്ള സജീവ അഹിംസാ പ്രവർത്തനമാണ്. മനസുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നമുക്കും ആണവ നിർമാർജനത്തിൽ അണിചേരാം.