കർദിനാൾ സംഘത്തിൽ വീണ്ടും കേരള ധ്വനി
Tuesday, October 8, 2024 12:00 AM IST
മോൺ. ജോർജ് ജേക്കബ് കൂവക്കാട്ടിന്റെ കർദിനാൾ പദവിയിലൂടെ, ആഗോളതലത്തിൽ വളരുന്ന സീറോമലബാർ സഭയുടെ പ്രവർത്തനങ്ങളെ മാർപാപ്പ അഭിസംബോധന ചെയ്യുകയാണ്. ഈ അംഗീകാരം സഭയ്ക്കും സമൂഹത്തിനും ഗുണകരമാകും. കൂടാതെ ആഗോളതലത്തിൽ മലയാളികൾ കൈവരിക്കുന്ന നേട്ടങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവൽകൂടിയാണ്.
“വിശുദ്ധ സംഭവങ്ങളുടെ മണ്ണിൽനിന്നോ, ഒരു പ്രത്യേക സ്ഥലത്തും പ്രത്യേക സമയത്തും നമ്മോട് സംസാരിക്കാനും മനുഷ്യനാകാനും മരിക്കാനും ഉയിർത്തെഴുന്നേൽക്കാനും ആഗ്രഹിച്ച ദൈവത്തിന്റെ തെരഞ്ഞെടുപ്പുകളിൽനിന്നോ ക്രിസ്തീയ വിശ്വാസത്തെ ഒരിക്കലും വേർപെടുത്താനാകില്ല.’’
ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വാക്കുകളാണ്. ഫ്രാൻസിസ് മാർപാപ്പ വിവിധ രാജ്യങ്ങളിൽനിന്ന് 21 പുതിയ കർദിനാൾമാരെ പ്രഖ്യാപിച്ചതും അത്തരമൊരു തെരഞ്ഞെടുപ്പും വിശുദ്ധ സംഭവമായിട്ടാണ് കത്തോലിക്കാസഭ കാണുന്നത്. അതിലൊരാൾ കേരളത്തിൽനിന്നുള്ള മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട് ആയത് സീറോമലബാർ സഭയ്ക്കുള്ള സമ്മാനവും സഭയുടെ ആനന്ദവുമാണ്.
ഇന്ത്യയിൽനിന്ന് ആദ്യമായിട്ടാണ് ഒരു വൈദികൻ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. വിശുദ്ധ സംഭവങ്ങളുടെ മണ്ണിൽനിന്ന് ദൈവത്തിന്റെ തെരഞ്ഞെടുപ്പിനു പാത്രീഭവിച്ച കർദിനാളിന് പ്രാർഥനാശംസകൾ! ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലെ കൂവക്കാട്ട് ജേക്കബ് വര്‍ഗീസിന്റെയും ലീലാമ്മയുടെയും മകനായ ജോർജ് 2004ലാണ് പൗരോഹിത്യം സ്വീകരിച്ചത്.
തുടർന്ന് ഉന്നതവിദ്യാഭ്യാസത്തിനുശേഷം 2006 മുതൽ വത്തിക്കാൻ വിദേശകാര്യ സർവീസിൽ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചുവരുന്ന അദ്ദേഹം 2020 മുതൽ ഫ്രാൻസിസ് മാർപാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യ സംഘാടകനായിരുന്നു. അമ്പത്തൊന്നുകാരനായ മോൺ. ജോർജ് കൂവക്കാട്ട് ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കർദിനാളാണ്.
ഡിസംബർ എട്ടിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ സ്ഥാനാരോഹണച്ചടങ്ങുകൾക്കുമുന്പ് മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം നടത്തപ്പെടും. സീറോമലബാര്‍ സഭയുടെ ഒരു പുത്രന്‍കൂടി കര്‍ദിനാള്‍മാരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നതു സഭയ്ക്കു മുഴുവന്‍ അഭിമാനവും സന്തോഷവുമാണെന്നാണ് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിൽ പറഞ്ഞത്.
ആ അഭിമാനവും സന്തോഷവും നിസാരമല്ല. മാർ ജോർജ് ആലഞ്ചേരിയെക്കൂടാതെ ഒരാളെക്കൂടി സീറോമലബാർ സഭയിൽനിന്നു മാർപാപ്പ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തുന്പോൾ അതും ചരിത്രമാകുകയാണ്. കാരണം, സീറോമലബാർ സഭയിൽനിന്ന് ഒരേസമയം രണ്ടു പേർ കർദിനാൾമാരാകുന്നത് ആദ്യമായാണ്.
മലങ്കര സുറിയാനി കത്തോലിക്കാസഭയിൽനിന്നുള്ള കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവയും ഉൾപ്പെടെ കേരളത്തിന് മൂന്നു കർദിനാൾമാർ. ആഗോളതലത്തിൽ വളരുന്ന സഭയുടെ പ്രവർത്തനങ്ങൾക്ക് മാർപാപ്പ നൽകിയ അംഗീകാരം സഭയ്ക്കും സമൂഹത്തിനും ഗുണകരമാകും. കൂടാതെ ആഗോളതലത്തിൽ മലയാളികൾ കൈവരിക്കുന്ന നേട്ടങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവൽകൂടിയാണ്.
വ്യവസായികളും രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ആതുര ശുശ്രൂഷകരും സഞ്ചാരികളും വിദ്യാർഥികളുമൊക്കെ ഇന്ത്യയുടെ സാന്നിധ്യം ലോകത്തെ പണ്ടേ അറിയിച്ചുകഴിഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഋഷി സുനാക്, അമേരിക്കൻ വൈസ് പ്രസിഡന്റും ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ കമലാ ഹാരിസ്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ, ഗൂഗിള്‍ ക്ലൗഡിന്റെ സിഇഒ കോട്ടയം സ്വദേശി തോമസ് കുര്യന് തുടങ്ങി നിരവധി പേർ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി.
ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രി ജിൻസൺ ആന്റോ ചാൾസും ബ്രിട്ടനിലെ എംപി സോജൻ ജോസഫും ബ്രിട്ടനിലെതന്നെ കേംബ്രിജ് സിറ്റിയുടെ മേയറായ ബൈജു വർക്കി തിട്ടാലയുമെല്ലാം മലയാളികളുടെ അഭിമാനവും ആഗോളതലത്തിൽ ശ്രദ്ധേയമായ സാന്നിധ്യവുമാണ്.
കേരളത്തിൽനിന്നുള്ള നഴ്സുമാർ ലോകം കീഴടക്കിക്കഴിഞ്ഞു. മലയാളി വിദ്യാർഥികൾ എത്താത്ത രാജ്യങ്ങളില്ല. ലോകത്തെ ആഗോളഗ്രാമമായി അംഗീകരിച്ച മലയാളികൾക്കൊപ്പം ഇനി നമ്മുടെ നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാട്ടും ഉണ്ടാകും. ആത്മീയതയിൽ മാത്രമല്ല, ലോക രാഷ്ട്രീയത്തിലും സംസ്കാരത്തിലും സമാധാനപ്രക്രിയകളിലും നിരന്തരം ഇടപെടുന്ന ഫ്രാൻസിസ് മാർപാപ്പ ലോകം ശ്രവിക്കുന്ന നിർണായക ശബ്ദമാണ്.
ഇക്കഴിഞ്ഞ ജൂണിൽ ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പ്രസംഗിക്കാനെത്തിയ മാർപാപ്പയെ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രത്തലവന്മാർ വത്തിക്കാന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നു. മാർപാപ്പയോട് ഏറ്റവും അടുത്ത വ്യക്തികളിൽ ഒരാളാണ് കർദിനാളാകുന്നത്; കത്തോലിക്കാ സഭയ്ക്കു മാത്രമല്ല, ഓരോ മലയാളിക്കും വിലപ്പെട്ട സ്ഥാനലബ്ധി.
2023 സെപ്റ്റംബറിൽ അന്നത്തെ പുതിയ കർദിനാൾമാരെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത്, “ഒരാൾ അയാളുടെ ശബ്ദം മാത്രം ശ്രവിച്ചുകൊണ്ടിരുന്നാൽ അത് എത്ര ഉദാത്തമായതാണെങ്കിലും സിംഫണിക്കു ഗുണം ചെയ്യില്ല’’എന്നാണ്.
പുതിയതായി ചുമതലയേൽക്കുന്ന 21 കർദിനാൾമാരും തങ്ങളുടെ ശബ്ദത്തെയും പ്രവർത്തനങ്ങളെയും സഭയോടൊപ്പം ചേർത്തുവച്ച് സഭയുടെ ഓർക്കെസ്ട്രയ്ക്ക് സിംഫണിയൊരുക്കും. അതിലൊരാൾ മോൺ. കൂവക്കാട്ടാകുന്നത് സീറോമലബാർ സഭയ്ക്ക് അഭിമാനമാണ്. അഭിനന്ദനങ്ങൾ!