അശ്ലീല ശ്മശാനങ്ങളിലെ മാലാഖക്കുഞ്ഞുങ്ങൾ
Tuesday, September 24, 2024 12:00 AM IST
കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോലും കുറ്റകരമാണെന്ന് ഇന്നലെ കോടതി വ്യക്തമാക്കി. ഇത്തരം ഓരോ വീഡിയോയും ഒരു കല്ലറയാണ്. അതിനുള്ളിൽ തകർക്കപ്പെട്ട ഒരു മാലാഖക്കുഞ്ഞുണ്ട്.
2002ൽ പുറത്തിറങ്ങിയ ‘കോൺക്രീറ്റ് എയ്ഞ്ചൽ’ എന്ന അമേരിക്കൻ സംഗീത ആൽബം ഗാർഹികപീഡനത്തിൽ കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ ഹൃദയഭേദകമായ അനുഭവങ്ങളെക്കുറിച്ചാണ്. ഏഴാം വയസിൽ കൊല്ലപ്പെട്ട എയ്ഞ്ചല കാർട്ടറെക്കുറിച്ചെഴുതിയ പാട്ടിന്റെ വീഡിയോയിൽ അവളുടെ കല്ലറയുടെ ചാരത്ത് മറിഞ്ഞുകിടക്കുന്ന മാലാഖയുടെ സിമന്റ് ശില്പം കാണിക്കുന്നുണ്ട്.
സുപ്രീംകോടതി ചൂണ്ടിക്കാണിച്ചത്, എയ്ഞ്ചലയെപ്പോലെയോ അതിലേറെയോ പീഡനമേറ്റ് തകർക്കപ്പെടുന്ന കുഞ്ഞുമാലാഖമാരുടെ കല്ലറകളായി മാറുന്ന അശ്ലീലചിത്രങ്ങളെക്കുറിച്ചാണ്. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതുംപോലും കുറ്റകരമാണെന്ന് ഇന്നലെ കോടതി വ്യക്തമാക്കി. ഇത്തരം ഓരോ വീഡിയോയും ഒരു കല്ലറയാണ്. അതിനുള്ളിൽ തകർക്കപ്പെട്ട ഒരു മാലാഖക്കുഞ്ഞുണ്ട്.
സംപ്രേക്ഷണം ചെയ്യാനുള്ള ഉദ്ദേശ്യമില്ലാതെ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സൂക്ഷിക്കുന്നത് പോക്സോ ആക്ട്-2012, ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ട്-2000 എന്നിവ പ്രകാരം കുറ്റകരമല്ലെന്ന ജനുവരിയിലെ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാണെന്ന നിർണായകവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.
കുട്ടികളുടെ അശ്ലീലചിത്രം എന്ന പദം പോലും ഉപയോഗിക്കരുതെന്നു സുപ്രീംകോടതി പറഞ്ഞു. പകരം ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അധിക്ഷേപിക്കുന്നതുമായ വസ്തുക്കൾ’ എന്ന് ഉപയോഗിക്കുന്നതിന് പോക്സോ നിയമത്തിൽ ഭേദഗതി വരുത്താനാണ് കോടതി പാർലമെന്റിനോട് നിർദേശിച്ചിരിക്കുന്നത്. ഭേദഗതി പ്രാബല്യത്തിൽ വരുന്നതുവരെ സർക്കാരിന് ഓർഡിനൻസ് കൊണ്ടുവരാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തതിന് ഇരുപത്തെട്ടുകാരനെതിരേ എടുത്ത കേസ് ഇക്കഴിഞ്ഞ ജനുവരിയിൽ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇയാള്‍ ഇത് കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ കുറ്റകരമല്ലെന്നും വീഡിയോ കാണുന്നത് അയാളുടെ സ്വകാര്യതയാണെന്നുമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
ഹര്ജിക്കാരന് അശ്ലീലദൃശ്യങ്ങള്‍ കാണാനുള്ള ആസക്തിയുണ്ടെങ്കില്‍ കൗണ്‍സലിംഗ് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേയാണ് ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സും ബച്പന്‍ ബച്ചാവോ ആന്ദോളനും സുപ്രീംകോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ വിധിയില്‍ വലിയ പിഴവുണ്ടെന്നും വിഷയം വീണ്ടും പരിശോധിച്ചു തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2022ലെ കണക്കുകളനുസരിച്ച് ലോകമെങ്ങുമായി 2,55,588 സൈറ്റുകളിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കിടപ്പുണ്ട്. 2016ൽ ഇത് 57,335 ആയിരുന്നു. കോടികൾ മറിയുന്ന അധോലോകം! എല്ലാ വീഡിയോകളും കുട്ടികളെ മാനഭംഗപ്പെടുത്തിയോ തട്ടിക്കൊണ്ടുപോയോ തയാറാക്കുന്നതാണ്.
ചൈല്‍ഡ് പോണോഗ്രഫിയില്‍ അടിയന്തരമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ എക്സ്, യുട്യൂബ്, ടെലഗ്രാം എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. ഉള്ളടക്കങ്ങൾ നീക്കുന്നതിനൊപ്പം പോലീസിനു വിവരങ്ങൾ കൈമാറാനും ഇപ്പോൾ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
കോടതിവിധിയുടെ അന്തഃസത്ത ഉൾക്കൊണ്ട് സർക്കാരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഒറ്റെക്കെട്ടായി നിന്നാൽ കുട്ടികളുടെ അശ്ലീല വീഡിയോകളുടെ അന്ത്യംകുറിക്കാനാകും.
കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്റർനെറ്റില്‍ തെരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവർക്കെതിരേ കേരള പോലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി ഈ മാസം ആദ്യം 455 സ്ഥലങ്ങളില്‍ പരിശോധന നടത്തി. 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കർശനമായ നിയമനടപടികളും ശിക്ഷയും ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം സ്കൂൾതലത്തിൽതന്നെ ബോധവത്കരണം നടത്തുകയും ചെയ്യണം. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്ന മാനസികവൈകല്യത്തിന് ശിക്ഷാനടപടികൾക്കൊപ്പം ഹൈക്കോടതി പറഞ്ഞതുപോലെ കൗൺസലിംഗും അഭികാമ്യമാണ്.
ഞൊറികളിട്ട കുഞ്ഞുടുപ്പിൽ മുറിവുകൾ മറച്ച് സ്കൂളിലേക്കു നടക്കുന്ന എയ്ഞ്ചലയെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ‘കോൺക്രീറ്റ് എയ്ഞ്ചൽ’ എന്ന പാട്ട് തുടങ്ങുന്നത്. കുട്ടികളെ മാലാഖമാരായി മാത്രം കാണാം. അല്ലാത്ത കാഴ്ചക്കാർ കുറയുന്തോറും ഭയാനകമായ ഈ അധോലോക ചന്തയിലെ വില്പനക്കാരും കുറഞ്ഞേക്കാം. അശ്ലീല ശ്മശാനങ്ങളിൽ വീണുകിടക്കുന്ന കോൺക്രീറ്റ് ശില്പങ്ങളാകാതെ, മാലാഖക്കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഈ സുപ്രീംകോടതിവിധി സഹായകമാകട്ടെ.