അന്നയുടെ അമ്മ രാജ്യത്തിനെഴുതിയത്
Saturday, September 21, 2024 12:00 AM IST
അമിത ജോലിഭാരംകൊണ്ട് ജീവനക്കാരെ ശ്വാസം മുട്ടിക്കുന്ന സകല സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെയും, ജോലി പങ്കുവയ്ക്കപ്പെടാത്ത വീടുകളുടെയും മേൽവിലാസങ്ങളിലേക്ക് ഒരു കത്തുണ്ട്.
തന്റെ മകൾ മരിച്ചത് അമിത ജോലിഭാരം താങ്ങാനാവാതെയാണെന്ന് ഓർമിപ്പിച്ച് ഒരമ്മ തൊഴിലുടമയ്ക്കെഴുതിയ കത്ത് രാജ്യമാകെ പറക്കുകയാണ്. മകൾ ചെയ്യേണ്ടിവന്ന അമിത ജോലിഭാരത്തെക്കുറിച്ച് അമ്മ പറഞ്ഞ വിവരങ്ങൾ ശരിയാണെങ്കിൽ ചൂഷണത്തിന്റെ ജോലിസ്ഥലത്തെ ഇത്തരം മരണക്കിണർ അഭ്യാസങ്ങൾ അവസാനിപ്പിക്കേണ്ടതാണ്.
മികച്ച പ്രകടനങ്ങളിലൂടെ പ്രശസ്തിയും ലാഭവും വാരിക്കൂട്ടുന്ന സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരുടെ ആരോഗ്യത്തിനും സന്തോഷത്തിനും അർഹമായ പ്രതിഫലത്തിനും, എല്ലാറ്റിലുമുപരി ജീവനുപോലും വില കൊടുക്കുന്നില്ലെങ്കിൽ ഈ കത്ത് അവർക്കുള്ള കുറ്റപത്രമാണ്. താങ്ങാനാവാത്തത്ര ജോലി ചെയ്ത് ഉയർച്ച നേടാനാഗ്രഹിക്കുന്നവരും തിരിച്ചറിയണം, നിർമിതബുദ്ധിയെ സൃഷ്ടിച്ച മനുഷ്യന്റെ വിധി നിർമിതബുദ്ധിയാകാനല്ലെന്ന്.
കഴിഞ്ഞ ജൂലൈ 21നാണ് എറണാകുളംസ്വദേശിനിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ അന്ന സെബാസ്റ്റ്യന്‍ പൂനയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്. അവൾക്കപ്പോൾ 26 വയസായിരുന്നു. ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ (ഇവൈ ഇന്ത്യ) കമ്പനിയിലെ ജീവനക്കാരിയായിരുന്ന അന്നയുടെ മരണകാരണം അമിതജോലിയായിരുന്നെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.
ഇതുസംബന്ധിച്ച് അന്നയുടെ അമ്മ അനിത, കമ്പനി മേധാവി രാജീവ് മേമാനിക്ക് അയച്ച കത്താണ് ചർച്ചയായത്. മകളെ വിശ്രമമില്ലാതെ ജോലിയെടുപ്പിച്ച നിരവധി സംഭവങ്ങൾ അതിൽ അക്കമിട്ടു നിരത്തിയിരുന്നു. 2024 മാര്‍ച്ച് 19നാണ് അന്ന ഇവൈ ഇന്ത്യയില്‍ ജോലിക്കു ചേര്‍ന്നത്. സ്കൂളിലും കോളജിലും എല്ലാ പരീക്ഷകളിലും ഉന്നതവിജയം നേടിയ അന്ന ഇവൈയിലും കഠിനമായി ജോലി ചെയ്തു.
ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പോലും സമയം കിട്ടാതെ അവൾ ശാരീരികമായും മാനസികമായും തളര്‍ന്നു. ജൂലൈ ആറിന് പൂനയില്‍ നടന്ന അന്നയുടെ സിഎ കോണ്‍വൊക്കേഷനിൽ മാതാപിതാക്കള്‍ പങ്കെടുത്തിരുന്നു. അന്ന് നെഞ്ചുവേദന ഉണ്ടെന്നു പറഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ ഉറക്കമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണക്രമവുമാണ് നെഞ്ചുവേദനയ്ക്കു കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
ജോലിത്തിരക്കു കാരണം മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ പോലും അന്നയ്ക്കു കഴിഞ്ഞില്ലെന്നും കത്തില്‍ പറയുന്നു. രാത്രി 12.30 വരെ അന്ന ഓഫീസിലിരുന്നു ജോലി ചെയ്യാറുണ്ട്. താമസസ്ഥലത്തെത്തുന്പോൾ പുലർച്ചെ 1.30 ആകും. രാത്രി പത്ത് കഴിഞ്ഞാല്‍ ഭക്ഷണം കിട്ടില്ല. മുതിർന്ന ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നാണ് കത്തിലുള്ളത്.
ഇത്ര കഠിനമായ ജോലി ഉപേക്ഷിക്കാത്തത് എന്തെന്ന ചോദ്യവും ഉത്തരം കിട്ടേണ്ടതാണ്. ഇവൈ ഇന്ത്യ പോലെ പ്രശസ്തമായ സ്ഥാപനത്തിന്റേതാണോ അന്നയുടെ ചുമതലയുള്ള മേലുദ്യോഗസ്ഥന്റേതാണോ കുറ്റമെന്ന് അന്വേഷണത്തിലേ അറിയാനാകൂ. ഉത്തരവാദികൾ ശിക്ഷിക്കപ്പെടട്ടെ.
പക്ഷേ, പ്രശ്നം അവിടെ അവസാനിക്കുന്നില്ല. ജോലിഭാരംകൊണ്ട് മരിക്കാതെ മരിക്കുന്ന ജീവനക്കാരുള്ള സകല സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കുമുള്ളതാണ് അന്നയുടെ അമ്മ കണ്ണീരിലെഴുതി സമൂഹമനഃസാക്ഷിക്കു ഷെയർ ചെയ്ത ഈ കത്ത്.
ഇത്തരം കാരണങ്ങളാൽ ജീവനൊടുക്കുന്ന കേരളത്തിലെ പോലീസുകാരെക്കുറിച്ച് ഇക്കഴിഞ്ഞ ജൂൺ 25ന് ദീപിക മുഖപ്രസംഗമെഴുതിയിരുന്നു. ആ മാസത്തെ 25 ദിവസത്തിനുള്ളിൽ അഞ്ചു പോലീസുകാർ ജീവനൊടുക്കിയിരുന്നു.
മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിലും ജോലിഭാരംകൊണ്ട് വീർപ്പുമുട്ടുന്ന എത്രയോ മനുഷ്യർ ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ വിവിധ സ്ഥാപനങ്ങളിലുണ്ട്. ഓസ്ട്രേലിയ കഴിഞ്ഞ മാസം പാസാക്കിയ പുതിയ നിയമമനുസരിച്ച്, ജോലിസമയം കഴിഞ്ഞാൽ ഓഫീസിൽനിന്നുള്ള ഫോൺ എടുക്കാനോ ഇ-മെയിൽ നോക്കാനോ പോലും ജീവനക്കാർക്കു യാതൊരു ബാധ്യതയുമില്ല.
ജോലിക്കാർക്കു ശന്പളം കൊടുക്കുന്നത് 24 മണിക്കൂറിനുവേണ്ടിയല്ലാത്തതിനാൽ 24 മണിക്കൂർ ജോലി ചെയ്യേണ്ടതില്ലെന്നാണ് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞത്. ഇന്ത്യയിലെ ചില ഫാക്ടറികളിലും വ്യാപാരസ്ഥാപനങ്ങളിലുമൊക്കെ ജോലിസമയം മുതലാളി തീരുമാനിക്കുന്നതാണ്.
അൽപം വിശ്രമിക്കാനോ ശുചിമുറിയിൽ പോകാനോ പോലും സൗകര്യമില്ലാത്തതിനാൽ വെള്ളം കുടിക്കുന്നതുപോലും ഒഴിവാക്കുന്ന സ്ത്രീ തൊഴിലാളികളെക്കുറിച്ചു റിപ്പോർട്ടുകൾ വന്നത് നമ്മുടെ കേരളത്തിലാണ്. ജോലിക്കാരെ വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്നതിൽ തൊഴിലുടമ മാത്രമല്ല, അതേ മനോഭാവമുള്ള മേലുദ്യോഗസ്ഥരും ഉത്തരവാദികളാണ്.
രണ്ടായാലും തിരുത്തിയേ തീരൂ. അതോടൊപ്പം സർക്കാർ ജീവനക്കാരിലുൾപ്പെടെയുള്ള അലസരും ഉത്തരവാദിത്വമില്ലാത്തവരും അഴിമതിക്കാരും സംരംഭകരെ ചൂഷണം ചെയ്യുന്നവരുമായ ജീവനക്കാരെയും തിരുത്തേണ്ടതുണ്ട്. അന്നയ്ക്കു മനുഷ്യാവകാശം നിഷേധിച്ചവരോടു പ്രതികരിക്കുന്നവരെക്കൊണ്ടു സമൂഹമാധ്യമങ്ങൾ നിറഞ്ഞിട്ടുണ്ട്.
പക്ഷേ, ആ ധാർമികരോഷം സ്വന്തം വീടുകളിലേക്ക് എത്തുന്നില്ല. പുരുഷന്മാർ പണ്ടത്തേതിലും കൂടുതൽ വീട്ടുജോലികളിൽ സ്ത്രീകളെ സഹായിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ അടുക്കളകൾ ഇപ്പോഴും അനീതിയുടെ പാചകപ്പുരകളാണ്.
സ്ത്രീകൾ പൂമുഖത്ത് ഒരു കപ്പ് കാപ്പി കുടിച്ചുകൊണ്ട് പത്രം വായിക്കുന്പോൾ അടുക്കളയിൽ വിയർത്തൊലിച്ച് ജോലി ചെയ്യുന്ന പുരുഷന്മാരെ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഭാര്യയും ഭർത്താവും ജോലിക്കു പോകുന്ന വീടുകളാണ് ഏറെയും. പക്ഷേ, ജോലി കഴിഞ്ഞെത്തുന്ന സ്ത്രീയെ കാത്തിരിക്കുന്നത് ആശ്വാസത്തിന്റെ വീടല്ല, മറ്റൊരു തൊഴിലിടമാണ്.
അടുക്കളയെന്ന വീട്ടുഹോട്ടലിൽ പാത്രം കഴുകാനും പാചകം ചെയ്യാനും വിളന്പാനുമൊക്കെ മിക്കവാറും ഒരു "പണിക്കാരി' മാത്രമേ ഉണ്ടാകാറുള്ളൂ. വീടുകളിൽ ജോലി പങ്കിടുകയും മറ്റു കുടുംബാംഗങ്ങളുടെ വിഷമങ്ങൾ മനസിലാക്കുകയും ചെയ്യുന്ന ഒരാളും തൊഴിലാളികളോടോ കീഴ്ജീവനക്കാരോടോ മോശമായി പെരുമാറില്ല.
ജീവനക്കാരെ അന്തസായി പരിഗണിക്കുന്ന തൊഴിലുടമകളും മേലുദ്യോഗസ്ഥരും സ്ത്രീകളെ വീട്ടുജോലികളിൽ സഹായിക്കുന്ന പുരുഷന്മാരും അമ്മമാരെ സഹായിക്കുന്ന മക്കളും പരിഷ്കൃത മനുഷ്യരാണ്. പക്ഷേ, ആ ന്യൂനപക്ഷമല്ല ഇന്ത്യയെ നിർവചിക്കുന്നത്.
ബാക്കിയുള്ള മഹാഭൂരിപക്ഷത്തിനുവേണ്ടിയാണ്, "പണിയെടുപ്പിച്ചു കൊല്ലരുതേ'യെന്നു വ്യാഖ്യാനിക്കാവുന്ന ആ കത്ത്, അകാലത്തിൽ മരിച്ച അന്നയുടെ അമ്മ എഴുതിയത്. ആ കത്തു വായിക്കുന്നവർ മേൽവിലാസംകൂടി നോക്കണം.