ശന്പളത്തിനൊപ്പം മരുന്ന്-ഉപകരണ കന്പനികളിൽനിന്നും രോഗികളിൽനിന്നും ഒരുപോലെ പണം വാങ്ങാനും അതേസമയം ചെയ്യുന്നതു സേവനമാണെന്നു പറയാനും ചില ഡോക്ടർമാർക്ക് കഴിയുന്നുണ്ട്. അവർ വിൽക്കുന്നത് ജീവൻ കൈയിൽ പിടിച്ചു തങ്ങളെ ശരണം പ്രാപിക്കുന്ന
രോഗികളെയാണ്.
തന്നെ ആശ്രയിക്കുന്ന രോഗിയെ വിറ്റു ഡോക്ടർ പണം സന്പാദിക്കുന്നതിനോളം വലിയ അധാർമികത മറ്റേതുണ്ട്? മരുന്ന്, ആരോഗ്യ ഉപകരണ കന്പനികൾ കൊടുക്കുന്ന വിദേശയാത്ര ഉൾപ്പെടെയുള്ള "സമ്മാനങ്ങൾ' കൈപ്പറ്റി രോഗികളെ ചൂഷണം ചെയ്യാൻ കന്പനികളെ സഹായിക്കുന്ന ഡോക്ടർമാരെക്കുറിച്ചാണു പറയുന്നത്.
ഈ അഴിമതി അവസാനിപ്പിക്കാൻ സർക്കാർ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല. മെഡിക്കൽ ഉപകരണ കന്പനികൾക്ക് ഇക്കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ നൽകിയ നിർദേശങ്ങളും വിജയിക്കാനിടയില്ല. ആരോഗ്യരംഗത്തെ അധാർമികതയുടെ ഇടനിലക്കാരായ ഇത്തരം ഡോക്ടർമാർ നമ്മുടെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ മാത്രമല്ല, അവകാശങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി രാജ്യമൊട്ടാകെ നടത്തുന്ന സമരമുന്നണികളിലുമുണ്ട്.
പതിറ്റാണ്ടുകളായി കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്ന "കർശന മാർഗനിർദേശങ്ങളു’ടെ തനിയാവർത്തനമാണ് ഇക്കഴിഞ്ഞ ഏഴിനു കേന്ദ്ര ഫാർമസ്യൂട്ടിക്കൽ വകുപ്പ് പുറത്തിറക്കിയ മെഡിക്കൽ ഉപകരണങ്ങളുടെ വിപണനത്തിനുള്ള ഏകീകൃത ചട്ടങ്ങൾ. അതിൽ ആരോഗ്യരംഗത്തെ പ്രഫഷണലുകളുമായുള്ള ബന്ധം എന്ന തലക്കെട്ടിനു കീഴിലാണ് "സമ്മാന നിരോധനം' പ്രഖ്യാപിച്ചിട്ടുള്ളത്.
അതനുസരിച്ച് മെഡിക്കൽ കന്പനികളോ അവരുടെ ഏജന്റുമാരോ ഡോക്ടർമാർക്കോ കുടുംബാംഗങ്ങൾക്കോ പണം, ആഭ്യന്തര-വിദേശ യാത്രയ്ക്കുള്ള അവസരങ്ങൾ, ആഡംബര ഹോട്ടലുകളിലെ താമസം, ഭക്ഷണം തുടങ്ങിയവയൊന്നും നൽകരുത്. മെഡിക്കൽ ഉപകരണങ്ങളുടെ പരസ്യങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ പേരുകളും ചിത്രങ്ങളും നൽകുകയോ സുരക്ഷിതമെന്ന വിശേഷണങ്ങൾ അനുമതിയില്ലാതെ കൊടുക്കുകയോ ചെയ്യരുത്.
മറ്റു കന്പനികളുടെ ഉപകരണങ്ങളുമായി താരതമ്യം ചെയ്യുകയോ റെഗുലേറ്ററി അഥോറിറ്റി അംഗീകരിക്കുന്നതിനുമുന്പ് മെഡിക്കൽ ഉപകരണങ്ങളുടെ പ്രചാരണമോ പരസ്യമോ നൽകരുത്. വാർത്തയെന്നു ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും തടയുന്നതാണ് ഫാർമസ്യൂട്ടിക്കൽ വകുപ്പിന്റെ നിർദേശം.
2010 ഓഗസ്റ്റ് 10ന് കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യസഭയിൽ ഒരു ചോദ്യത്തിനു നൽകിയ മറുപടി ഇങ്ങനെ: “മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുമായി ആലോചിച്ച് ആരോഗ്യമന്ത്രാലയം 2009ൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ (പ്രഫഷണൽ പെരുമാറ്റം, മര്യാദ, ധാർമികത) നിയന്ത്രണം 2002, ഭേദഗതി ചെയ്തിട്ടുണ്ട്.
അതനുസരിച്ച് സമ്മാനങ്ങൾ, യാത്രാസൗകര്യങ്ങൾ, ആതിഥ്യം, പണം, സാന്പത്തിക നേട്ടങ്ങൾ എന്നിവയൊന്നും ഡോക്ടർമാരോ അവരുടെ കുടുംബാംഗങ്ങളോ ഏതെങ്കിലും ഫാർമസ്യൂട്ടിക്കൽ കന്പനികളിൽനിന്നോ ആരോഗ്യമേഖലയിലെ അനുബന്ധ വ്യവസായങ്ങളിൽനിന്നോ സ്വീകരിക്കാൻ പാടില്ല.
ഏതെങ്കിലും ഡോക്ടർ കുറ്റം ചെയ്തതായി കണ്ടെത്തിയാൽ മെഡിക്കൽ കൗൺസിലിന് ആവശ്യമായ ശിക്ഷ നൽകാം; അല്ലെങ്കിൽ കുറ്റം ചെയ്ത ഡോക്ടറുടെ പേര് രജിസ്റ്ററിൽനിന്ന് ഒരു നിശ്ചിത കാലയളവിലേക്ക് നീക്കം ചെയ്യാൻ നിർദേശിക്കാം.” 14 വർഷം മുന്പ് രാജ്യസഭയിൽ പറഞ്ഞതുതന്നെയല്ലേ ഇപ്പോഴും ഇടയ്ക്കിടെ ഉപദേശങ്ങളായും ശാസനകളായും കർശന നിർദേശങ്ങളായുമൊക്കെ സർക്കാർ വർഷാവർഷം നൽകിക്കൊണ്ടിരിക്കുന്നത്? കുറ്റം കുറയുകയല്ല, കൂടുകയാണു ചെയ്തിട്ടുള്ളത്.
ഇതിനെതിരേ ഡോക്ടർമാരുടെ സംഘടനയായ അലയൻസ് ഓഫ് ഡോക്ടേഴ്സ് ഫോർ എത്തിക്കൽ ഹെൽത്ത് കെയർ (എഡിഇഎച്ച്) മുന്പ് പ്രതികരിച്ചിട്ടുണ്ട്. കേൾക്കേണ്ടവർ കേൾക്കുന്നില്ലെന്നേയുള്ളൂ. മരുന്നായാലും ആരോഗ്യ ഉപകരണങ്ങളായാലും അതിന്റെ നിർമാതാക്കളിൽനിന്നും വിതരണക്കാരിൽനിന്നും പണം കൈപ്പറ്റുന്ന ഡോക്ടർമാരുടെ കൂറ് ആരോടായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ.
കൂടിയ വിലയ്ക്കുള്ള മരുന്നുകളും ഉപകരണങ്ങളും, ചിലപ്പോഴൊക്കെ അത്ര ആവശ്യമില്ലാത്ത മരുന്നുകളും പരിശോധനകളുമൊക്കെ കുറിക്കുന്പോഴും രോഗിയുടെ മുഖത്തേക്കു കുറ്റബോധമില്ലാതെ നോക്കാൻ കഴിയുന്നവർ ആതുരസേവനത്തിന്റെ പരിണാമത്തിലെ പുതിയ വർഗമാണ്. അവർ കന്പനികളിൽനിന്നും രോഗികളിൽനിന്നും കൈപ്പറ്റുന്നതിനൊന്നും കണക്കില്ല; കള്ളപ്പണക്കാരെന്ന് ആക്ഷേപിക്കപ്പെടുന്നുമില്ല.
മരുന്നുകന്പനികളെയും ആരോഗ്യ ഉപകരണ വ്യവസായികളെയും ഡോക്ടർമാരെയും നിയന്ത്രിച്ച്, വന്പൻ വ്യവസായമായി മാറിയ ആരോഗ്യരംഗത്തെ ശുദ്ധീകരിക്കാനുള്ള ഇച്ഛാശക്തി സർക്കാരിനുണ്ടോയെന്നതാണ് ഒന്നാമത്തെ ചോദ്യം.
രണ്ടാമത്തേത്, ശന്പളത്തിനൊപ്പം മരുന്ന്-ഉപകരണ കന്പനികളിൽനിന്നും രോഗികളിൽനിന്നും ഒരുപോലെ പണം വാങ്ങാനും അതേസമയം സേവനം ചെയ്യുന്നെന്നു പറയാനും ഡോക്ടർമാർക്ക് എങ്ങനെയാണ് സാധിക്കുന്നത് എന്നതാണ്.
മൂന്നാമത്തെ ചോദ്യം, ഡോക്ടർമാരുടെ അധാർമികതയുടെ കാര്യം വരുന്പോൾ പോലീസ് സ്റ്റേഷനിലോ കോടതിയിലോ തെരുവിലോ കാണാത്ത ഡോക്ടർമാരുടെ സംഘടനകളെക്കുറിച്ചാണ്. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടാത്ത ഡോക്ടർമാർ ധാരാളമുണ്ട്. പക്ഷേ, അവരുടെ നിശബ്ദതയും അഴിമതിക്കാരെ ഒട്ടും ശല്യപ്പെടുത്തുന്നില്ല.