പേരു ചോദിച്ചു മതം പറയിക്കുന്നതാണ് കൻവാറിലെ തന്ത്രമെങ്കിൽ അതു വർഗീയതയുടെ കുതന്ത്രമാണ്. അതിനു സുപ്രീംകോടതി തടയിട്ടു. ഇടുങ്ങിയ മനോവ്യാപാരങ്ങളെ തീർഥാടനവഴികളിലെങ്കിലും ഒഴിവാക്കിയിരുന്നെങ്കിൽ!
ഹൈന്ദവ തീർഥാടനമായ കൻവാർ യാത്ര കടന്നുപോകുന്ന വഴികളിലെ കടയുടമകൾ തങ്ങളുടെ പേരും നന്പറും പ്രദർശിപ്പിക്കണമെന്ന ഏതാനും സംസ്ഥാന സർക്കാരുകളുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത് ജനാധിപത്യ-മതേതര ഇന്ത്യ ആശ്വാസത്തോടെയാണു കാണുന്നത്.
ജനങ്ങളെ ഭിന്നിപ്പിക്കാനും മതവിദ്വേഷം പരത്താനുമാണ് ഈ നീക്കമെന്ന് ജനാധിപത്യ-മതേതര വിശ്വാസികളിൽ വലിയൊരു വിഭാഗവും കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും മുന്നേ അഭിപ്രായപ്പെട്ടിരുന്നു. പേരു ചോദിച്ചു മതം പറയിക്കുന്നതാണ് തന്ത്രമെങ്കിൽ അതു വർഗീയതയുടെ കുതന്ത്രമാണ്. ഇടുങ്ങിയ മനോവ്യാപാരങ്ങളെ തീർഥാടനവഴികളിലെങ്കിലും ഒഴിവാക്കിയിരുന്നെങ്കിൽ!
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് കൻവാർ തീർഥയാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളുടെ മുന്നിൽ ഉടമകളുടെയും ജീവനക്കാരുടെയും പേരു പ്രദർശിപ്പിക്കണമെന്ന് നിർദേശിച്ചത്. മുസാഫർ ജില്ലയിൽ മാത്രം 240 കിലോമീറ്ററാണ് തീർഥാടകർ സഞ്ചരിക്കുന്നത്.
മുസ്ലിംകൾ തങ്ങളുടെ കടകൾക്ക് ഹിന്ദു ദേവതകളുടെയും ദൈവങ്ങളുടെയും പേരുകൾ ഇടരുതെന്ന് മുസാഫർനഗർ എംഎൽഎയും മന്ത്രിയുമായ കപിൽദേവ് അഗർവാൾ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു പോലീസിന്റെ അറിയിപ്പ്. മതപരമായ ഘോഷയാത്രയ്ക്കിടെ ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞത്, ഇത് സാമൂഹിക കുറ്റകൃത്യമാണെന്നാണ്.
പോലീസിന്റെ ഉത്തരവ് വിവാദമായതിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതേ ആവശ്യമുന്നയിച്ചു രംഗത്തെത്തി. ഇതിനെതിരേ എൻജിഒ അസോസിയേഷൻ ഓഫ് പ്രൊട്ടക്ഷൻ സിവിൽ റൈറ്റ്സും പ്രഫ. അപൂര്‍വാനന്ദ്, ആകാര്‍ പട്ടേല്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര തുടങ്ങിയവരും സമർപ്പിച്ച ഹര്‍ജി ജസ്റ്റീസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
വ്യക്തമായ നിയമത്തിന്റെ പിൻബലമില്ലാതെ ഇതുപോലെയുള്ള ഉത്തരവിറക്കുന്നത് ഇന്ത്യയുടെ മതേതര സ്വഭാവത്തെ ലംഘിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഭക്ഷണശാലകൾക്കു മുന്നിൽ ഉടമകളുടെ പേരല്ല, എന്തുതരം ഭക്ഷണം വിതരണം ചെയ്യുന്നുവെന്നാണ് പ്രദര്‍ശിപ്പിക്കേണ്ടതെന്നു വ്യക്തമാക്കിയ കോടതി, ബന്ധപ്പെട്ട സർക്കാരുകൾക്കു നോട്ടീസ് അയയ്ക്കുകയും ചെയ്തു.
കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ബിജെപിയുടെ രാഷ്ട്രീയം മതധ്രുവീകരണത്തിന്റെ പുതിയ മേഖലകൾ നിരന്തരം തെരയുന്ന കാഴ്ച ഐക്യത്തെയും അഖണ്ഡതയെയും വിലമതിക്കുന്നവർ അപായസൂചനകളായിട്ടാണ് കാണുന്നത്. ഭക്ഷണത്തിന്റെയും കാലിക്കടത്തിന്റെയുമൊക്കെ പേരിൽ ആൾക്കൂട്ട കൊലപാതകങ്ങൾ അരങ്ങേറുന്ന നാട്ടിൽ ഇതൊക്കെ മതാന്ധത ബാധിച്ചവർക്കു കൂടുതൽ ആയുധങ്ങളല്ലാതെ രാജ്യത്തിന് എന്തു സംഭാവനയാണു നൽകുന്നത്? കൻവാർ യാത്ര ശിവഭക്തരുടെ വാർഷിക തീർഥാടനമാണ്.
ഹരിദ്വാർ, ഗോമുഖ്, ഗംഗോത്രി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ഗംഗാജലം ശേഖരിച്ച് പ്രമുഖ തീർഥാടനകേന്ദ്രങ്ങളിലോ തങ്ങളുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലോ തീർഥാടകർ അർപ്പിക്കുന്നതാണ് കൻവാർ തീർഥാടനം. രണ്ടു കുടങ്ങളിലെടുക്കുന്ന ഗംഗാജലം മുളയുടെ രണ്ടറ്റത്തു കെട്ടി തോളിൽ ചുമന്നുകൊണ്ടാണ് തീർഥാടകർ കാൽനടയായും വാഹനങ്ങളിലും സഞ്ചരിക്കുന്നത്. വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും വഴിയാണത്. വോട്ടുരാഷ്ട്രീയം അതിനെയും വെറുതെ വിടുന്നില്ലെന്നതു ഖേദകരമാണ്.
തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടിട്ടും, വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും പുണ്യവഴികളിൽ പോലും ഭിന്നിപ്പിന്റെ പഴയ മന്ത്രങ്ങളുരുവിട്ടു കാത്തുനിൽക്കുന്നവർ അധികാരത്തിലേക്കു മറ്റൊരു വഴിയും തങ്ങൾക്കു സ്വീകാര്യമല്ലെന്നോ അറിയില്ലെന്നോ പറയുന്നതിനു തുല്യമാണ്. ഭരണഘടന കവചമാക്കുകയേ നിവൃത്തിയുള്ളൂ.