കെടുകാര്യസ്ഥതയുടെ കർണാടക മോഡൽ
ഒരു മനുഷ്യനെ ലോറിയടക്കം കാണാതായിട്ട് ഒരാഴ്ച.പ്രകൃതിദുരന്തങ്ങളെ തടയാനായെന്നു വരില്ല, പക്ഷേ, കെടുകാര്യസ്ഥത അതിനെ മഹാദുരന്തമാക്കുന്നത് കണ്ടുനിൽക്കേണ്ടിവരുക ഹൃദയഭേദകമാണ്; രോഷജനകവും.
ജോയിയിൽനിന്ന് അർജുനിലേക്കുള്ള ദൂരം തിരുവനന്തപുരത്തുനിന്നു ഷിരൂരിലേക്കുള്ളതല്ല; കേരളത്തിൽനിന്നു കർണാടകത്തിലേക്കുള്ളതാണ്. ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിമറഞ്ഞ ജോയിയെ കണ്ടെത്താൻ ഇവിടെ നടത്തിയ ചടുലനീക്കങ്ങളും പരിശ്രമങ്ങളുമായി കർണാടകത്തിലെ രക്ഷാപ്രവർത്തനത്തെ താരതമ്യപ്പെടുത്തുന്നത് ഉചിതമായിരിക്കില്ല.
രണ്ടും വ്യത്യസ്ത സാഹചര്യങ്ങളാണ്. പക്ഷേ, മണ്ണിനടിയിൽ പെട്ടുപോയെന്നു കരുതുന്ന ഒരു ലോറിയിലെ ജീവനക്കാരനുവേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടങ്ങാൻ പോലും രണ്ടു ദിവസത്തിലേറെ വേണ്ടിവന്ന കർണാടക സർക്കാർ കേരളാ മോഡലിൽനിന്ന് ഏറെ അകലെയാണ്. മറ്റൊന്ന്, സൈന്യത്തിന്റെ വരവാണ്.
എത്ര മികവുണ്ടായിട്ടെന്തു കാര്യം, തിരുവനന്തപുരത്തും ഷിരൂരിലും സൈന്യം സ്ഥലത്തെത്താനെടുത്ത കാലതാമസവും അഭിമാനത്തിനു വക നൽകുന്നില്ല. പ്രതികൂല സാഹചര്യങ്ങളെയെല്ലാം അവഗണിച്ച് കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തകരെ ശിരസാൽ നമിക്കുന്പോൾതന്നെ പാളിപ്പോയ തുടക്കം ചൂണ്ടിക്കാണിക്കാതെ വയ്യ.
ഉത്തരകന്നഡ ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരൂരിൽ 16നു രാവിലെ എട്ടോടെയാണ് അർജുൻ അപകടത്തിൽപ്പെട്ടത്. ബെൽഗാവിയിൽനിന്നു ലോറിയിൽ തടിയുമായി നാട്ടിലേക്കു വരികയായിരുന്നു. കോഴിക്കോട് മുക്കം സ്വദേശി മനാഫിന്റെ ലോറിയിൽ എട്ടിനാണ് കണ്ണാടിക്കൽ സ്വദേശിയായ അർജുൻ കർണാടകത്തിലേക്കു പോയത്.
അപകടത്തിൽപ്പെട്ട ചൊവ്വാഴ്ച പുലർച്ചെയാണ് അവസാനമായി വീട്ടിലേക്കു ഫോൺ വിളിച്ചത്. തുടർന്ന് വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് അന്നു രാത്രിതന്നെ വീട്ടുകാർ ചേവായൂർ പോലീസിൽ വിവരം നൽകി. മണ്ണിടിഞ്ഞ വിവരമറിഞ്ഞ് ബുധനാഴ്ച ബന്ധുക്കൾ അപകടസ്ഥലത്ത് എത്തിയപ്പോഴാണ് യാതൊരു രക്ഷാപ്രവർത്തനവും തുടങ്ങിയിട്ടുപോലുമില്ലെന്നറിഞ്ഞത്.
സംഭവം വിവാദമാകുകയും കേരളത്തിൽനിന്നുൾപ്പെടെ ഇടപെടൽ ഉണ്ടാകുകയും ചെയ്തതോടെയാണ് കർണാടക സർക്കാർ ഉണർന്നത്. മണ്ണിടിച്ചിലിൽ ദേശീയപാതയിലെ ചായക്കടക്കാരൻ ഉൾപ്പെടെ 10 പേർ മരിച്ച സ്ഥലത്താണ് അർജുന്റെ ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കണ്ടത്. ചായ കുടിക്കാൻ വാഹനങ്ങൾ നിർത്തിയവരാകാം അപകടത്തിൽ പെട്ടതെന്നു സൂചനയുണ്ട്.
ശനിയാഴ്ച രാവിലെ മുതൽ രക്ഷാപ്രവർത്തനം ഊർജിതമായിരുന്നു. കനത്ത മഴ തുടരുകയായിരുന്നെങ്കിലും നിരവധി മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പർ ലോറികളും ചേർന്ന് തുടർച്ചയായി മണ്ണ് നീക്കുകയായിരുന്നു. അതേസമയം, സൈനികർ ഇന്നലെ 11 മണിയോടെ ദുരന്തസ്ഥലത്ത് എത്തുമെന്നു പറഞ്ഞിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം വൈകിയാണെത്തിയത്.
തിരുവനന്തപുരത്ത് ആമയിഴഞ്ചാനിൽ നാവികസേന എത്തിയതിലെ കാലതാമസവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നിരിക്കെ ഈ കാലതാമസം അത്യധികം ഗൗരവതരമാണ്.
ഇന്നലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തിയതോടെ രക്ഷാപ്രവർത്തനം അങ്ങേയറ്റം പ്രശംസാർഹമായിരുന്നു. പക്ഷേ, അപകടമുണ്ടായ ചൊവ്വാഴ്ചതന്നെ ഇതൊക്കെ ചെയ്തിരുന്നെങ്കിൽ എന്ന വ്യഥ ബാക്കിയുണ്ട്. പ്രത്യേകിച്ചും, അർജുനെയോർത്ത് ഏഴാം പക്കവും ഉറങ്ങാതിരിക്കുന്ന പ്രിയപ്പെട്ടവർക്ക്.
2018ലെ പ്രളയത്തെ കേരളം ഒറ്റക്കെട്ടായി നേരിട്ടതും എണ്ണയിട്ട യന്ത്രംപോലെ കേരള സർക്കാർ പ്രവർത്തിച്ചതും ഓർമയിലുള്ളവർക്ക് കർണാടകത്തിൽ സംഭവിച്ചതിൽ പോരായ്മ തോന്നും. അതിൽ ഏറ്റവും പ്രധാനം, വൈകിത്തുടങ്ങിയ രക്ഷാപ്രവർത്തനമാണ്. ദുരന്തമുണ്ടായി രണ്ടു ദിവസം രക്ഷാപ്രവർത്തനം നടത്തിയില്ലെന്നത് കർണാടക സർക്കാരിന്റെ പരാജയമാണ്.
മണ്ണിനടിയിൽ പെട്ടെന്നു കരുതുന്നവരുടെ ബന്ധുക്കൾ ആ നിഷ്ക്രിയതയ്ക്കു സാക്ഷിയാകേണ്ടിവരുന്നത് എത്ര ഹൃദയഭേദകമാണ്? അർജുന്റെ ബന്ധുക്കൾ രണ്ടുതവണ അങ്കോള പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയിട്ടും എഫ്ഐആർ പോലും തയാറാക്കിയില്ല.
ആ ജില്ലാ പോലീസ് മേധാവിയുടെ വകതിരിവില്ലാത്ത പെരുമാറ്റങ്ങളും വിവാദമായി. പ്രകൃതിദുരന്തങ്ങളെ തടയാനായെന്നു വരില്ല, പക്ഷേ, കെടുകാര്യസ്ഥത അതിനെ മഹാദുരന്തമാക്കുന്നത് കണ്ടുനിൽക്കേണ്ടിവരുന്നത് ഹൃദയഭേദകമാണ്; രോഷജനകവും.