ജലാശയങ്ങൾക്കു ചരമഗീതം
Friday, July 19, 2024 12:00 AM IST
ഒഎൻവി മുൻകൂട്ടി എഴുതിയ ‘ഭൂമിക്കൊരു ചരമഗീതം’ ആലപിച്ച്, മരണാസന്നതയിൽ പുഴുവരിച്ച പുഴകളുടെയും മറ്റു ജലാശയങ്ങളുടെയും ചരമശുശ്രൂഷയ്ക്കു സമയമായിരിക്കുന്നു. ഇന്നുതന്നെ എല്ലാവരും സമീപത്തുള്ള ജലാശയങ്ങളിൽ മുഖം നോക്കുക.
ആരെങ്കിലുമിപ്പോൾ തോടുകളിലോ കുളങ്ങളിലോ കുളിക്കാറുണ്ടോ? കുപ്രസിദ്ധമായ ആമയിഴഞ്ചാനിലെ കാര്യമല്ല, കേരളത്തിലെ സകല പുഴകളുടെയും നദികളുടെയും കൈത്തോടുകളുടെയുമൊക്കെ കാര്യമാണ്.
ഇല്ല; കൈയും മുഖവും കഴുകാൻ പോലും നമ്മുടെ നാട്ടിൻപുറങ്ങളിലെ ജലാശയങ്ങളെ ആരും ആശ്രയിക്കുന്നില്ല. അത്ര മലിനമായിക്കഴിഞ്ഞു അവയെല്ലാം. കാരണം, അതെല്ലാം നാം മാലിന്യകേന്ദ്രങ്ങളാക്കി മാറ്റി.
അതേ, മാലിന്യസംസ്കരണത്തിനു കുറ്റമറ്റ സംവിധാനമുണ്ടാകാതെ നമ്മുടെ ജലസ്രോതസുകളെ രക്ഷിക്കാനാവില്ല. ഇവിടെ മാലിന്യം തള്ളരുതെന്ന ബോർഡുകളല്ല, എവിടെ തള്ളണമെന്നാണു പറയേണ്ടത്.
അതുണ്ടാകാത്തിടത്തോളം നമുക്ക് ഒരു ജലസ്രോതസിനെയും രക്ഷിക്കാനാവില്ല. നാടിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറിയ മാലിന്യസംസ്കരണത്തിന്റെ ഉത്തരവാദിത്വം മാത്രമുള്ള ഒരു വകുപ്പും മന്ത്രിയും അനിവാര്യമാണ്.
പ്രശ്നം ഗുരുതരമാണ്. സർക്കാരിന്റെ പാർട്ട് ടൈം ജോലികൊണ്ട് കേരളം മാലിന്യമുക്തമാകില്ല. അല്ലെങ്കിൽ, ഒഎൻവി മുൻകൂട്ടി എഴുതിയ ‘ഭൂമിക്കൊരു ചരമഗീതം’ ആലപിച്ച്, ചത്തു പുഴുവരിച്ച പുഴകളുടെയും മറ്റു ജലാശയങ്ങളുടെയും ചരമശുശ്രൂഷ നടത്താം.
ഇന്നലത്തെ പത്രങ്ങളിൽ ശ്രദ്ധേയമായ വാർത്തയായിരുന്നു പാരീസ് മേയർ ആൻ ഹിഡാൽഗോ പാരീസിലെ സെയ്ൻ നദിയിൽ നീന്തിയത്. 100 വർഷമായി നീന്തൽ നിരോധിച്ചിരുന്ന നദി ഒളിന്പിക്സിനു മുന്പ് ശുചിയാക്കി നീന്തലിനു തുറന്നുകൊടുക്കുമെന്ന വാഗ്ദാനമാണ് സർക്കാർ പാലിച്ചത്.
777 കിലോമീറ്ററുള്ള നദി ശുചിയാക്കാൻ 12,000 കോടി രൂപയുടെ പദ്ധതി 2018ൽ തുടങ്ങിയതാണ് കഴിഞ്ഞദിവസം പൂർത്തീകരിച്ചത്. ഒളിന്പിക്സിന്റെ ഉദ്ഘാടനത്തിനും മത്സര ഇനങ്ങൾക്കും സെയ്ൻ വേദിയാകും. അതു പാരീസിലെ കാര്യം. കേരളത്തിൽ ഇന്നലെ പത്രങ്ങളിൽ മറ്റൊരു വാർത്തകൂടി ഉണ്ടായിരുന്നു.
മാലിന്യം തോടുകളിലേക്കു തള്ളുന്നതു തടഞ്ഞില്ലെങ്കിൽ തിരുവനന്തപുരത്ത് സംഭവിച്ചതുപോലുള്ള ദുരന്തം കൊച്ചിയിലും ഉണ്ടാകുമെന്ന് ഹൈക്കോടതി പറഞ്ഞതാണ് വാർത്ത. പേരണ്ടൂർ കനാലിലും മറൈൻ ഡ്രൈവിൽ മഴവിൽ പാലത്തിനടിയിലും വലിയതോതിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്.
ഇത്രയധികം മാലിന്യം എങ്ങനെയാണ് എത്തുന്നതെന്ന് കണ്ടെത്തണമെന്നു കോടതി പറഞ്ഞു. തിരുവനന്തപുരത്തും കൊച്ചിയിലും മാത്രമല്ല, കേരളത്തിലെ സകല പഞ്ചായത്തുകളിലും ഇതാണ് സ്ഥിതി.
നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി എത്ര കോടി രൂപയാണ് മാലിന്യസംസ്കരണത്തിനു ചെലവഴിക്കുന്നത്. ഇതൊക്കെ എവിടെ പോകുന്നു? ഹോട്ടലുകളും ഇറച്ചിക്കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും വ്യക്തികളുമൊക്കെ മാലിന്യം വഴിയരികിലും ജലാശയങ്ങളിലുമൊക്കെ വലിച്ചെറിയുകയാണ്.
കക്കൂസ് മാലിന്യം ലോറികളിൽ എത്തിച്ച് തോടുകളിൽ തള്ളുന്നത് പതിവായി. ഇരുട്ടിന്റെ മറവിലാണ് ഇതൊക്കെ നടക്കുന്നത്. പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമൊക്കെ കാര്യമറിയാം. ആരും ഇടപെടുന്നില്ല. വർഷംതോറും ശുചീകരണത്തിനു ചെലവഴിക്കുന്ന ഫണ്ടായിരിക്കാം പ്രലോഭനം.
സംസ്ഥാനത്തിന് മാലിന്യനിർമാർജനത്തിന് ഒരു പദ്ധതിയുണ്ടാകണം. തദ്ദേശ സ്ഥാപനങ്ങളെക്കൊണ്ട് അതു നടത്തിക്കണം. ബിരുദധാരികളെയും ബിരുദാനന്തര ബിരുദധാരികളെയും ഡോക്ടർമാരെയും എൻജിനിയർമാരെയും ജനപ്രതിനിധികളെയുമൊക്കെ പഠിപ്പിച്ചുകൊണ്ടേയിരിക്കണം മാലിന്യം വലിച്ചെറിയാതിരിക്കാൻ.
സംസ്ഥാനത്തിനു പൊതുവായി മാലിന്യസംസ്കരണ നയമുണ്ടാക്കുമെന്നും അതിൽനിന്നു തൊഴിലും വരുമാനവുമുണ്ടാക്കുമെന്നുമൊക്കെ സർക്കാർ പറയുന്നതു കേട്ടു മടുത്തു.
മാലിന്യ ശുചീകരണത്തിനെന്ന പേരിൽ വർഷംതോറും പണമിറക്കുന്ന സർക്കാർ മാലിന്യം അവിടെ എത്താതിരിക്കാനുള്ള നടപടികളാണ് ആദ്യം സ്വീകരിക്കേണ്ടത്. കുടുംബശ്രീ യൂണിറ്റുകൾക്കു പങ്കാളിത്തമുള്ള ഹരിതകർമസേന കേരളത്തിന്റെ മാലിന്യനിർമാർജനത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.
പക്ഷേ, നാടായ നാടും തോടായ തോടുമെല്ലാം മാലിന്യം നിറയുകയും ചെയ്യുന്നു. മാസത്തിലൊരിക്കൽ പ്ലാസ്റ്റിക് പെറുക്കിയാൽ തീരുന്നതല്ല കേരളത്തിലെ മാലിന്യപ്രശ്നമെന്ന് സർക്കാർ തിരിച്ചറിയണം. ഫാക്ടറികളിൽനിന്നും വീടുകളിൽനിന്നും കക്കൂസുകളിൽനിന്നുമൊക്കെ ഒരു കുഴലും ജലാശയങ്ങളിലെത്തരുത്.
കേരളത്തിൽനിന്നു വിദേശരാജ്യങ്ങളിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവർ അവിടങ്ങളിലെ മാലിന്യമുക്തമായ പാതകളും ജലാശയങ്ങളും കണ്ട് അന്പരന്നുപോയിട്ടുണ്ട്.
അതിന്റെയൊക്കെ പിന്നിൽ സർക്കാരുകളുടെയും ജനങ്ങളുടെയും സാമൂഹിക പ്രതിബദ്ധതയും ശാസ്ത്രീയ പദ്ധതികളുമുണ്ട്. അതു നമുക്കും സാധിക്കും.
മേഘാലയയിലെ ഷില്ലോംഗിൽനിന്ന് 75 കിലോമീറ്റർ അകലെയാണ് ഏഷ്യയിലെതന്നെ ഏറ്റവും ശുദ്ധമായ ദാവ്കി എന്ന ഉമൻകോട്ട് നദി. നദിയോടു ചേർന്നുള്ള മൗലിനോംഗ് അറിയപ്പെടുന്നത് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നാണ്.
വൃത്തിയുള്ള നാട്ടിലേ വൃത്തിയുള്ള ജലാശയമുണ്ടാകൂ. മൗലിനോംഗിന്റെ മറ്റൊരു പേര് ‘ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം’ എന്നാണ്. 100 ശതമാനം സാക്ഷരതയാണ് നാട്ടുകാർക്ക്.
സാക്ഷരതയും വൃത്തിയുടെ പൊങ്ങച്ചത്തൊപ്പിയും ദൈവത്തിന്റെ സ്വന്തം നാടെന്ന പരസ്യവാചകവുമല്ലാതെ കേരളം എന്നാണ് ഒരു തോടെങ്കിലും വൃത്തിയാക്കുന്നത്?
ഇംഗ്ലീഷ് എഴുത്തുകാരൻ ബ്രയാൻ ആൽഡിസിന്റെ നിരീക്ഷണം കേൾക്കൂ: “മനുഷ്യൻ തനിക്കും സ്വന്തം വിസർജ്യത്തിനും ഇടയിൽ സ്ഥാപിച്ചിരിക്കുന്ന ദൂരമാണ് നാഗരികത.” നമുക്കും മാലിന്യ-വിസർജ്യപ്പുഴകൾക്കുമിടയിൽ എത്ര ദൂരമുണ്ട്?