തീറ്റിപ്പോറ്റുന്നവരുടെ ഫ്യൂസല്ലേ,ഇത്തിരി ഉളുപ്പ്?
Wednesday, July 10, 2024 12:00 AM IST
ഇക്കഴിഞ്ഞ കൊടുംവേനലിൽ കുഞ്ഞുങ്ങളും പ്രായമായവരും രോഗികളുമൊക്കെയുള്ള എത്രയോ വീടുകളിലെ ഫ്യൂസാണ് ഒരു ദിവസത്തെ സമയംപോലും കൊടുക്കാതെ കെഎസ്ഇബി ഊരിയെടുത്തത്. ഇത്തിരി "പൂർവ വൈരാഗ്യം' മിക്ക മലയാളികളുടെയും ഉള്ളിലുണ്ട്.
കെഎസ്ഇബി ഒരു തെരഞ്ഞെടുപ്പിനെ നേരിട്ട് എല്ലാ സീറ്റിലും പരാജയപ്പെട്ട സ്ഥിതിയിലാണ്. തിരുത്തിയില്ലെങ്കിൽ ജനം സമ്മതിക്കില്ല. തിരുവന്പാടിയിൽ വൈദ്യുതിബിൽ സമയത്ത് അടയ്ക്കാതിരുന്നവരുടെയും അതു ചോദ്യം ചെയ്ത് സംഘർഷമുണ്ടാക്കിയ യുവാവിന്റെയും വീടുകളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച സംഭവത്തിൽ ജനങ്ങൾ കെഎസ്ഇബിക്ക് ഒപ്പം നിൽക്കാതിരുന്നത് അതിരുകടന്ന അധികാരപ്രയോഗംകൊണ്ടു മാത്രമല്ല, "ഫ്യൂസ് ഊരൽ' തോന്ന്യാസംകൊണ്ടുകൂടിയാണ്.
ഒരു തവണത്തെ വീഴ്ചയുടെ പേരിൽപോലും നിങ്ങൾ ഫ്യൂസ് ഊരാത്ത എത്ര വീടുകളുണ്ട് കേരളത്തിൽ? സർക്കാർ സ്ഥാപനങ്ങളും വൻകിടക്കാരും കോടിക്കണക്കു രൂപ നൽകാനുണ്ടായിട്ടും ഫ്യൂസ് ഊരുന്നത് തങ്ങളുടേതു മാത്രമാണെന്ന് പാവങ്ങൾക്കറിയാം. അവരുടെയൊക്കെ ഉള്ളിലൊളിപ്പിച്ച അരിശമാണ് ഇപ്പോൾ പുറത്തുവന്നത്. പൂർവവൈരാഗ്യമെന്നു പറഞ്ഞാലും തെറ്റില്ല. തിരുത്താൻ സമയമായി.
ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് തിരുവമ്പാടിയിൽ റസാക് എന്നയാളുടെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ചതാണ് തുടക്കം. അദ്ദേഹത്തിന്റെ മകന് അജ്മലും സുഹൃത്തും ഇതിന്റെ പേരിൽ ബന്ധപ്പെട്ട ജീവനക്കാരെ ഭീഷണിപ്പെടുത്തി കൈയേറ്റം ചെയ്തെന്നാരോപിച്ച് കെഎസ്ഇബി കേസ് കൊടുത്തു.
അതിന്റെ പ്രതികാരമായി അജ്മലും കൂട്ടാളിയും സെക്ഷന്‍ ഓഫീസിലെത്തി ജീവനക്കാർക്കുമേൽ മലിനജലം ഒഴിക്കുകയും വധഭീഷണി മുഴക്കുകയും ഓഫീസ് ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തെന്നാണ് ജീവനക്കാരുടെ ആരോപണം. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തുടർന്ന് കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ അജ്മലിന്റെ വീട്ടിലെ ഫ്യൂസ് ഊരാൻ ഉത്തരവിട്ടെങ്കിലും മന്ത്രി ഇടപെട്ട് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. നിയമം അതിന്റെ വഴിക്കു പോയാൽ മതി. ജീവനക്കാരെ ഉപദ്രവിച്ചതിനു ന്യായീകരണമില്ല. പക്ഷേ, അതിന്റെ പേരിൽ കുടിശിക വരുത്താത്ത വ്യക്തിയുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ കെഎസ്ഇബി കോടതിയല്ലെന്ന് ഓർമിപ്പിക്കട്ടെ. കെഎസ്ഇബിയുടെ ഫ്യൂസ് ഊരൽ ശിക്ഷ നടപ്പുരീതിയായിട്ടുണ്ട്. മറന്നുപോയതാണ്, ഓൺലൈനിലോ നേരിട്ടോ അന്നുതന്നെ അടച്ചുകൊള്ളാമെന്നു പറഞ്ഞാലും രക്ഷയില്ല.
ബില്ലടച്ചിട്ട് ഓഫീസിൽ അറിയിക്കാൻ ഉത്തരവിട്ട് ഒരു പ്രത്യേക ചാരിതാർഥ്യത്തോടെ നടന്നുപോകുന്ന ജീവനക്കാരെ ജനം മറക്കില്ല. ഇക്കഴിഞ്ഞ കൊടുംവേനലിൽ കുഞ്ഞുങ്ങളും പ്രായമായവരും രോഗികളുമൊക്കെയുള്ള എത്രയോ വീടുകളിലാണ് ഈ "ക്രൂരത' അരങ്ങേറിയത്. അതേ, കെഎസ്ഇബിയോട് ഇത്തിരി "പൂർവ വൈരാഗ്യം' മിക്ക മലയാളികളുടെയും ഉള്ളിലുണ്ട്.
ഉയർന്ന വൈദ്യുതിനിരക്കും ഉപയോഗം വർധിക്കുന്നതിനനുസരിച്ച് വീണ്ടും ഉയരുന്ന നിരക്കും പതിറ്റാണ്ടുകൾ കഴിഞ്ഞാലും അവസാനിക്കാത്ത മീറ്റർ വാടകയുമൊക്കെ സഹിക്കുന്ന ജനങ്ങളുടെ മനസിൽ കെഎസ്ഇബിക്കു പിടിച്ചുപറിക്കാരുടെ പരിവേഷമാണ്. ചെലവും ധൂർത്തുമൊക്കെ കൂടുന്നതിനനുസരിച്ച് വൈദ്യുതി ചാർജും വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും സാന്പത്തികമായി രക്ഷപ്പെടുന്നുമില്ല. അതേസമയം, വിവിധ സ്ഥാപനങ്ങളില്‍നിന്നു കെഎസ്ഇബിക്ക് കിട്ടാനുള്ള കുടിശിക 2310.70 കോടിയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശിക മാത്രം 1,009.74 കോടി.
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ 172.75, പൊതുമേഖലാ സ്ഥാപനങ്ങള്‍ 338.71, വാട്ടര്‍ അഥോറിറ്റി 188.29, കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ 1.41, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ 67.39, തദ്ദേശ സ്ഥാപനങ്ങള്‍ 7.27, പൊതുസ്ഥാപനങ്ങള്‍ 70.94... എന്നിങ്ങനെയാണ് കോടികളുടെ കണക്ക്. പക്ഷേ, വൈദ്യുതി വിച്ഛേദിക്കുന്നത് മറ്റിടങ്ങളിലാണ്. 2023 മാർച്ച് ഒന്നു മുതൽ 1,62, 376 ഗാർഹിക കണക്ഷനുകൾ വയനാട് ജില്ലയിൽ മാത്രം വിച്ഛേദിച്ചെന്നാണ് കഴിഞ്ഞദിവസം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞത്.
ഇതിൽ 2,644 കുടുംബങ്ങൾ വയനാടിൽ ഇപ്പോഴും ഇരുട്ടിലാണ്. വിച്ഛേദിക്കപ്പെട്ട കണക്ഷനുകളിൽ 3,113 എണ്ണം പട്ടികവർഗ കുടുംബങ്ങളുടേതാണ്. പക്ഷേ, 11 ലക്ഷത്തിൽപരം രൂപ കുടിശികയുണ്ടായിട്ടും സെക്രട്ടേറിയറ്റിലെ ഫ്യൂസ് ഊരിയില്ല കേട്ടോ.
കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച്, വൈദ്യുതി വിച്ഛേദിക്കാൻ പതിനഞ്ച് ദിവസത്തെ നോട്ടീസ് നൽകണം. വൈദ്യുതി വിച്ഛേദിക്കുന്ന തിയതി ഉൾപ്പെടെയുള്ള ഡിമാന്‍ഡ് കം ഡിസ്കണക്ഷന് നോട്ടീസായിട്ടാണ് ബില്ല് നൽകുന്നത്. ഉച്ചകഴിഞ്ഞ് ഒന്നിനു ശേഷമോ അവധിദിനത്തിലോ വൈദ്യുതി വിച്ഛേദിക്കാൻ പാടുള്ളതല്ല.
അതാണോ നടക്കുന്നത്? ഡൽഹിയും പഞ്ചാബും കർണാടകവും ഉത്തരാഖണ്ഡുമൊക്കെ നൽകുന്നതുപോലെ സൗജന്യ വൈദ്യുതിയൊന്നും വേണ്ട, കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയ്ക്കും ധൂർത്തിനുമൊക്കെ പിഴയൊടുക്കുന്ന ഉപയോക്താക്കളുടെ വീട്ടിലെത്തി ഫ്യൂസ് ഊരുന്പോൾ ഇത്തിരി മനുഷ്യത്വം കാണിക്കണം. മന്ത്രി ഇടപെട്ട് ഈ പ്രാകൃതരീതി അവസാനിപ്പിക്കണം. തീറ്റിപ്പോറ്റുന്നവരുടെ ഫ്യൂസല്ലേ, ഇത്തിരി ഉളുപ്പ് വേണമെന്നു ജീവനക്കാരോടു പറയണേ.