വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി
Friday, July 5, 2024 12:00 AM IST
സീറോമലബാർ സഭയുടെ നാൾവഴികളിൽ ജൂലൈ മൂന്ന് പുതിയൊരാകാശവും പുതിയൊരു ഭൂമിയും തുറന്നിരിക്കുന്നു. വേദനകളുടെ രാത്രികൾക്കൊടുവിൽ ഐക്യത്തിന്റെ അൾത്താരയിൽ നമ്മളർപ്പിച്ച ബലി വിശുദ്ധമായിരിക്കുന്നു.
ദുക്റാന തിരുനാളിന്റെ പള്ളിമണികളിലേക്ക് സമാധാനത്തിന്റെ പ്രാവുകൾ ചിറകടിച്ചെത്തിയിരിക്കുന്നു. ഏകീകൃത കുർബാനയുടെ അഭിപ്രായവ്യത്യാസങ്ങളെ മറികടന്ന് പഴയൊരു പെസഹാത്തിരുനാളിന്റെ ഓർമയിലും ഒരുമയിലും അൾത്താരകൾ സജീവമായി. മാർപാപ്പയ്ക്കും സിനഡ് പിതാക്കന്മാർക്കുമൊപ്പം എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും രണ്ടു സഹസ്രാബ്ദങ്ങൾ പിന്നിട്ട കത്തോലിക്കാ സഭയുടെ ആത്മാവിനെ പൂർവാധികം പ്രകാശിപ്പിച്ചിരിക്കുന്നു. അതിനി കെട്ടുപോകില്ലെന്ന് ഉറപ്പാക്കാൻ എല്ലാവർക്കുമുണ്ട് ഉത്തരവാദിത്വം. നമ്മളൊന്നാണെന്ന് മറക്കാതിരിക്കാം; ഒന്നിച്ചല്ലെങ്കിൽ ഒന്നുമല്ലെന്നും.
വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വ തിരുനാളിന്റെ തലേരാത്രിയിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ സഹോദരവൈദികരേ, എന്നു തുടങ്ങുന്ന ഒരു സന്ദേശം എല്ലാവർക്കുമായി പുറപ്പെടുവിച്ചിരുന്നു. സഭയുടെ കുർബാനയർപ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപതയിലും നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു ഉള്ളടക്കം. അതിന്റെ കാതൽ ഇങ്ങനെയായിരുന്നു: “1999ലെ മെത്രാന്മാരുടെ സിനഡാണ് വിശുദ്ധ കുർബാനയുടെ ഏകീകൃതരൂപം തീരുമാനിച്ചത്. 2000 ജൂലൈയിലും 2021 നവംബറിലുമായി എറണാകുളം-അങ്കമാലി അതിരൂപതയിലൊഴികെ മറ്റെല്ലായിടത്തും അതു നടപ്പായി. ഫ്രാൻസിസ് മാർപാപ്പ മൂന്നു തവണ ഇടപെട്ടു. അനുസരിച്ചില്ലെങ്കിൽ നാം സഭയുടെ കൂട്ടായ്മയിൽനിന്നു പുറത്താകുമെന്നുപോലും അദ്ദേഹത്തിനു പറയേണ്ടിവന്നു.
സിനഡിന്റെ തീരുമാനം പൂർണമായി നടപ്പാക്കാനായില്ലെങ്കിൽ സർക്കുലറിൽ പറഞ്ഞിരുന്നതുപോലെ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു വിശുദ്ധ കുർബാനയെങ്കിലും ഏകീകൃതരീതിയിൽ നടപ്പാക്കണം. അതുപോലും ചെയ്യാത്ത വൈദികർക്കെതിരേ സഭാനിയമപ്രകാരമുള്ള അച്ചടക്ക നടപടികൾ ആരംഭിക്കും. പൗരോഹിത്യ സ്വീകരണവേളയിൽ ഏറ്റുപറഞ്ഞിരുന്നതുപോലെ, മാർപാപ്പയെയും മേജർ ആർച്ച്ബിഷപ്പിനെയും രൂപത മെത്രാനെയും അനുസരിക്കേണ്ട സമയമാണിത്; സാക്ഷ്യം പറയേണ്ട സമയം. പുറത്തുപോയാലും മാർപാപ്പയുടെ കീഴിൽ ഒരു സ്വതന്ത്രസഭയായി തുടരാമെന്ന വ്യാജപ്രചാരണം വിശ്വസിക്കരുത്. സഭാകൂട്ടായ്മയിൽ നിങ്ങൾ എല്ലാവരും ഉണ്ടാകണം.’’
എല്ലാവരുടെയും വികാരങ്ങളെ നെഞ്ചോടു ചേർത്ത് ഒരാളുടെയും മനസിനു മുറിവേൽക്കരുത് എന്ന കരുതലോടെയായിരുന്നു മേജർ ആർച്ച്ബിഷപ്പിന്റെ ശരീരഭാഷ പോലും. സ്നേഹപൂർവമുള്ള ഈ ആഹ്വാനത്തോട് സ്നേഹത്തോടെതന്നെ എറണാകുളം-അങ്കമാലി അതിരൂപത പ്രതികരിച്ചത് ചരിത്രമായി. പിളർപ്പിന്റെ വിദൂരസാധ്യതകളെപ്പോലും ഇല്ലാതാക്കാനുള്ള സഭയുടെ ശ്രമങ്ങളെ അവർ വിജയിപ്പിച്ചു.
ഇതരമതസ്ഥരായ നിരവധി സമാധാനകാംക്ഷികൾക്കും സന്തോഷമേകിയ ദിനമായിരുന്നു ജൂലൈ മൂന്ന്. സംഘർഷം ആഗ്രഹിക്കാത്ത മനുഷ്യരാണ് ലോകത്ത് അധികവും. മാത്രമല്ല, വർഗീയതയുടെയും തീവ്രവാദത്തിന്റെയും ഹിംസാത്മകമായ പടയോട്ടങ്ങൾ പടിവാതിൽക്കലെത്തുന്പോൾ പരസ്പരം പൊരുതാനല്ല നമ്മുടെ നിയോഗമെന്നു ചരിത്രം പഠിപ്പിക്കുന്നുമുണ്ട്. ബൈസന്റൈൻ സാമ്രാജ്യം തകർന്നതിന്റെ കാരണങ്ങളിലൊന്ന് ക്രൈസ്തവർക്കിടയിലെ അന്തഃഛിദ്രങ്ങളായിരുന്നു. 1453ൽ മുഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ (ഇന്നത്തെ ഇസ്താംബൂൾ) കീഴടക്കി ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമാക്കുവോളം അതു തുടർന്നു.
ക്രൈസ്തവനാഗരികതയുടെ പിള്ളത്തൊട്ടിലായിരുന്ന മധ്യപൂർവദേശത്തും ക്രിസ്ത്യാനികൾ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു. ഏഴാം നൂറ്റാണ്ട് മുതലുള്ള ഇസ്ലാം അധിനിവേശമാണ് പ്രധാന കാരണമെങ്കിലും ക്രൈസ്തവർക്കിടയിലെ അനൈക്യവും ഇതിനു കാരണമായി. ഉത്തരേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും വിശ്വാസത്തിന്റെ പേരിൽ ക്രൈസ്തവർ പീഡനങ്ങൾ സഹിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം വർഗീയവാദികളുടെ തിട്ടൂരത്തിൽ നടത്തേണ്ടിവരുന്നു. വിലക്കയറ്റവും കടക്കെണിയും തൊഴിലില്ലായ്മയുമൊക്കെ നമ്മുടെ കുടുംബങ്ങളെ നിസഹായരാക്കുകയാണ്. മദ്യവും മയക്കുമരുന്നും യുവാക്കളെയുംകൊണ്ട് ഇരുട്ടുവഴി കയറുന്നു. അക്രമങ്ങളും കൊലപാതകങ്ങളും സ്ത്രീവിരുദ്ധതയുമൊക്കെ പത്രപ്പേജുകളെ തിന്നുതീർക്കുകയാണ്. കൈകോർത്തു പൊരുതാൻ എന്തെല്ലാം വിഷയങ്ങൾ..! നമ്മുടെ മുൻഗണനകൾ മാറ്റണം. സഭയ്ക്കെന്നല്ല, അന്തഃഛിദ്രമുള്ള ചെറിയൊരു കുടുംബത്തിനുപോലും മുന്നോട്ടു പോകാനാവില്ല.
അൾത്താരയിൽ ഐക്യമില്ലാതെ സഭയിൽ ഐക്യം സാധ്യമല്ലെന്ന ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വാക്കുകൾ തട്ടിൽ പിതാവ് ഓർമിപ്പിച്ചത് സീറോ മലബാർ സഭയിലെ ഓരോ അംഗവും തങ്ങളുടെ ഹൃദയഭിത്തിയിൽ കുറിച്ചിടേണ്ടതാണ്. സമാധാനമെന്നത് യുദ്ധമില്ലാത്ത അവസ്ഥ മാത്രമല്ലെന്നു നമുക്കറിയാം. ഇപ്പോഴത്തേതു സ്വസ്ഥതയാണ്. സമാധാനത്തിലേക്ക് ഇനിയുമുണ്ട് സഞ്ചരിക്കാൻ. ജൂലൈ രണ്ടുവരെ തെരുവിലും സോഷ്യൽ മീഡിയയിലുമൊക്കെ നടത്തിയ ആക്ഷേപങ്ങൾ നാം ആവർത്തിക്കരുത്. നല്ലതു പറയാനാകാത്തവർ നിശബ്ദത പാലിക്കുകയെങ്കിലും ചെയ്യണം.
ഉള്ളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ കഴിയുമെങ്കിൽ മുറിവുകളുണക്കാനും സീറോമലബാർ സഭയ്ക്കു കഴിയും. ഒന്നിച്ചൊരു ബലിയർപ്പിക്കാൻ നമ്മൾ ബലിപീഠത്തിലേക്കു നീങ്ങിക്കഴിഞ്ഞു. നമ്മൾ പറ്റില്ലെന്നു പറഞ്ഞിരുന്നെങ്കിൽ നല്ലതൊന്നും സംഭവിക്കില്ലായിരുന്നു. പക്ഷേ, നമ്മുടെ ഐക്യം ചരിത്രമായി. വരാനിരിക്കുന്ന തലമുറകൾക്ക് സഭയോടു ചേർന്നുനിൽക്കാൻ ധൈര്യം പകരുന്ന ചരിത്രം. ദുക്റാന തിരുനാളിന്റെ പുലരിയിൽ ഐക്യത്തിന്റെ കൊടിയേന്തി നമ്മളെഴുതിയ ചരിത്രത്തെ അപനിർമിക്കാൻ ഒരാളെയും അനുവദിക്കരുത്; നമ്മളൊന്നാണ്.
വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി; ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി. നിന്നിൽനിന്നു സ്വീകരിച്ച കുർബാന കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ എന്നു പ്രാർഥിച്ചുകൊണ്ടാണ് നമ്മൾ പള്ളിവിട്ടിറങ്ങുന്നത്. കാരണം, ഇനിയൊരു ബലി അർപ്പിക്കുവാൻ തിരികെയെത്തുമോ ഇല്ലയോ എന്നുപോലും നമുക്കറിഞ്ഞുകൂടാ. ഉള്ള സമയത്ത് ഒന്നിച്ചു നിൽക്കാം.