അവയവക്കച്ചവട റാക്കറ്റിന്റെ അടിവേരറക്കണം
അവയവദാനത്തിന് ഇന്ത്യയിൽ കർശന നിയമങ്ങൾ നിലവിലുണ്ട്. എന്നിരുന്നാലും പണം നൽകി അവയവങ്ങൾ സംഘടിപ്പിച്ചു നൽകുന്ന ഇടനിലക്കാർ കേരളത്തിലടക്കം സജീവമാണ്.
അവയവക്കച്ചവടത്തിന്റെ കണ്ണികൾ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്നുവെന്ന വാർത്ത ഞെട്ടലുളവാക്കുന്നതാണ്. ദാരിദ്ര്യത്തിന്റെ പാരമ്യത്തിൽ സ്വന്തം അവയവം പോലും വിൽക്കാൻ തയാറാകുന്ന പാവങ്ങളെ വശീകരിച്ചും ചതിയിൽ പെടുത്തിയും നടത്തുന്ന ഈ ക്രൂരതയുടെ പിന്നിലുള്ള വൻതോക്കുകളെയടക്കം നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
അതിനായി സംസ്ഥാന പോലീസിന്റെ അന്വേഷണം മതിയാകില്ലെന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അവയവക്കച്ചവടക്കാരെ എത്രയും പെട്ടെന്ന് അഴിക്കുള്ളിലാക്കിയില്ലെങ്കിൽ അത് വലിയ സാമൂഹികവിപത്തായി മാറും. നിരവധിത്തവണ ഇറാനിലേക്ക് ഇരകളുമായി സുഗമമായി യാത്രചെയ്യാൻ ഇപ്പോൾ പിടിയിലായ പ്രതിക്കു കഴിഞ്ഞുവെന്നതുതന്നെ ആശങ്കയുണ്ടാക്കുന്നതാണ്.
യാതൊരു കണക്കുമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികൾ എത്തുന്ന കേരളത്തിൽ ഇത്തരമൊരു റാക്കറ്റിന് ഇരകളെ കിട്ടുക പ്രയാസമില്ലാത്ത കാര്യമാണ്. അതു മുതലെടുത്താണ് അവയവക്കച്ചവടക്കാർ ഇവിടെ വല വിരിച്ചിരിക്കുന്നത് എന്നുവേണം അനുമാനിക്കാൻ.
ഇത്തരം കേസുകളിൽ പലപ്പോഴും തെളിവുകൾ ശേഖരിക്കാനും മുഴുവൻ കണ്ണികളെയും അകത്താക്കാനും കഴിയാതെവരുന്നത് അന്വേഷണത്തിലുണ്ടാകുന്ന സങ്കീർണതകൾകൊണ്ടാണ്. വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ബന്ധപ്പെട്ടു കിടക്കുന്ന കേസായതിനാൽ സംസ്ഥാന പോലീസിന് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ ഏറെ പരിമിതികളുണ്ട്.
ഏതാനും ദിവസം മുമ്പ് നെടുമ്പാശേരി വിമാനത്താവളത്തിൽ സാബിത്ത് നാസർ എന്നയാൾ പിടിയിലായതോടെയാണ് അവയവക്കച്ചവടത്തിന്റെ വിവരങ്ങൾ പുറത്തുവന്നു തുടങ്ങിയത്. വിദേശത്തുനിന്ന് വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇരകളെ പറഞ്ഞു വിശ്വസിപ്പിച്ച് വിദേശത്തു കൊണ്ടുപോയി അവയവക്കച്ചവടം നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
മുംബൈയിൽ ഒരാളെ പിടികൂടിയപ്പോഴാണ് സാബിത്ത് നാസറിനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്റലിജൻസിനു ലഭിച്ചത്. ഇയാളുടെ ഫോണില്‍നിന്ന് അവയവക്കച്ചവടത്തിന്റെ വിവരങ്ങള്‍ പോലീസിനു ലഭിക്കുകയും ചെയ്തു. ഇരകളെ കുവൈറ്റില്‍ എത്തിച്ചശേഷം അവിടെനിന്ന് ഇറാനിലേക്കു കൊണ്ടുപോകും. ഇറാനിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്.
2019 മുതൽ ഈ റാക്കറ്റ് പ്രവർത്തിക്കുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്. ഹൈദരാബാദാണ് റാക്കറ്റിന്റെ കേന്ദ്രം എന്നാണു കരുതുന്നത്. കേരളത്തിൽനിന്ന് എത്ര പേരെ ഇത്തരത്തിൽ കൊണ്ടുപോയിട്ടുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇവരെ കണ്ടെത്തി വിശദമായി പരിശോധിച്ചാലേ മാഫിയാ സംഘത്തിന്റെ വ്യാപ്തി വെളിവാകൂ. പ്രത്യേക സംഘത്തെ നിയോഗിച്ച് കേരള പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ദേശീയ ഏജൻസി അന്വേഷിക്കുന്നതാണ് കൂടുതൽ ഫലപ്രദമാവുക.
തൊഴിലാളികളും ദരിദ്രരും വിദ്യാഭ്യാസം കുറഞ്ഞവരുമായ ഇരകളെ ചതിയിൽപ്പെടുത്താൻ ഇത്തരം റാക്കറ്റുകൾക്ക് എളുപ്പം കഴിയുമെന്നതാണ് ഏറെ സങ്കടകരം. തൊഴിലും വരുമാനവുമില്ലാത്ത അവസ്ഥയിൽ അവയവം വിറ്റിട്ടാണെങ്കിലും ജീവിതം കരുപ്പിടിപ്പിക്കാൻ തയാറാകുന്നവരും നമ്മുടെ സമൂഹത്തിലുണ്ടെന്നതുകൂടി വെളിവാക്കുന്നതാണ് ഈ സംഭവം.
ലോകമെമ്പാടും സമ്പന്നരും സ്വാധീനമുള്ളവരും വലിയ വില നൽകി അവയവങ്ങൾ വാങ്ങാൻ തയാറാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ് ഇറാൻ. അവയവദാനത്തിന് ഇന്ത്യയിൽ കർശന നിയമങ്ങൾ നിലവിലുണ്ട്. എന്നിരുന്നാലും പണം നൽകി അവയവങ്ങൾ സംഘടിപ്പിച്ചു നൽകുന്ന ഇടനിലക്കാർ കേരളത്തിലടക്കം സജീവമാണ്. ഇവരും ലക്ഷ്യം വയ്ക്കുന്നത് ദരിദ്രരെയാണ്.
അവയവക്കച്ചവടക്കാരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ, നിയമാനുസൃതം നടക്കുന്ന അവയവദാനത്തെയും അവയവമാറ്റ ശസ്ത്രക്രിയകളെയും ദോഷകരമായി ബാധിക്കും. കേരളത്തിലടക്കം വൃക്കയും കരളുമൊക്കെ മാറ്റിവയ്ക്കാൻ കാത്തിരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. സാമ്പത്തിക പ്രയാസങ്ങൾ നിരവധിപ്പേരെ നിരാശരാക്കുമ്പോൾ പണമുള്ളവർക്ക് അവയവങ്ങളുടെ ലഭ്യതക്കുറവും നിയമപ്രശ്നങ്ങളുമാണ് പ്രതിസന്ധി.
അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന സന്നദ്ധസംഘടനകൾ കേരളത്തിൽ സജീവമാണ്. അവയവക്കച്ചവടത്തിന്റെ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ഇവരെ സംശയത്തിന്റെ നിഴലിലാക്കാൻ ചിലർ രംഗത്തു വന്നിട്ടുണ്ട്. അവയവക്കച്ചവട റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം കുറ്റമറ്റ രീതിയിൽ സമയബന്ധിതമായി നടന്നില്ലെങ്കിൽ ഇത്തരം സംശയങ്ങൾ അപകടകരമായ രീതിയിലേക്കു വളരും.
അന്വേഷണ ഏജൻസികൾ ഇതും കണക്കിലെടുക്കണം. നിലവിൽ പിടിയിലായ ചെറുമീനുകളിൽ അന്വേഷണം അവസാനിക്കരുത്. റാക്കറ്റിന്റെ ബുദ്ധികേന്ദ്രങ്ങളെയടക്കം വലയിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പട്ടിണിപ്പാവങ്ങൾ ഏറെയുള്ള നമ്മുടെ രാജ്യത്ത് ഇരകളാകുന്നവരുടെ എണ്ണം ചെറുതായിരിക്കില്ല.