ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
Wednesday, May 15, 2024 12:00 AM IST
വികസനത്തിന്റെ പ്രധാന ഗുണഭോക്താക്കൾ സമ്പന്നരും അതിസമ്പന്നരും; ഇരകൾ ദരിദ്രരും അതിദരിദ്രരും എന്നതാണ് ലോകം മുഴുവനുമുള്ള അവസ്ഥ. ഈ വിരോധാഭാസം വേണ്ടവിധം ഉൾക്കൊള്ളാനോ ചർച്ച ചെയ്യാനോ അന്താരാഷ്ട്ര വേദികളോ സർക്കാരുകളോ തയാറാകുന്നില്ല. എല്ലാത്തരം വികസനപ്രവർത്തനങ്ങളുടെയും ഭാരം ദരിദ്രരുടെ ചുമലിലേക്കു തള്ളപ്പെടുന്നു.
അന്താരാഷ്ട്ര കുടുംബദിനാചരണത്തിന്റെ മുപ്പതാമത് വാർഷികമാണിന്ന്. കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും കുടുംബങ്ങളെ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിനുമാണ് ഐക്യരാഷ്ട്ര സഭ എല്ലാ വർഷവും മേയ് 15 അന്താരാഷ്ട്ര കുടുംബദിനമായി ആചരിക്കുന്നത്.
മനുഷ്യൻ ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കെടുതികളാണ്. ഈ പശ്ചാത്തലത്തിൽ കാലാവസ്ഥാ വ്യതിയാനം കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നു പഠിക്കാനും കാലാവസ്ഥാ പ്രവർത്തനത്തിൽ കുടുംബങ്ങൾക്ക് വഹിക്കാനാകുന്ന പങ്കിനെക്കുറിച്ചുമുള്ള അവബോധം വളർത്താനാണ് ഈ വർഷത്തെ അന്താരാഷ്ട്ര കുടുംബദിനം ലക്ഷ്യമിടുന്നത്.
യഥാർഥ മനുഷ്യവികസനത്തിന്റെ പാഠശാലകളായി ഓരോ കുടുംബവും രൂപാന്തരപ്പെടണമെന്ന് 2016ൽ ഫ്രാൻസിസ് മാർപാപ്പ നൽകിയ ഉദ്ബോധനവുമായി ചേർന്നുപോകുന്നതാണ് ഈ ലക്ഷ്യം. പ്രകൃതിയെ മറന്നുള്ള വികസനക്കുതിപ്പിന്റെ പരിണതഫലമാണ് കാലാവസ്ഥയിലുണ്ടായ ഗുരുതരമായ മാറ്റങ്ങൾ.
വികസനത്തിന്റെ പ്രധാന ഗുണഭോക്താക്കൾ സമ്പന്നരും അതിസമ്പന്നരും; ഇരകൾ ദരിദ്രരും അതിദരിദ്രരും എന്നതാണ് ലോകം മുഴുവനുമുള്ള അവസ്ഥ. ഈ വിരോധാഭാസം വേണ്ടവിധം ഉൾക്കൊള്ളാനോ ചർച്ച ചെയ്യാനോ അന്താരാഷ്ട്ര വേദികളോ സർക്കാരുകളോ തയാറാകുന്നില്ല.
എല്ലാത്തരം വികസനപ്രവർത്തനങ്ങളുടെയും ഭാരം ദരിദ്രരുടെ ചുമലിലേക്കു തള്ളപ്പെടുന്നു. നമ്മുടെ നാട്ടിലെ നിരവധിയായ വികസനപ്രവർത്തനങ്ങളിലും ഇത്തരത്തിലുള്ള ഇരകളെ കാണാം. കേരളത്തെ രക്ഷിക്കാൻ പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്നു വാദിക്കുന്ന പരിസ്ഥിതിവാദികൾ വസിക്കുന്നത് നഗരങ്ങളിൽ.
അന്തരീക്ഷ മലിനീകരണത്തിൽ മുഖ്യപങ്കു വഹിക്കുന്ന നഗരവാസികൾ അതിനു പഴിക്കുന്നത് പാവപ്പെട്ട കർഷകരെ. ആയിരക്കണക്കിനു കർഷകകുടുംബങ്ങളെ കണ്ണീരു കുടിപ്പിച്ചുകൊണ്ടാണ് വനനിയമങ്ങളടക്കം നടപ്പാക്കുന്നത്. ലോകജനസംഖ്യയുടെ 9.2 ശതമാനം അഥവാ 70 കോടി ജനങ്ങൾ ഇപ്പോഴും അതിദാരിദ്ര്യം അനുഭവിക്കുന്നവരാണ്.
അതിൽത്തന്നെ സ്ത്രീകളും കുട്ടികളുമാണ് തീർത്തും അടിത്തട്ടിലുള്ളത്. ഈ ദരിദ്ര കുടുംബങ്ങളൊന്നും ഒരു വേദിയിലും ചർച്ചയാകുന്നില്ല.ഏറ്റവും അടിസ്ഥാന സമൂഹഘടനയായ കുടുംബത്തിന്റെ പ്രാധാന്യംതന്നെ കുറച്ചുകാണാനോ തമസ്കരിക്കാനോ ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്തെ കുടുംബദിനാചരണത്തിന് പലവിധ മാനങ്ങളുണ്ട്.
വികലമായ സ്വതന്ത്ര ചിന്തയുടെ നീരാളിപ്പിടിത്തത്തിൽ ആടിയുലയുന്ന കുടുംബങ്ങളുടെ എണ്ണം കൂടിവരുന്നുവെന്നത് യാഥാർഥ്യമാണ്. എന്നാൽ, മൂല്യബോധത്തിലും ധാർമികതയിലും അടിയുറച്ചു നിന്നാൽ കുടുംബങ്ങളും കുടുംബബന്ധങ്ങളും കൂടുതൽ ദൃഢമാകുമെന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്.
“ഉത്തരവാദിത്വമുള്ള മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും കാര്യത്തിൽ ഭാര്യാഭർത്താക്കന്മാർ അവരുടെ കടമകളെക്കുറിച്ച് തികഞ്ഞ അവബോധം ഉള്ളവരായിരിക്കണം എന്ന് വൈവാഹികസ്നേഹം ആവശ്യപ്പെടുന്നു” എന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പശ്ചാത്തലത്തിൽ പോൾ ആറാമൻ മാർപാപ്പ ‘മനുഷ്യജീവൻ’ എന്ന ചാക്രിക ലേഖനത്തിലൂടെ വിവാഹത്തെയും കുടുംബത്തെയുംകുറിച്ചുള്ള സഭയുടെ പ്രബോധനം വിശദീകരിച്ചിരിക്കുന്നത്. ഈ കാലഘട്ടത്തിലും പ്രസക്തമായ നിരീക്ഷണമാണിത്.
ഉത്തരവാദിത്വവും കടമകളും മറക്കുന്ന മനുഷ്യനാണ് കുടുംബത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നത്. സ്വന്തം സുഖഭോഗങ്ങൾക്കപ്പുറം സമൂഹത്തോടും പ്രകൃതിയോടും വരുംതലമുറയോടുമുള്ള കടപ്പാട് മറക്കുന്നവരാണ് കുടുംബവ്യവസ്ഥയെ തള്ളിപ്പറയുന്നത്.
തീവ്രവ്യക്തിവാദം കുടുംബങ്ങളുടെ തകർച്ചയുടെ മുഖ്യഘടകമാണ്. ഭൂമിയെയും പ്രകൃതിയെയും രക്ഷിക്കാൻ ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങി പ്രകൃതിവിഭവങ്ങളുടെയെല്ലാം അനിയന്ത്രിതമായ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്. കൂടാതെ പ്ലാസ്റ്റിക്, ഇ- മാലിന്യങ്ങൾ, വിഷവാതകങ്ങൾ തുടങ്ങിയവ പ്രകൃതിക്കു വരുത്തിവയ്ക്കുന്ന ആഘാതവും അതികഠിനമാണ്.
ഇത്തരം മലിനീകരണം കുറയ്ക്കുന്നതിനും പ്രകൃതിവിഭവങ്ങളുടെ ഉപയോഗം ക്രമീകരിക്കുന്നതിനുമുള്ള പരിശീലനം കുടുംബത്തിൽനിന്നാണ് തുടങ്ങേണ്ടത്. ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കേണ്ട കാലഘട്ടമാണിത്. കാരണം, എല്ലാത്തരം മൂല്യങ്ങളുടെയും ബാലപാഠം അഭ്യസിക്കാൻ കഴിയുന്ന സുപ്രധാന കളരിയാണ് കുടുംബം.
മൂല്യബോധമുള്ള കുടുംബങ്ങൾക്കാണ് ഉത്തരവാദിത്വബോധമുള്ള പൗരന്മാരെ സൃഷ്ടിക്കാൻ കഴിയുക. അതിനാൽ കാലാവസ്ഥാ വ്യതിയാനവും തീവ്രവാദവും അടക്കം മാനവകുലം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള പ്രവർത്തനങ്ങൾ കുടുംബങ്ങളിൽനിന്നു തുടങ്ങാം.