പ്രകാശം പരത്തുന്ന റോസമ്മ
Saturday, May 11, 2024 12:00 AM IST
കത്തുന്ന വെയിലിലും അവർ ലോട്ടറിവില്പനയ്ക്കിറങ്ങുന്നത് അരവയർ നിറയ്ക്കുക എന്ന ലക്ഷ്യത്തിൽ മാത്രമാണ്. ആരുടെയെങ്കിലും ഔദാര്യം പറ്റിയോ സംഭാവന തേടിയോ ജീവിക്കുന്നതിലും എത്ര അന്തസുണ്ട് .ലോട്ടറിവില്പനയെന്ന തൊഴിൽ ചെയ്തു ജീവിക്കാനുള്ള അവരുടെ മനോഭാവത്തിന്. കണ്ണും കാഴ്ചയുമുള്ള കള്ളന് കാണാൻ കഴിയാത്തതാണ് ഈ കരുത്തുറ്റ മനസ്.
മുന്നിൽ ഇരുട്ടു മാത്രമാണെങ്കിലും ചുറ്റിലും പ്രകാശം പരത്തുകയാണ് കോട്ടയം കളത്തിപ്പടി സ്വദേശി റോസമ്മ സുഭാഷ്. ശിരസു നമിച്ച് അവരുടെ പാദങ്ങൾ തൊട്ടു നമസ്കരിക്കാവുന്നത്ര ഒൗന്നത്യവും ഉൾക്കാഴ്ചയുമുണ്ട് റോസമ്മയ്ക്ക്.
നിസാര കാര്യങ്ങൾക്കുപോലും അപരന്റെ ജീവനെടുക്കാൻ മടിയില്ലാത്തവർ പെരുകുന്നതിന്റെ വാർത്തകൾ അനുദിനം വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തന്റെ ജീവനോപാധി കവരുന്ന മോഷ്ടാവിനോടു ക്ഷമിച്ച റോസമ്മയുടെ വാക്കുകൾ പ്രകാശമായി പരക്കുന്നത്.
“ഞാനൊരു ക്രിസ്ത്യാനിയാണ്, എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്ന വ്യക്തിയാണ്. ക്ഷമയുടെയും സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും പാഠമാണ് അവിടെനിന്നു ലഭിക്കുന്നത്.
ലോകത്തിനു മുമ്പില്‍ ഞാന്‍ ദരിദ്രയാണെങ്കിലും ദൈവത്തിനു മുമ്പില്‍ സമ്പന്നയാണ്.’’ റോസമ്മയുടെ വാക്കുകൾ ‘ഉള്ളിൽ എരിയുന്ന നന്മയാണ് പ്രകാശം’എന്ന യാഥാർഥ്യത്തെയാണ് വെളിവാക്കുന്നത്.
കോട്ടയം കെകെ റോഡില്‍ കളത്തിപ്പടിക്കു സമീപം ലോട്ടറി വില്‍ക്കുന്ന കാഴ്ചപരിമിതിയുള്ള റോസമ്മയെ കള്ളൻ പറ്റിച്ചിരുന്നത് കൂടുതല്‍ ലോട്ടറിയെടുത്ത് എണ്ണം തെറ്റിച്ചു പറഞ്ഞും ടിക്കറ്റിന്റെ യഥാര്‍ഥ വില നല്‍കാതെയുമായിരുന്നു.
താൻ കബളിപ്പിക്കപ്പെടുന്നുവെന്നു മനസിലായതോടെയാണ് റോസമ്മ കള്ളനെ പിടികൂടാൻ വഴി തേടിയത്. ടിവി സീരിയല്‍ കേട്ടാസ്വദിക്കുന്ന റോസമ്മ സീരിയലില്‍ പെന്കാമറയെക്കുറിച്ചു പറയുന്നതു കേട്ടാണ് കള്ളനെ കുടുക്കാനുള്ള കെണിയൊരുക്കിയത്.
സുഹൃത്തിന്റെ സഹായത്തോടെ ഓണ്‍ലൈനായി പെന്‍കാമറ വാങ്ങി; പ്രവര്‍ത്തനം പഠിച്ചു. ഒരു മാസമായി ഇതു വസ്ത്രത്തില്‍ ധരിച്ചായിരുന്നു ലോട്ടറി വില്പന. ദിവസവും മറ്റാരുടെയെങ്കിലും സഹായത്തോടെ ദൃശ്യം പരിശോധിക്കും.
അപ്പോഴാണ് മൂന്നു പേര് പല ദിവസങ്ങളിലായി തന്നെ പറ്റിച്ചെന്നു മനസിലായത്. പിന്നീട് ഇതില്‍ രണ്ടു പേര് ടിക്കറ്റ് വാങ്ങാന്‍ വന്നപ്പോള്‍ റോസമ്മ കൈയോടെ പിടികൂടി. പോലീസിനോട് പറയരുതെന്നും ക്ഷമിക്കണമെന്നും അവർ അപേക്ഷിച്ചു.
തെറ്റ് സമ്മതിച്ചതിനാല്‍ അവരോടു ക്ഷമിച്ചതായും കേസിനു പോകുന്നില്ലെന്നും പറഞ്ഞാണ് റോസമ്മ അതിനുള്ള ന്യായവും വ്യക്തമാക്കിയത്.
ഇത്രമാത്രം ജീവിതഭാരം പേറുന്ന അമ്പതു പിന്നിട്ട ഒരു സ്ത്രീയെ കബളിപ്പിച്ച് ലോട്ടറി കവർന്നവരുടെ മാനസികാവസ്ഥയും സമൂഹം ചർച്ചചെയ്യേണ്ടതുണ്ട്. കത്തുന്ന വെയിലിലും അവർ ലോട്ടറിവില്പനയ്ക്കിറങ്ങുന്നത് അരവയർ നിറയ്ക്കുക എന്ന ലക്ഷ്യത്തിൽ മാത്രമാണ്.
ആരുടെയെങ്കിലും ഔദാര്യം പറ്റിയോ സംഭാവന തേടിയോ ജീവിക്കുന്നതിലും എത്ര അന്തസുണ്ട് ലോട്ടറിവില്പനയെന്ന തൊഴിൽ ചെയ്തു ജീവിക്കാനുള്ള അവരുടെ മനോഭാവത്തിന്. കണ്ണും കാഴ്ചയുമുള്ള കള്ളന് കാണാൻ കഴിയാത്തതാണ് ഈ കരുത്തുറ്റ മനസ്.
തീർത്തും മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്ത മോഷ്ടാവിനെ കുടുക്കാൻ റോസമ്മയെ പ്രേരിപ്പിച്ചതും ആ സ്ത്രീമനസിന്റെ കാമ്പും കനലുമാണ്.
പൊതുസമൂഹത്തിനു പഠിക്കാൻ വലിയൊരു പാഠമാണ് റോസമ്മ തുറന്നുവയ്ക്കുന്നത്. നാം കേൾക്കുന്നതും അറിയുന്നതും വിശ്വസിക്കുന്നതുമായ നന്മയുടെ വചസുകൾ ഏതു ജീവിതസാഹചര്യത്തിലും പ്രാവർത്തികമാക്കാൻ കഴിയുന്നിടത്താണ് നന്മയുടെ നീർച്ചാലുകൾ പൊട്ടിയൊഴുകുന്നത്.
ഏതുവിധേനയും സമ്പത്തുണ്ടാക്കി ആർഭാടജീവിതത്തിന് വ്യഗ്രത കാട്ടുന്ന സമൂഹത്തിൽ റോസമ്മയുടെ വാക്കുകൾ ഇരുതലവാൾപോലെ മൂർച്ചയേറിയതാണ്.
ജീവിതത്തിന്റെ സന്തോഷവും സമാധാനവും ആദർശനിഷ്ഠയും സമ്പത്തിന്റെ ധാരാളിത്തത്തിൽ കൈവരുന്നതല്ലെന്ന യാഥാർഥ്യബോധത്തിൽ ജീവിക്കാനുള്ള ആഹ്വാനവും അതിലുണ്ട്.
അധാർമികതയും അനീതിയും പ്രവർത്തിക്കുന്നവരുടെ മുഴക്കങ്ങളാണ് പലപ്പോഴും സമൂഹത്തിൽ ഉയർന്നുകേൾക്കുന്നത്. അവർക്കു ലൈക്കടിക്കാൻ നീണ്ട നിരതന്നെയുണ്ടാകും.
ജീവിതപ്രാരബ്ധങ്ങൾക്കിടയിലും സത്യസന്ധതയ്ക്കും മൂല്യബോധത്തിനും വിലകല്പിക്കുന്നവർ നമുക്കു ചുറ്റും നിരവധിയുണ്ട്. എന്നാൽ, പലപ്പോഴും അവരുടെ സ്വരം നേർത്തതും ദുർബലവുമായിരിക്കും.
അതിനു കേൾവിക്കാരും കുറഞ്ഞിരിക്കും. അതൊന്നും കാര്യമാക്കാതെ ധാർമികതയിലും വിശ്വാസമൂല്യങ്ങളുടെ പിൻബലത്തിലും ജീവിതത്തിന് അടിത്തറ പണിയുന്നവർക്കു മനോബലം നൽകുന്നതാണ് റോസമ്മയുടെ ദൃഢതയാർന്ന ചിന്തയും കാഴ്ചപ്പാടും.