നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
Saturday, April 20, 2024 12:00 AM IST
ഒരു വികല തീരുമാനം എത്ര മനുഷ്യരെയാണ് വലയ്ക്കുന്നത്? ഒന്നു തിരിഞ്ഞുനോക്കിയാൽ, കേരളത്തിലെ സർക്കാരുകളുടെ ഇത്തരം അപ്രായോഗിക നയങ്ങളല്ലേ നമ്മുടെ വിദ്യാർഥികളെ ഇതരസംസ്ഥാനങ്ങളിലെ കഴുത്തറപ്പൻ വിദ്യാഭ്യാസ ലോബികൾക്കു വിട്ടുകൊടുത്തത്?
എന്തുകൊണ്ടാണ് വിദ്യാർഥികളുടെ ദുരിതം സർക്കാരിനു മാത്രം മനസിലാകാത്തത്?
കേരളത്തിലെ ബിഎസ്സി നഴ്സിംഗ് പ്രവേശനത്തിന്റെ കാര്യത്തിൽ സർക്കാർ വകതിരിവു കാണിക്കണം. പ്രവേശനത്തിനായുള്ള അപേക്ഷാ ഫോമിന് വാങ്ങുന്ന പണത്തിന് 18 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) ഏർപ്പെടുത്തിയതും അതുതന്നെ 2017 മുതലുള്ള മുൻകാല പ്രാബല്യത്തോടെ മാനേജ്മെന്റുകൾ നൽകണമെന്നുള്ള നിലപാടുമാണ് പ്രതിസന്ധിയായത്.
ഇതിനെ തുടർന്ന് സ്വാശ്രയ നഴ്സിംഗ് ഏകജാലക പ്രവേശനരീതി ഒഴിവാക്കാൻ മാനേജ്മെന്റുകൾ തീരുമാനിച്ചതോടെ വിദ്യാർഥികളും മാതാപിതാക്കളും കൂടുതൽ പണം കണ്ടെത്തേണ്ട സ്ഥിതിയിലായി. അതായത് ഏകജാലക സംവിധാനത്തിൽ 1000 രൂപ കൊടുക്കേണ്ടിയിരുന്നിടത്ത്, പ്രവേശനം പ്രതീക്ഷിച്ച് വിദ്യാർഥി അപേക്ഷിക്കുന്ന കോളജുകളിലെല്ലാം 1000 രൂപ വീതം ഫീസടയ്ക്കണം.
10 കോളജിൽ അപേക്ഷിക്കണമെങ്കിൽ 10,000 രൂപ. ഒരു വികല തീരുമാനം എത്ര മനുഷ്യരെയാണ് വലയ്ക്കുന്നത്? ഒന്നു തിരിഞ്ഞുനോക്കിയാൽ, കേരളത്തിലെ സർക്കാരുകളുടെ ഇത്തരം അപ്രായോഗിക നയങ്ങളല്ലേ നമ്മുടെ വിദ്യാർഥികളെ ഇതരസംസ്ഥാനങ്ങളിലെ കഴുത്തറപ്പൻ വിദ്യാഭ്യാസ ലോബികൾക്കു വിട്ടുകൊടുത്തത്?
സർക്കാർ സീറ്റുകൾ കൂടാതെയുള്ള 50 ശതമാനം സീറ്റുകളിലാണ് മാനേജ്മെന്റുകൾ ഏകജാലകം വഴി പ്രവേശനം നടത്തിയിരുന്നത്. ഇവർ ഓൺലൈനായി അപേക്ഷ സ്വീകരിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ് രീതി. 119 സ്വകാര്യ കോളജുകളുണ്ട്. അതിൽ 82 കോളജുകൾ രണ്ടു മാനേജ്മെന്റ് അസോസിയേഷനുകൾക്കു കീഴിലാണ്.
അസോസിയേഷനുകൾക്കു കീഴിലല്ലാത്ത 37 കോളജുകളുമുണ്ട്. അവ സ്വന്തം നിലയ്ക്ക് 1000 രൂപ ഫീസ് വാങ്ങി ജിഎസ്ടി ഇല്ലാതെ പ്രവേശനം നടത്തും. സർക്കാർ മേഖലയിലെ സ്വാശ്രയ സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന സിമെറ്റ്, സഹകരണ മേഖലയിലെ കോളജുകൾ എന്നിവയ്ക്കും ജിഎസ്ടി ഇല്ല. അതേ ശൈലിയിൽ മാനേജ്മെന്റ് സംഘടനകളുടെ കീഴിലുള്ള ഓരോ കോളജിലും 1000 രൂപ വീതം ഫീസ് വാങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം.
ക്രിസ്ത്യൻ മാനേജ്മെന്റ് സ്ഥാപനങ്ങളുടെ സംഘടനയായ അസോസിയേഷൻ ഓഫ് മാനേജ്മെന്റ്സ് ഓഫ് സെൽഫ് ഫിനാൻസിംഗ് നഴ്സിംഗ് കോളജസ് ഓഫ് കേരള, മറ്റ് മാനേജ്മെന്റുകളുടെ പ്രൈവറ്റ് നഴ്സിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള എന്നിവയാണ് പ്രവേശനം നടത്തുന്ന മാനേജ്മെന്റ് സംഘടനകൾ.
ഓരോന്നിനും 1000 രൂപ വീതം, രണ്ടു മാനേജ്മന്റ് അസോസിയേഷനുകളുടെ കീഴിലുള്ള 82 കോളജുകളിലേക്കുമുള്ള അഡ്മിഷനു 2000 രൂപ മുന്പു കൊടുത്തിരുന്നെങ്കിൽ ഇനി 82,000 രൂപ വേണം. 15 കോളജുകളിലേക്കാണ് ഒരു വിദ്യാർഥി അപേക്ഷിക്കുന്നതെങ്കിൽ 15,000 രൂപ. എന്തുകൊണ്ടാണ് വിദ്യാർഥികളുടെ ഈ ദുരിതം സർക്കാരിനു മാത്രം മനസിലാകാത്തത്? കോളജ് അടിസ്ഥാനത്തിലാണെങ്കിൽ അപേക്ഷാഫീസിനു ജിഎസ്ടി അടയ്ക്കുകയും വേണ്ട.
അപ്പോൾ പിന്നെ മാനേജ്മെന്റുകൾ അതിനല്ലേ മുതിരുകയുള്ളൂ. ഏകജാലകത്തിനായുള്ള സോഫ്റ്റ്വേറുകളും ജീവനക്കാരും ഒന്നും ആവശ്യവുമില്ല. കോളജുകളിലാകുന്പോൾ അവർക്കു നിലവിലുള്ള സ്റ്റാഫിനെ വച്ച് പ്രവേശനനടപടികൾ പൂർത്തിയാക്കാനാകുകയും ചെയ്യും. പക്ഷേ, രണ്ടു പ്രശ്നങ്ങളുണ്ട്.
ഒന്നാമത് അപേക്ഷിക്കുന്ന ഓരോ കോളജുമായും വിദ്യാർഥി ബന്ധപ്പെടുകയും നടപടിക്രമങ്ങൾക്കു സമയം കണ്ടെത്തുകയും വേണം. 10-15 കോളജുകളിൽ അപേക്ഷ നൽകുന്ന ഒരു വിദ്യാർഥിയുടെ സ്ഥിതി എന്താകും? രണ്ടാമത്തെ കാര്യം, കേന്ദ്രീകൃത സംവിധാനം ഇല്ലാതാകുന്നതോടെ അഴിമതിക്കു സാധ്യതയുണ്ട് എന്നതാണ്.
രണ്ടു ദിവസം മുന്പാണ് കർണാടകത്തിൽ പ്രവേശനപരീക്ഷയായ കെഇഎ നടത്തിയത്. പതിവുപോലെ മലയാളികളാണ് കൂടുതലും പരീക്ഷയെഴുതിയത്. കേരളത്തിൽ പ്രവേശനപരീക്ഷ വേണമെന്ന നഴ്സിംഗ് കൗൺസിലിന്റെ നിർദേശത്തോട് മാനേജ്മെന്റ് അസോസിയേഷനുകളും യോജിക്കുന്നുണ്ട്.
പക്ഷേ, സർക്കാരിനു വേണ്ട. അങ്ങനെ നടത്തിയാൽ സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുന്ന ചില സ്വകാര്യ കോളജുകൾക്ക് വിദ്യാർഥികളെ കൊള്ളയടിക്കാനാവില്ല. സർക്കാർ അതിനു കൂട്ടുനിൽക്കുകയാണെന്നു തോന്നും ഇപ്പോഴത്തെ നിലപാടുകൾ കണ്ടാൽ.
ജിഎസ്ടി ഒഴിവാക്കാൻ സർക്കാർ ആവശ്യമായതു ചെയ്യണം. ഇതു സംബന്ധിച്ച് ആരെങ്കിലും കോടതിയെ സമീപിച്ചാൽ പ്രതിസന്ധി രൂക്ഷമാകും. അഡ്മിഷന്റെ സമയമാണ്. നമ്മുടെ വിദ്യാർഥികളെ കരയിക്കുകയും അയൽസംസ്ഥാനങ്ങളിലെ നഴ്സിംഗ് കോളജുകളെ ചിരിപ്പിക്കുകയും ചെയ്യുന്ന ഈ നാടകം അവസാനിപ്പിക്കണം.
ഒന്നുമില്ലെങ്കിലും നമ്മുടെ നഴ്സുമാരല്ലേ ഈ നാട്ടിലെ ലക്ഷക്കണക്കിനു കുടുംബങ്ങളെ കഞ്ഞി കുടിപ്പിക്കുന്നത്? വിദേശങ്ങളിൽനിന്ന് അവരയയ്ക്കുന്ന പണമല്ലേ നമ്മുടെ സമൃദ്ധിക്കു പിന്നിൽ? നഴ്സിംഗ് മേഖലയിലെ ആഗോള തൊഴിലവസരങ്ങൾ പോലെ കേരളത്തിന്റെ ഭാവിയെ സുസ്ഥിരമാക്കുന്നതൊന്നും നമുക്കു മുന്നിൽ തത്കാലമില്ല.