ഇതിലും ഭേദം വന്യമൃഗങ്ങളോടു പറയുന്നതല്ലേ?
വന്യമൃഗപ്പെരുപ്പം കുറയ്ക്കുന്നതിനു നിയമനിർമാണം നടത്തുമോ? നിയമനിർമാണത്തിനു തടസമായി നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? രണ്ടിനുമുള്ള ഉത്തരം നിലവിൽ ഇക്കാര്യം പരിഗണനയിലില്ലെന്നായിരുന്നു. വന്യജീവികളിൽനിന്നു സർക്കാർ രക്ഷിക്കുമെന്നോർത്ത് ഒരു കർഷകനും മഞ്ഞുകൊള്ളേണ്ട എന്നർഥം.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നതിനു കാരണം കർഷകരാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട് നമ്മുടെ വനംവകുപ്പിന്റെ മുൻകൈയിലുള്ള റിപ്പോർട്ട്. ഇനി വനാതിർത്തിയിലെ കൃഷിഭൂമിയെല്ലാം കണ്ടുകെട്ടി വനമാക്കാനും ‘കുറ്റവാളികളായ’ കർഷകരെ വിചാരണ നടത്തി ശിക്ഷിക്കാനുമുള്ള അധികാരംകൂടി വനംവകുപ്പിനു കൊടുത്താൽ കേരളത്തിലെ വന്യജീവി ആക്രമണത്തിനു പരിഹാരമായി! വന്യമൃഗശല്യത്താൽ ഇതുപോലെ ജനം പൊറുതിമുട്ടിയ കാലമില്ല. വനം വകുപ്പിന്റെ കെടുകാര്യസ്ഥത വലിയ ദുരന്തമായിക്കഴിഞ്ഞു.
കാടിറങ്ങിയ വന്യജീവികൾ കൃഷി നശിപ്പിക്കുകയും നിരവധി മനുഷ്യരെ കൊന്നൊടുക്കുകയും നഗരങ്ങളിലടക്കം ഭീതി വിതയ്ക്കുകയും ചെയ്തിട്ടും കാര്യമായൊന്നും ചെയ്യാനാവാതെ നിയമത്തിന്റെയും ചട്ടങ്ങളുടെയും കാട്ടിലൊളിക്കുകയാണ് ബന്ധപ്പെട്ട മന്ത്രിയും സർക്കാരും. ഇതൊക്കെ മറച്ചുവയ്ക്കാൻ പടച്ചിറക്കുന്ന റിപ്പോർട്ടുകൾ വലിച്ചെറിഞ്ഞ് പ്രശ്നത്തെ സത്യസന്ധമായി സമീപിക്കാൻ കേരളത്തിൽ ആരുമില്ലാതെ പോയല്ലോ..!
വനത്തിനു ചുറ്റുമുള്ള കൃഷിയിടങ്ങളിൽ കർഷകർ വാഴ, കരിന്പ് പോലുള്ള കൃഷികൾ ചെയ്യുന്നതാണ് മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകാനുള്ള പ്രധാന കാരണങ്ങളിലൊന്നായി വനംവകുപ്പു പറയുന്നത്. ജനുവരി 31ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ, വർധിക്കുന്ന വന്യജീവി ആക്രമണത്തെക്കുറിച്ചുള്ള തിരുവന്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ ചോദ്യത്തിനു നിയമസഭയിൽ നൽകിയ മറുപടിയിലാണ് വിചിത്ര കാരണങ്ങൾ നിരത്തിയിരിക്കുന്നത്.
മന്ത്രി പറഞ്ഞതനുസരിച്ച്, കേരളത്തിലെ വന്യജീവിശല്യം ലഘൂകരിക്കുന്നതിന് സംസ്ഥാനതല സ്ട്രാറ്റജി രൂപീകരിക്കുന്നതിനുള്ള പഠനത്തിനായി വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വനംവകുപ്പ്, പെരിയാർ ടൈഗർ കണ്സർവേഷൻ ഫൗണ്ടേഷൻ എന്നിവ തമ്മിൽ 2018ൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതുപ്രകാരം തയാറാക്കിയ പ്രോജക്ട് പ്രപ്പോസലിലാണ് മനുഷ്യ-വന്യജീവി സംഘർഷം വർധിക്കാൻ കാരണം, കർഷകർ അവലംബിച്ചിരിക്കുന്ന മാറിയ കൃഷിരീതികളാണെന്നു കുറ്റപ്പെടുത്തുന്നത്. വന്യമൃഗശല്യം രൂക്ഷമായ വയനാട്ടിൽ കരിന്പുകൃഷിയില്ലെന്നതു വേറെ കാര്യം.
വന്യമൃഗങ്ങളുടെ എണ്ണത്തിലുള്ള ഏറ്റക്കുറച്ചിലുകളാണ് രണ്ടാമത്തെ കാരണമായി പറഞ്ഞിരിക്കുന്നത്. വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു എന്നതിനു പകരം ഏറ്റക്കുറച്ചിലെന്നു പറഞ്ഞത് എന്തിനാണെന്നും വ്യക്തമല്ല. എണ്ണം കുറഞ്ഞാൽ അവയ്ക്കു നാട്ടിലിറങ്ങേണ്ട കാര്യമില്ലല്ലോ. മറ്റൊരു കാരണം, വനത്തിലും പുൽമേടുകളിലും നട്ടുവളർത്തിയ യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം, വാറ്റിൽ തുടങ്ങിയ സസ്യങ്ങളാണെന്നും മറുപടിയിൽ പറയുന്നു.
ഇതിന് ആരാണ് ഉത്തരവാദി? കർഷകരാണോ അതോ വനംവകുപ്പും സർക്കാരുമാണോ ഇതൊക്കെ നട്ടുവളർത്തിയത്? മറ്റൊരു മഹാകാരണം, വനത്തിനടുത്ത് മാലിന്യം തള്ളുന്നതാണ്. വനത്തിൽ ആവശ്യത്തിനു തീറ്റയുണ്ടെങ്കിൽ നാട്ടിലെ മാലിന്യം തിന്നാൻ വന്യമൃഗങ്ങൾ പുറത്തിറങ്ങുമോ? എണ്ണം പെരുകിയതുകൊണ്ട് തീറ്റ തികയാതെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി.
ലളിതമായി പറഞ്ഞാൽ അതല്ലേ കാര്യം. ആരാണ് ഇത്ര ബാലിശവും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോർട്ടുകളൊക്കെ തയാറാക്കുന്നത്? കാര്യങ്ങൾ പഠിക്കാൻ അഞ്ചുവർഷം മുന്പ് ധാരണാപത്രം ഒപ്പിട്ടവർ തയാറാക്കിയ പ്രപ്പോസലാണിതെന്നോർക്കണം. ഇതിലൊക്കെ പറയുന്നത് മനുഷ്യ-വന്യജീവി സംഘർഷമെന്നാണ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കുകയും അവരുടെ കൃഷിയെല്ലാം നശിപ്പിക്കുകയും ചെയ്യുന്ന ഏകപക്ഷീയമായ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതെങ്ങനെയാണ് മനുഷ്യ-വന്യജീവി സംഘർഷമാകുന്നത്?
ഈ സർക്കാരും മന്ത്രിയും വനംവകുപ്പുമൊക്കെ ചേർന്ന് വന്യജീവികളിൽനിന്ന് എങ്ങനെ ജനങ്ങളെ രക്ഷിക്കും എന്നറിയണമെങ്കിൽ രണ്ടു ചോദ്യങ്ങളുടെ ഉത്തരംകൂടി കേൾക്കണം. വന്യമൃഗപ്പെരുപ്പം കുറയ്ക്കുന്നതിനു നിയമനിർമാണം നടത്തുമോ? നിയമനിർമാണത്തിനു തടസമായി നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? രണ്ടിനുമുള്ള ഉത്തരം നിലവിൽ ഇക്കാര്യം പരിഗണനയിലില്ലെന്നായിരുന്നു.
വന്യജീവികളിൽനിന്നു സർക്കാർ രക്ഷിക്കുമെന്നോർത്ത് ഒരു കർഷകനും മഞ്ഞുകൊള്ളേണ്ട എന്നർഥം. കേരളത്തിൽ വനഭൂമി വർധിച്ചെന്നും കൃഷിഭൂമി കുറഞ്ഞെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ആടിനെ പട്ടിയാക്കുന്ന ഇത്തരം തട്ടിക്കൂട്ടു റിപ്പോർട്ടുകൾ. മറ്റു രാജ്യങ്ങളിലുമുണ്ട് വന്യജീവിശല്യം. പക്ഷേ, അവിടെ ജനത്തെ വിഡ്ഢികളാക്കുന്ന റിപ്പോർട്ടൊന്നുമില്ല. വന്യമൃഗങ്ങളുടെ എണ്ണം കൂടിയാൽ വെടിവച്ചു കൊന്നുതീർക്കും. ജനങ്ങൾക്കു വേട്ടയാടി തിന്നുകയുമാവാം.
ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം കേരളത്തിൽ ജീവനൊടുക്കിയത് 42 കർഷകരാണെന്നു കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞത് കൃഷിമന്ത്രി പി. പ്രസാദാണ്. അവരുടെ കുടുംബങ്ങൾക്കു സഹായധനമായി നൽകിയത് 44 ലക്ഷം രൂപ! ഏതാണ്ട് ഇതേ തുകയാണ് മുഖ്യമന്ത്രിയുടെ വസതിയിൽ ഒരു കാലിത്തൊഴുത്തു പണിയാൻ ചെലവഴിച്ചതെന്നാണ് പ്രതിപക്ഷം പറഞ്ഞത്. കർഷകർക്കു സർക്കാർ ഇട്ടിരിക്കുന്ന വിലയെന്താണെന്നു കൂടുതൽ പറയണോ? ആക്രമിക്കരുതെന്നു വന്യമൃഗങ്ങളോടു പറയുന്നതല്ലേ ഇതിലും ഭേദം?