ഇതല്ല ദേശീയത, ഇതല്ല ഗോഡ്സെ
Monday, February 5, 2024 12:00 AM IST
ദേശാഭിമാനം വളർത്തിയതും ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്നതും മുദ്രാവാക്യങ്ങളല്ല, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മനുഷ്യരാണ്; അവരുടെ മഹാത്മാക്കളായ നേതാക്കളാണ്. മുദ്രാവാക്യങ്ങൾ അവരുടെ തീക്ഷ്ണമായ സ്വാതന്ത്ര്യവാഞ്ചയുടെ മാറ്റൊലി മാത്രമായിരുന്നു.
ധീരദേശാഭിമാനികളായ സ്വാതന്ത്ര്യസമരസേനാനികൾ ആത്മാഭിമാനത്താലും പോരാട്ടവീര്യത്താലും തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിച്ചിരുന്ന “ഭാരത് മാതാ കീ ജയ്” എന്ന മുദ്രാവാക്യം എങ്ങനെയാണ് ഭീഷണിയുടെയും ആക്രോശത്തിന്റെയും പിൻബലത്തിൽ വിളിപ്പിക്കേണ്ടിവരുന്നത്?
കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയെപ്പോലുള്ളവരുടെ ധാർഷ്ട്യത്തിനും നിർബന്ധത്തിനും വഴങ്ങി ജയ് വിളിക്കേണ്ടിവരുന്പോൾ നഷ്ടപ്പെടുന്നതെന്തോ അതാണ് ആ മുദ്രാവാക്യത്തിന്റെ ആത്മാവ്. അതെങ്ങനെ നഷ്ടപ്പെടുന്നുവെന്ന് ആത്മപരിശോധന ചെയ്യേണ്ടത് നിശബ്ദരായി നിന്നവരല്ല, രോഷാകുലയായ മന്ത്രിയാണ്.
ദേശാഭിമാനം വളർത്തിയതും ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്നതും മുദ്രാവാക്യങ്ങളല്ല, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മനുഷ്യരാണ്; അവരുടെ മഹാത്മാക്കളായ നേതാക്കളാണ്. മുദ്രാവാക്യങ്ങൾ അവരുടെ തീക്ഷ്ണമായ സ്വാതന്ത്ര്യവാഞ്ചയുടെ മാറ്റൊലി മാത്രമായിരുന്നു.
അത് മീനാക്ഷി ലേഖിക്കോ രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്ന മതഭ്രാന്തനെ ഹീറോയായി കാണുന്ന എൻഐടി പ്രഫസർ ഷൈജ ആണ്ടവനോ മനസിലാകണമെന്നില്ല.
മീനാക്ഷി ലേഖി കോഴിക്കോട്ടെ ഒരു വേദിയിൽ നിന്നുകൊണ്ട് “ഭാരത് മാതാ കീ” എന്നതിനു “ജയ്” വിളിക്കാത്തവരെ അധിക്ഷേപിക്കുകയും ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു.
കോഴിക്കോട്ടെ എൻഐടി പ്രഫസർ ഷൈജ, ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ വീരനായകനാക്കുകയാണു ചെയ്തത്. ഒരാൾ കേന്ദ്രമന്ത്രിയാണെങ്കിൽ രണ്ടാമത്തെയാൾ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ്.
എൻവൈസിസി, നെഹ്റു യുവകേന്ദ്ര, ഖേലോ ഭാരത്, തപസ്യ എന്നിവ സംഘടിപ്പിച്ച ‘എവേക് യൂത്ത് ഫോർ നേഷൻ’ കോൺക്ലേവ് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. പ്രസംഗത്തിന്റെ അവസാനം മന്ത്രി “ഭാരത് മാതാ കീ” എന്ന് വിളിച്ചു.
എന്നാല്‍, ഇതിന്റെ തുടർച്ചയായി സദസ് ഉച്ചത്തിൽ ജയ് വിളിക്കാതിരുന്നതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. സദസിൽ ഇരുന്ന സ്ത്രീയോട് “ഭാരതം നിങ്ങളുടെ അമ്മയല്ലേ? അല്ലെങ്കിൽ വീട്ടിൽനിന്നു പുറത്തു പോകണം” എന്നു പറഞ്ഞു. തുടർന്ന് സദസിലിരുന്നവർ മുഴുവൻ ഏറ്റുവിളിക്കുന്നതു വരെ അവർ മുദ്രാവാക്യം ആവർത്തിച്ചുകൊണ്ടിരുന്നു.
ഒരുകാലത്ത് നാടിനെ ഒന്നിപ്പിക്കുകയും സാമ്രാജ്യത്വത്തെ ഭയപ്പെടുത്തുകയും ചെയ്ത മുദ്രാവാക്യങ്ങളിലൊന്നിനെയാണ് അവർ ഈവിധം ദുരുപയോഗിച്ചത്.
എൻഐടിയിലെ പ്രഫസർ ഷൈജ ആണ്ടവൻ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ സാമൂഹമാധ്യമത്തിൽ നടത്തിയ പ്രതികരണത്തിലാണ് ഗോഡ്സെയെ പ്രകീർത്തിച്ചത്.
‘ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാടു പേരുടെ ഹീറോ’ എന്നായിരുന്നു കുറിപ്പ്. തീവ്ര ഹിന്ദുത്വ നിലപാടു സ്വീകരിക്കുന്ന അഡ്വ. കൃഷ്ണ രാജ് എന്നയാളുടെ പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിനു താഴെയാണ് ഷൈജ കമന്റിട്ടത്.
വിവാദമായതോടെ പോസ്റ്റ് നീക്കംചെയ്തെങ്കിലും പ്രതികരണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് ഷൈജയുടെ നിലപാട്. ഗോഡ്സെയുടെ ‘വൈ ഐ കില്‍ ഗാന്ധി’ എന്ന പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നതും ഇന്ത്യയിലെ ജനങ്ങള്‍ അറിയേണ്ടതുമാണെന്നാണ് അവർ പറഞ്ഞത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ച് താനൊന്നും പറഞ്ഞിട്ടില്ലെന്നും ഷൈജ ആണ്ടവന് കൂട്ടിച്ചേര്‍ത്തു.
ഗോഡ്സെയെ വന്ദിക്കുന്നതും മഹാത്മാഗാന്ധിയെ നിന്ദിക്കുന്നതും ഒന്നുതന്നെയാണെന്ന് അറിവില്ലാത്തയാളാണ് എൻഐടിയിലെ പ്രഫസർ! രാഷ്ട്രപിതാവിനെ നിന്ദിക്കുകയും അദ്ദേഹത്തിന്റെ ഘാതകനെ വന്ദിക്കുകയും ചെയ്യുന്നത് അപൂർവസംഭവമല്ലാതായിട്ടുണ്ടെങ്കിലും അവരൊന്നും ദേശദ്രോഹികളായി ചിത്രീകരിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തതിനാൽ ഗോഡ്സെയുടെ കൂടുതൽ ആരാധകർ മറയില്ലാതെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഇത്തരക്കാർ നിയമനിർമാണ സഭകളിലേക്കു തെരഞ്ഞെടുക്കപ്പെടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ വലിയ സ്ഥാനങ്ങളിൽപോലും കയറിക്കൂടുകയും ചെയ്തിരിക്കുന്നു എന്നതാണ് അപകടം. ചരിത്രത്തിന്റെയും വിദ്യാഭ്യാസ സിലബസുകളുടെയും അപനിർമിതികളുടെ ഉപോത്പന്നങ്ങളായ ഇത്തരം അധ്യാപകർ നമ്മുടെ വിദ്യാർഥികളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?
ഗാന്ധിജി ലോകമെങ്ങുമുള്ള കോടാനുകോടി മനുഷ്യർക്ക് മഹാത്മാവാണ്. ദേശീയതയ്ക്ക് അദ്ദേഹം നൽകിയ നിർവചനത്തിൽ ക്രോധത്തിനും ഹിംസയ്ക്കും സ്ഥാനമേയില്ല. അതേ ദേശീയത മറ്റു പലരുടെയും കൈകളിൽ പുനർനിർവചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അത്തരക്കാരെ മുൻകൂട്ടി കണ്ടുകൊണ്ടാവാം ടാഗോർ, “ദേശീയത തിന്മയുടെ ക്രൂരമായ പകർച്ചവ്യാധിയാണ്. അത് ഇന്നത്തെ യുഗത്തിലെ മനുഷ്യരിൽ പടർന്നുപിടിക്കുകയാണ്” എന്നു പറഞ്ഞത്.
ദേശസ്നേഹ മുദ്രാവാക്യങ്ങൾ ഭീഷണിപ്പെടുത്തി ചൊല്ലിക്കുന്നവരും ഗോഡ്സെയെ നായകനാക്കുന്നവരുമൊക്കെ ടാഗോർ തള്ളിപ്പറഞ്ഞ ദേശീയതയുടെ വക്താക്കളാകാം.അവരുയർത്തുന്ന ഭീഷണിയെ തിരിച്ചറിയാനുള്ള വകതിരിവ് ഗാന്ധിജിയുടെ ഇന്ത്യക്കുണ്ട്.