സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന നിലവാരത്തകർച്ചയ്ക്കും വിദ്യാർഥികൾ ഇവിടത്തെ കോഴ്സുകൾ ഉപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ചേക്കേറുന്നതുമൂലം കോളജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനുമെല്ലാം പിന്നിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങളുണ്ട്. സമസ്ത മേഖലയിലും രാഷ്ട്രീയ ഇടപെടൽ നടത്തുക എന്ന സർക്കാരിന്റെ സമീപനത്തിനേറ്റ തിരിച്ചടികൂടിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ.
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീംകോടതി നടത്തിയിരിക്കുന്ന വിധിപ്രസ്താവം നീതിന്യായ വ്യവസ്ഥയുടെ പവിത്രത കൂടുതൽ വ്യക്തമാക്കുന്നതായി. ഈ വിധിവാചകങ്ങൾ മനസിരുത്തി വായിക്കേണ്ടവർ മൂന്നു കൂട്ടരാണ്-സംസ്ഥാന സർക്കാർ, ഗവർണർ, കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ.
ഇതിൽ ഡോ. ഗോപിനാഥ് രവീന്ദ്രൻ വിധി വന്നയുടനെ വിസി സ്ഥാനം രാജിവച്ച് തന്റെ പഴയ ലാവണമായ ഡൽഹി ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലേക്കു മടങ്ങുകയാണെന്നു പ്രഖ്യാപിച്ചു. റിവ്യൂ ഹർജി എന്ന തുടർനടപടിക്കു മുതിരുന്നില്ലെന്നും, താൻ ആവശ്യപ്പെട്ടിട്ടല്ല തുടർനിയമനം നടന്നതെന്നുമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിലപാട്.
ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ റിവ്യൂ ഹർജി നൽകിയാലും വിസി സ്ഥാനത്തുനിന്നു പുറത്താക്കിയതിനു സ്റ്റേ അനുവദിക്കാനുള്ള സാധ്യത വിരളമാണെന്ന് ഒരുപക്ഷേ, അദ്ദേഹം വിലയിരുത്തിക്കാണും. എന്നാൽ, മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഗവർണറും ഇതെഴുതുന്നതുവരെ തെറ്റു സമ്മതിച്ച് പ്രതികരിച്ചിട്ടില്ല.
ഗവർണറാകട്ടെ മുഖ്യമന്ത്രിക്കെതിരേയാണ് തിരിഞ്ഞത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, കുറ്റം ഗവർണറുടേതെന്ന് ഉറപ്പിക്കുന്നു. സിപിഎം നേതാക്കൾ ഗവർണർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാൽ ഈ വിധിന്യായത്തിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരിക്കുന്ന ചട്ടലംഘനവും സർക്കാരിന്റെ അനാവശ്യ ഇടപെടലുകളും ഗവർണർ ഔദ്യോഗിക അധികാരം അടിയറവച്ചതും ഈ കേസിൽ മാത്രമല്ല, സംസ്ഥാനത്ത് പലതവണ സംഭവിച്ചിരിക്കുന്നു എന്നതാണ് സുപ്രധാനം.
ഗോപിനാഥ് രവീന്ദ്രന്റെ യോഗ്യതക്കുറവല്ല, നിയമനത്തിൽ ചട്ടം ലംഘിച്ചുവെന്നതാണ് നിയമനം റദ്ദാക്കാൻ കാരണമെന്നാണ് ജസ്റ്റീസ് ജെ.ബി. പർദിവാല വിധിപ്രസ്താവത്തിൽ പറഞ്ഞിരിക്കുന്നത്. വിസിയുടെ പുനർനിയമനം ശരിവച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കുന്നതായും സുപ്രീംകോടതി അറിയിച്ചു.
ചാൻസലറാണ് പുനർനിയമന ഉത്തരവ് പുറത്തിറക്കിയതെങ്കിലും തീരുമാനത്തിൽ സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സർവകലാശാലാ ചാൻസലറായ ഗവർണർ ഔദ്യോഗിക അധികാരം അടിയറ വച്ചു.
പുനർനിയമനം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയും ആണെന്നു ചൂണ്ടിക്കാട്ടി കേരള രാജ്ഭവൻ പുറത്തിറക്കിയ പത്രക്കുറിപ്പും സുപ്രീംകോടതി പരിഗണിക്കുകയുണ്ടായി. സുപ്രീംകോടതിയുടെ ഈ നിരീക്ഷണങ്ങൾ കേരളത്തിലെ പൊതുസമൂഹവും ഇരുത്തിച്ചിന്തിക്കണം.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന നിലവാരത്തകർച്ചയ്ക്കും വിദ്യാർഥികൾ ഇവിടത്തെ കോഴ്സുകൾ ഉപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ചേക്കേറുന്നതുമൂലം കോളജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനുമെല്ലാം പിന്നിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങളുണ്ട്.
സമസ്ത മേഖലയിലും രാഷ്ട്രീയ ഇടപെടൽ നടത്തുക എന്ന സർക്കാരിന്റെ സമീപനത്തിനേറ്റ തിരിച്ചടികൂടിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രഫസറായി നിയമിക്കാൻ 2021 നവംബർ18ന് ഇന്റർവ്യൂ നടത്തി ഒന്നാം റാങ്ക് നൽകാൻ തീരുമാനിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്നു ശിപാർശ ചെയ്ത് മന്ത്രി ഗവർണർക്ക് കത്ത് നൽകിയത്.
കണ്ണൂർ വിസി നിയമത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കുകയും ചെയ്തു. വിസിയുടെ പുനർനിയമനം വിവാദമായതിനു പിന്നാലെ വിസി നിയമനത്തിൽ മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ടെന്ന ആരോപണവുമായി ഗവർണർ രംഗത്തു വന്നു. മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും കൈമാറിയ കത്തുകളും ഗവർണർ പുറത്തുവിട്ടു.
മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും നടത്തിയ ഇടപെടലുകളിൽ തീർച്ചയായും അസ്വാഭാവികതയുണ്ട്. സ്വജനപക്ഷപാതത്തിനും രാഷ്ട്രീയ ഇടപെടലുകൾക്കും ഈ സർക്കാർ പഴികേൾക്കുന്നത് ആദ്യമായല്ല. ക്രമരഹിതമായ ഇടപെടലുകൾ അനുവദിച്ചുകൊണ്ടാണ് ചാൻസലറായ ഗവർണർ വിസിക്ക് പുനർനിയമനം നൽകാൻ ഉത്തരവിട്ടത്.
ഇവിടെയാണ് ഗവർണർ തന്റെ ഒദ്യോഗിക അധികാരം അടിയറ വച്ചത്. കേരളത്തിൽ ഇതുവരെ കണ്ടുവരുന്നത് ഗവർണറും സർക്കാരും തമ്മിലുള്ള ഒരുതരം കള്ളനും പോലീസും കളിയായിരുന്നു. ഈ കളിയാണ് സുപ്രീംകോടതി തുറന്നുകാട്ടിയിരിക്കുന്നത്. അതിനാൽ ഇരുകൂട്ടരും ഇപ്പോൾ നടത്തുന്നതും ചക്കളത്തിപ്പോരാട്ടംതന്നെ.
നിങ്ങൾ ഈ കളികൾ നിർത്തി നിയമവും ചട്ടവുമനുസരിച്ച് സുതാര്യമായി പ്രവർത്തിക്കൂ എന്നാണ് സുപ്രീംകോടതിവിധി ആവശ്യപ്പെടുന്നത്. കേരളത്തിലെ ജനങ്ങളും അതുതന്നെയാണ് ആഗ്രഹിക്കുന്നത്.