മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
സാറാമോളേ മാപ്പ്... 20 മണിക്കൂറോളം നീയനുഭവിച്ച മരണഭയത്തിന്റെ ആഴം ഞങ്ങളെയെല്ലാം വിഴുങ്ങിയിരുന്നു. കേരളക്കരയൊന്നാകെ നിനക്കായ് പ്രാർഥിച്ചിരുന്നു. പോലീസും നാട്ടുകാരും മാത്രമല്ല കേട്ടറിഞ്ഞവരെല്ലാം നിന്നെത്തെരയുകയായിരുന്നു.
അബിഗേൽ സാറായുടെ മാതാപിതാക്കളായ റെജി, സിജി, പ്രിയ സഹോദരൻ ജോനാഥൻ മാപ്പ്... നരാധമന്മാരായ ഏതാനും ക്രിമിനലുകൾ അവളെ റാഞ്ചിക്കൊണ്ടുപോയതുമുതൽ നിങ്ങളനുഭവിച്ച ഹൃദയംനുറുങ്ങും വേദന കേരളത്തിന്റെ ഉള്ളുലച്ചിരുന്നു. സകലയിടവും അരിച്ചുപെറുക്കുകയായിരുന്നില്ലേ നാട്ടുകാർ.
പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ച് യുവജനങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാർ ഊർജിതമായ അന്വേഷണമാണ് നടത്തിയത്. വനമേഖലകളിലടക്കം തെരഞ്ഞു. സിസിടിവി ദൃശ്യങ്ങളും വാഹനങ്ങളും സ്ഥിരംക്രമിനലുകളുടെ ഒളിത്താവളങ്ങളുമെല്ലാം പരിശോധിച്ച് പോലീസ് കത്രികപ്പൂട്ടൊരുക്കി.
സാറാമോളെ സ്വന്തമായിക്കരുതി കേരളക്കര പ്രാർഥനാനിരതമായിരുന്നു. മത്സരബുദ്ധിയുപേക്ഷിച്ച് മാധ്യമങ്ങളും പോലീസിന്റെ അന്വേഷണത്തിനു സഹായകരമായ നിലപാടു സ്വീകരിച്ചു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്നു മാറി ഉത്തരവാദിത്വമുള്ളവരായി പ്രവർത്തിച്ചു സോഷ്യൽ മീഡിയ ഉപയോക്താക്കൾ.
കേരളത്തിന്റെ മത, രാഷ്ട്രീയ, ഉദ്യോഗസ്ഥ, സാംസ്കാരിക നേതാക്കൾ ആശ്വാസവാക്കുകളുമായി അരികെ നിന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് കരഞ്ഞുകലങ്ങിയ കണ്ണുമായി സാറാമോളെ കണ്ടെത്തുന്നതുവരെ മനഃസാക്ഷിയുള്ള ആർക്കും സ്വസ്ഥതയുണ്ടായിരുന്നില്ല. ഒരു കുരുന്നിന്റെ ജീവനുവേണ്ടി നാമെല്ലാം മാതൃകാപരമായി സഹകരിച്ചു. മനുഷ്യത്വത്തിന് അമൂല്യത കല്പിക്കുന്ന മലയാളിയുടെ ഉദാത്തമായ മനോഭാവം പ്രശോഭിച്ച മണിക്കൂറുകൾ.
നിൽക്കക്കള്ളിയില്ലാതെയാണ് ആ കൊടും ക്രിമിനലുകൾ കുഞ്ഞിനെ വിട്ടയച്ചതെന്നു വ്യക്തം. എങ്കിലും ഭയം നമ്മെ വിട്ടുമാറുന്നില്ല. പോലീസിന് ആശ്വസിക്കാൻ സമയമായില്ല. മാതാപിതാക്കൾക്കു മാത്രമല്ല മനഃസാക്ഷിയുള്ള ആർക്കും സമാധാനത്തോടെ ഉറങ്ങാൻ കഴിയാത്ത അന്തരീക്ഷമാണ് ഏതാനും ക്രിമിനലുകൾ സംസ്ഥാനത്ത് ഉണ്ടാക്കിയിരിക്കുന്നത്.
കുറ്റവാളികളെ ഭയപ്പെട്ടോ അവർക്കു കീഴടങ്ങിയോ സ്വൈരമായി ജീവിക്കാനാവില്ല. നമ്മുടെ നാട്ടിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ് തിങ്കളാഴ്ച വൈകുന്നേരം കൊല്ലം ഓയൂർ കാറ്റാടിമുക്കിലുണ്ടായത്. ഓട്ടുമൂല റെജിഭവനിൽ റെജിയുടെ മകൾ അബിഗേൽ സാറ റെജിഎന്ന ആറുവയസുകാരിയെയാണ് ഒരു സ്ത്രീ അടക്കമുള്ള ക്രിമിനൽസംഘം തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി പത്തുലക്ഷം രൂപ ആവശ്യപ്പെട്ടത്.
ഒമ്പതു വയസുള്ള സഹോദരൻ ജോനാഥനുമൊത്ത് ട്യൂഷനു പോകുമ്പോഴായിരുന്നു തട്ടിക്കൊണ്ടുപോകൽ. ജോനാഥനെയും കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവൻ കുതറി രക്ഷപ്പെടുകയായിരുന്നു.
കൊല്ലം നഗരമധ്യത്തിലാണ് കുട്ടിയെ ഉപേക്ഷിച്ചത് എന്നത് ക്രമിനിൽ സംഘത്തിന്റെ മനോബലമാണ് കാണിക്കുന്നത്. പൂയപ്പള്ളി ഓയൂരിൽനിന്ന് 35 കിലോമീറ്ററിലധികം കുട്ടിയുമായി സഞ്ചരിച്ച് നഗരമധ്യത്തിലെത്താൻ കള്ളക്കൂട്ടം ധൈര്യംകാട്ടി.
പോലീസും നാട്ടുകാരും നാടെങ്ങും അരിച്ചുപെറുക്കുമ്പോഴും കുട്ടിയുമായി സുരക്ഷിതമായി ഒളിച്ചുകഴിയാനും സംശയലേശമെന്യേ കുട്ടിയെ നഗരമധ്യത്തിലെ ആശ്രാമം മൈതാനത്തിനടുത്ത് ഇറക്കിവിടാനും ഇവർക്കായത് പോലീസ് അതീവഗൗരവത്തോടെ വിലയിരുത്തണം.
കുട്ടിയെ ഉപേക്ഷിച്ച സ്ത്രീക്ക് ആരുടെയും കണ്ണിൽപ്പെടാതെ രക്ഷപ്പെടാൻ കഴിഞ്ഞതാണ് മറ്റൊരു സുപ്രധാന കാര്യം. ഈ ക്രിമിനൽ സംഘത്തിന്റെ ഇതുവരെയുള്ള ചെയ്തികൾ വ്യക്തമാക്കുന്നത് ഇവർ ഈ ക്രൂരകൃത്യം കൃത്യമായി ആസൂത്രണം ചെയ്തിരിക്കുന്നുവെന്നാണ്. എന്നാൽ പണമായിരുന്നോ അവരുടെ ലക്ഷ്യമെന്നതു സംബന്ധിച്ച് വ്യക്തതയില്ലതാനും.
ക്രമസമാധാനമാണ് ഏതൊരു നാടിന്റെയും ഏറ്റവും വലിയ ആവശ്യം. അതുറപ്പുവരുത്തുകയാണ് ഏതൊരു സർക്കാരിന്റെ പ്രഥമവും പ്രധാനവുമായ കർത്തവ്യവും. ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന നാട് എന്ന സത്പേരാണ് കേരളത്തിന്റെ എല്ലാ നേട്ടത്തിന്റെയും അടിസ്ഥാനം. കേവലം ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതു മാത്രമല്ല ഈ ക്രിമിനൽക്കൂട്ടം ചെയ്തിരിക്കുന്ന കുറ്റം; ഈ നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവം ശ്രമിച്ചിരിക്കുന്നു.
ഇവരെ കണ്ടുപിടിച്ച് നിയമത്തിനു മുന്നിലെത്തിക്കുന്നതുവരെ പോലീസിനു വിശ്രമമരുത്. ഇന്നലെ വൈകുന്നേരം കുട്ടിയെ കാണാതായതുമുതൽ സംസ്ഥാന പോലീസ് കരുതലോടെ ത്യാഗോജ്വലമായും ശാസ്ത്രീയമായും നടത്തിയ അന്വേഷണം അണുവിട വ്യതിചലിക്കാതെ തുടരണം; ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കുംവരെ.
ഇനിയൊരു കുരുന്നിനും ഈ നാട്ടിൽ തട്ടിക്കൊണ്ടുപോകൽ ഭീഷണിപോലും ഉണ്ടാകരുത്. ഒരച്ഛനമ്മമാരും കണ്ണീരുകുടിക്കരുത്. ഇത് കേരളത്തിൽ അവസാനത്തെ സംഭവമാകണം. പൊതുസമൂഹവും മാധ്യമങ്ങളും അതിനെല്ലാ സഹായവും പോലീസിനു നൽകണം. സർക്കാരും ഇക്കാര്യത്തിൽ നിശ്ചയദാർഢ്യം പ്രകടിപ്പിക്കണം.