സഹകരണ ബാങ്കുകളിലെ കൊടികെട്ടിയ കൊള്ളക്കാർ
പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ, സാന്പത്തിക കുറ്റകൃത്യങ്ങൾക്ക് രാഷ്ട്രീയത്തെ മറയാക്കിയവർ അധികാരത്തിന്റെ ലോക്കറുകളിൽ പൂഴ്ത്തിവച്ച സത്യങ്ങളാണ് കരുവന്നൂർ സഹകരണ ബാങ്കിൽനിന്നു പുറത്തുവരുന്നത്. അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളും തട്ടിപ്പുസംഘത്തിലെ പങ്കാളികളെന്നു കരുതുന്ന സിപിഎം, സിപിഐ പാർട്ടിക്കാരുടെ വെളിപ്പെടുത്തലുകളും തള്ളിക്കളയാൻ ഇനി ഇഡിയെ പഴിച്ചും ഇരവാദം നടത്തിയും മാത്രം കഴിയില്ല.
കോടികളുടെ തട്ടിപ്പ് നടത്താനും അതു മറച്ചുവയ്ക്കാനും പ്രതികൾക്കു കഴിഞ്ഞത് അവരുടെ സ്ഥാനമാനങ്ങളും പാർട്ടി ബന്ധവും മൂലമാണ്. അവർ പാർട്ടിക്കാരായതുകൊണ്ടു ലഭിച്ച സുരക്ഷിതത്വമാണ് നിക്ഷേപകർക്കു പണം കിട്ടാൻ വൈകുന്നതിന്റെയും അന്വേഷണം വഴിതെറ്റി നീണ്ടുപോയതിന്റെയും പ്രധാന കാരണം. സ്വാഭാവികമായി ഉയരുന്ന ചോദ്യം, നിങ്ങളുടെ രാഷ്ട്രീയം യഥാർഥത്തിൽ എന്താണ് എന്നതാണ്. നിങ്ങൾ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കൊപ്പമാണോ അതോ അവരുടെ അധ്വാനഫലമായ നിക്ഷേപം തട്ടിയെടുത്ത ചൂഷകർക്കൊപ്പമാണോ എന്നതാണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പായിരുന്നു വർഷങ്ങളായി സിപിഎം ഭരിക്കുന്ന തൃശൂർ കരുവന്നൂരിലേത്. 2018ലാണ് സൂചനകൾ പുറത്തുവന്നത്. എടുക്കാത്ത വായ്പയ്ക്കു ജപ്തി നോട്ടീസ് വന്നതോടെ 2021 ജൂലൈ 22ന് മുകുന്ദൻ എന്നയാൾ ജീവനൊടുക്കി. അതേക്കുറിച്ചു നടത്തിയ അന്വേഷണം 300 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്നു. മുഴുവൻ സന്പാദ്യവും നഷ്ടപ്പെട്ടവരും ലക്ഷങ്ങളുടെ സന്പാദ്യമുണ്ടായിട്ടും മരുന്നു വാങ്ങാനുള്ള കാശുപോലും കിട്ടാതെ മരണത്തിനു കീഴടങ്ങിയവരുമൊക്കെ നിക്ഷേപകരിലുണ്ടായിരുന്നു.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തട്ടിപ്പുതുക 226.78 കോടിയായി കുറഞ്ഞു. കഴിഞ്ഞ മേയിൽ മന്ത്രി പറഞ്ഞത് 104 കോടിയുടെ തട്ടിപ്പേ നടന്നിട്ടുള്ളൂ എന്നാണ്. ഇപ്പോൾ ഇഡി വെളിപ്പെടുത്തിയത് 500 കോടിയുടെ തട്ടിപ്പെന്നാണ്. വായ്പാതട്ടിപ്പു മാത്രമല്ല, കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതിന്റെ രേഖകളും പുറത്തുവന്നുകഴിഞ്ഞു. കൊള്ളമുതൽ പോയ വഴികളും ഇഡി അന്വേഷിക്കുകയാണ്. കരുവന്നൂരിലെ തട്ടിപ്പുപണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി മറ്റു സഹകരണ ബാങ്കുകളെയും ഉപയോഗിച്ചെന്ന് ഇഡി കണ്ടെത്തി.
തൃശൂർ, അയ്യന്തോൾ സഹകരണ ബാങ്കുകൾ ഉൾപ്പെടെ, തൃശൂർ-എറണാകുളം ജില്ലകളിലെ ഒന്പത് ഇടങ്ങളിലായിരുന്നു ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. കള്ളപ്പണക്കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവും കുന്നംകുളം എംഎൽഎയുമായ എ.സി. മൊയ്തീനെയും ചോദ്യംചെയ്യുകയും വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
മൊയതീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വെളപ്പായ സതീശൻ എന്ന സതീഷ്കുമാർ, അയ്യന്തോൾ ബാങ്കുവഴി ഒന്നരക്കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് വിവരം. കൊച്ചിയിലെ ദീപക് എന്ന വ്യക്തി അഞ്ചര കോടി രൂപ വെളുപ്പിക്കാൻ ഒന്പതോളം ഷെൽ കന്പനികൾ രൂപീകരിച്ചെന്നും റിപ്പോർട്ടുണ്ട്.
സിപിഎമ്മിന്റെ ഇരവാദത്തെ ഇഡി പൊളിക്കുന്നതിനിടെയാണ് ബാങ്കിന്റെ മുൻ ഡയറക്ടർമാരും സിപിഐ നേതാക്കളുമായ ലളിതനും സുഗതനും രംഗത്തെത്തിയത്. വലിയ നേതാക്കളെ രക്ഷിക്കാൻ തങ്ങളെ ബലിയാടാക്കിയെന്നാണ് അവരുടെ ആരോപണം. സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി.കെ. ചന്ദ്രനായിരുന്നു ബാങ്കിലെ പാർട്ടി നിയന്ത്രണമെന്നും ഇരുവരും ആരോപിച്ചു.
ഇഡിയുടെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് ഇവർ പറയുന്നത്. എന്നാൽ, മറ്റു പ്രതിപക്ഷ പാർട്ടികൾക്കെതിരേ ഇഡി നടത്തുന്ന അന്വേഷണവുമായി താരതമ്യപ്പെടുത്തി ഇത്രയും വലിയ തട്ടിപ്പിനെ നിസാരവത്കരിക്കാനാണ് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെയും ശ്രമിച്ചത്.
ഇതിനിടെയാണ് ഭരണസമിതിയിലെ വനിതാ അംഗങ്ങളുടെ വെളിപ്പെടുത്തൽ. പാർട്ടിയിലെ ഉന്നതർക്കുവേണ്ടി തങ്ങളെ ബലിയാടാക്കുകയായിരുന്നെന്നാണ് സിപിഎം അംഗമായിരുന്ന അമ്പിളി മഹേഷും സിപിഐ അംഗമായിരുന്ന മിനി നന്ദനും പറഞ്ഞത്.
പ്രത്യയശാസ്ത്രങ്ങളും തത്വങ്ങളുമൊക്കെ തട്ടിപ്പിനുള്ള മറയാക്കാനും പാർട്ടി ഭാരവാഹിത്വങ്ങൾകൊണ്ട് ആ തട്ടിപ്പുകളെ മറച്ചുവയ്ക്കാനും വിരുതു കാണിക്കുന്ന കുറ്റവാളികളാണ് നിലവിൽ സംശയനിഴലിലുള്ളത്.
സാന്പത്തിക ക്രമക്കേടുകളും കൊള്ളയും പുറത്തുവരുന്പോൾ നടത്തുന്ന പാർട്ടി വിശദീകരണം പാർട്ടിക്കാർക്കു സ്വീകാര്യമായിരിക്കാം. പക്ഷേ, പണം നഷ്ടപ്പെട്ടവർക്ക് അതു പോരാ. കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കേണ്ടതുണ്ട്. തട്ടിപ്പിൽ നേരിട്ടു പങ്കെടുത്തവർ മാത്രമല്ല, അതിനു കൂട്ടുനിന്നവരും ശിക്ഷാർഹരാണ്. ഇതു പാർട്ടി ഫണ്ടിന്റെ കാര്യമല്ല, പാവങ്ങളുടെ വിയർപ്പിന്റെ വില സ്വന്തം അക്കൗണ്ടിലാക്കിയ കൊള്ളക്കാരുടെ കാര്യമാണ്.
ഈ അന്വേഷണം കരുവന്നൂരിലൊതുങ്ങരുത്. സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനത്തെ പല സഹകരണ ബാങ്കുകളിലും നാട്ടുകാരുടെ നിക്ഷേപം തറവാട്ടുസ്വത്തുപോലെ കൈകാര്യം ചെയ്യുന്നവരെയെല്ലാം നിയമത്തിനു മുന്നിലെത്തിക്കണം. കൊടികെട്ടിയ കൊള്ളക്കാർക്കു തീറെഴുതാനുള്ളതല്ല കേരളത്തിലെ സഹകരണ മേഖല.