കോവിഡ് കാലത്ത് നാം പരിശീലിച്ച ശുചിത്വവും മാസ്ക് ഉപയോഗവുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ട അവസ്ഥയാണ്. നിപയെ ഒതുക്കിയാലും അതിന്റെയല്ലെങ്കിൽ
കോവിഡിന്റെ മറ്റൊരു വകഭേദമോ പുതിയൊരു വൈറസോ ഏതു നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാം.
നിപ ബാധിച്ച് കോഴിക്കോട്ട് രണ്ടുപേർ മരിക്കുകയും നാലുപേർ ചികിത്സയിലാകുകയും ചെയ്തതോടെ ജനങ്ങൾക്കിടയിൽ ഭീതി പരന്നിട്ടുണ്ട്. അഞ്ചു വർഷം മുന്പ് കോഴിക്കോടിനെയും മലപ്പുറത്തെയും സംസ്ഥാനത്തെ ഒട്ടാകെയും മുൾമുനയിൽ നിർത്തിയ വൈറസിനെ ഇന്നലെയാണ് സ്ഥിരീകരിച്ചത്. ഇനി ജാഗ്രതയുടെ സമയമാണ്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചാൽ ഭീതിയുടെ കാര്യമേയില്ല. നിപയെന്ന വൈറസിനെ അഴിഞ്ഞാടാൻ അനുവദിക്കാതെ രണ്ടുതവണ വന്നതുപോലെ പറഞ്ഞുവിട്ട ചരിത്രമാണ് കേരളത്തിന്റേത്.
2018ൽ നിപയും പിന്നാലെ കോവിഡ് 19ഉം സൃഷ്ടിച്ച ദുരിതങ്ങളും സാന്പത്തിക പ്രതിസന്ധിയും ഇനിയും അവസാനിച്ചിട്ടില്ലെന്ന യാഥാർഥ്യവും അവശേഷിക്കുന്നു. പുതിയതൊന്നു താങ്ങാനുള്ള ശേഷി കേരളത്തിനില്ല. ആ ബോധ്യത്തോടെയാവണം സർക്കാരിന്റെ പ്രവർത്തനങ്ങൾ.
കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി, മരുതോങ്കര സ്വദേശികളുടെ മരണമാണ് നിപമൂലമാണെന്നു സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 30നാണ് ആദ്യ രോഗി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. രണ്ടാമത്തെ രോഗി തിങ്കളാഴ്ച മരിച്ചു. മരിച്ചവർ രണ്ടുപേരും തമ്മിൽ സന്പർക്കമുണ്ടായിട്ടുണ്ട്.
നിപയുടെ രോഗവ്യാപനം കുറവാണെങ്കിലും മരണനിരക്ക് കൂടുതലാണ് എന്നത് ഗൗരവത്തിലെടുക്കേണ്ടതാണ്. തലച്ചോറിനെയും ശ്വാസകോശത്തെയുമാണ് ബാധിക്കുന്നത്. വൈറസ് ബാധിച്ചാൽ നാലു മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, തലവേദന, തലകറക്കം, ക്ഷീണം, ചുമ, തൊണ്ടവേദന തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.
രോഗം ഗുരുതരമാകുന്നതിനനുസരിച്ച് ഛർദി, മാനസിക വിഭ്രാന്തി, ബോധക്ഷയം, ശ്വാസതടസം എന്നിവയുമുണ്ടായേക്കാം. തലച്ചോറിനെ ബാധിക്കുന്ന എന്സഫലൈറ്റിസിനും ന്യൂമോണിയയ്ക്കും സാധ്യതയുണ്ട്. രോഗിയിൽനിന്ന് അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. രോഗലക്ഷണങ്ങളുള്ളവർ യഥാസമയം ആശുപത്രിയിൽ പോകുകയും ഡോക്ടറുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്താൽ ഭയപ്പെടേണ്ട കാര്യമില്ല. രോഗിയെ പരിചരിക്കുന്നവർ ഒരു കാരണവശാലും പ്രോട്ടോകോൾ ലംഘിക്കരുത്.
കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി ലോകം വൈറസുകൾക്കെതിരേയുള്ള പോരാട്ടത്തിലാണ്. ചികിത്സയ്ക്കും വാക്സിൻ നിർമാണത്തിനും മുൻകരുതലുകൾക്കുമായി ചെലവഴിച്ച തുകയ്ക്കു കണക്കില്ല. ആഗോള സാന്പത്തികരംഗത്തുണ്ടായ നഷ്ടവും കണക്കുകൾക്കപ്പുറമാണ്. 2018 മേയിലാണ് പൂനയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നിപ സ്ഥിരീകരിച്ചത്. വവ്വാലിൽനിന്നായിരുന്നു വൈറസുകൾ മനുഷ്യരിലേക്കു പകർന്നത്. മേയ് അഞ്ചിന് മരിച്ച പേരാന്പ്ര സ്വദേശിയായ സാബിത്തായിരുന്നു നിപയുടെ ആദ്യ ഇര. പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ സ്വാലിഹും ബന്ധുവും ഉൾപ്പെടെ കോഴിക്കോട്ടും മലപ്പുറത്തുമായി 17 പേർ. സാബിത്തിൽനിന്നാണ് പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നാലു പേർക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലെ 10 പേർക്കും നിപ ബാധിച്ചത്.
പേരാന്പ്രയിൽവച്ചാണ് നഴ്സായിരുന്ന ലിനിക്കു വൈറസ് ബാധയുണ്ടായത്. കേരളത്തിനു മറക്കാനാവാത്ത ദിവസങ്ങളായിരുന്നു അത്. ഒരിടവേളയ്ക്കുശേഷം 2021 സെപ്റ്റംബറിൽ കോഴിക്കോട്ട് 13 വയസുകാരൻ നിപ ബാധിച്ചു മരിച്ചു. ആരോഗ്യവകുപ്പിന്റെ മുൻകരുതലിലൂടെ രോഗം വ്യാപിക്കുന്നത് തടയാനായി. ഒരു സാംക്രമിക രോഗത്തിന്റെ പേരിൽ ഒരു പ്രദേശം ഒറ്റപ്പെടുന്നതും യാത്രാവിലക്കുകളുമൊക്കെ സമകാലിക കേരളത്തിന് അന്യമായിരുന്നു.
2020 ജനുവരിയിലാണ് കോവിഡ് 19 ഇന്ത്യയിലെത്തിയത്. ചൈനയിലെ വുഹാനിൽനിന്നു കേരളത്തിലെത്തിയ വിദ്യാർഥിയിലാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നീടത് ലോകത്തെ വിഴുങ്ങിയപ്പോൾ ഇന്ത്യക്കും ഒഴിവുണ്ടായില്ല. ലോകമെന്പാടുമായി മരിച്ച 69 ലക്ഷത്തിൽപരം ആളുകളിൽ അഞ്ചു ലക്ഷത്തിലേറെ പേർ ഇന്ത്യക്കാരായിരുന്നു.
വാക്സിൻ കണ്ടുപിടിച്ചതോടെയാണ് കോവിഡിന്റെ സംഹാരതാണ്ഡവത്തിന് അറുതിയുണ്ടായത്. കോവിഡിന്റെ നിരവധി വകഭേദങ്ങൾ പിന്നീടുണ്ടായി. മനുഷ്യരാശിയുടെ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന നിലയിലേക്ക് വൈറസുകൾ ആരോഗ്യമേഖലയെ മാറ്റിക്കഴിഞ്ഞു. കോവിഡ് കാലത്ത് നാം പരിശീലിച്ച ശുചിത്വവും മാസ്ക് ഉപയോഗവുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ട അവസ്ഥയാണ്. നിപയെ ഒതുക്കിയാലും അതിന്റെയല്ലെങ്കിൽ കോവിഡിന്റെ മറ്റൊരു വകഭേദമോ പുതിയൊരു വൈറസോ ഏതു നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാം. നിതാന്ത ജാഗ്രത മാത്രമാണ് നിലനിൽപ്പിനു മാർഗം.