നന്ദി, ജയസൂര്യ
സംസ്ഥാന സർക്കാർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നു ജനങ്ങൾക്കുമറിയാം. പക്ഷേ, അതിന്റെ ഭാരം മന്ത്രിമാരോ അവരുടെ കുടുംബങ്ങളോ സർക്കാർ ഉദ്യോഗസ്ഥരോ ഒന്നുമറിയുന്നില്ല. അവരുടെ ആർഭാടജീവിതത്തിനൊന്നും ഒരു കുറവുമില്ല. ഇതൊക്കെ സഹിക്കേണ്ടത് പാവപ്പെട്ട കർഷകർ.
കർഷകരിൽനിന്നു സംഭരിച്ച നെല്ലിന്റെ വില എന്തുകൊണ്ട് കൊടുക്കുന്നില്ലെന്നു പറയാനല്ല, സർക്കാരിനെ തെരഞ്ഞെടുത്തത്. നിർഭാഗ്യവശാൽ, മാസങ്ങളായി "ഇന്നു കൊടുക്കും നാളെ കൊടുക്കും' എന്ന പൊള്ളയായ വാഗ്ദാനവും കൊടുക്കാത്തതിന്റെ കാരണവുമൊക്കെയാണ് കേൾക്കുന്നത്. കേരളത്തിലെ നെൽകർഷകരുടെ ഈ ഗതികേടിനെക്കുറിച്ച് പറയുകയും പറഞ്ഞതിൽ ഉറച്ചുനിൽക്കുകയും ചെയ്ത നടൻ ജയസൂര്യ അഭിനന്ദനം അർഹിക്കുന്നു. പക്ഷേ, ഒരു വിഭാഗമാളുകൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരേ ഉറഞ്ഞുതുള്ളുകയാണ്. കർഷകന്റെ സാന്പത്തിക പ്രതിസന്ധിയും ദുരിതവും പറയേണ്ടിടത്തു പറയാനുള്ള ധൈര്യം രാഷ്ട്രീയമാണെങ്കിൽ ആ രാഷ്ട്രീയമാണ് കേരളത്തിനാവശ്യം. അല്ലാതെ, കർഷകർക്കുവേണ്ടി ആരെങ്കിലും ശബ്ദമുയർത്തിയാൽ അവരെയൊക്കെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അജൻഡ നടത്തിപ്പുകാരാണെന്നു വ്യാഖ്യാനിക്കുന്ന കപട രാഷ്ട്രീയം ഇനി വേണ്ട.
അരിയാഹാരം കഴിക്കുന്നവർക്കു മനസിലായിത്തുടങ്ങിയിട്ടുണ്ട് കേരളത്തിലെ കർഷകരുടെ അവസ്ഥ. അതുതന്നെയാണ് കളമശേരിയിൽ നടത്തിയ കാർഷികോത്സവ സമ്മേളനവേദിയിൽ ജയസൂര്യ മന്ത്രി പി. രാജീവിനെയും കൃഷിമന്ത്രി പി. പ്രസാദിനെയും സാക്ഷിയാക്കി തുറന്നടിച്ചത്. കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങള് ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാർ മനസിലാക്കണമെന്ന അഭ്യർഥനയോടെയാണ് ജയസൂര്യ തുടങ്ങിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഏതാണ്ട് ഇങ്ങനെയായിരുന്നു.
""അഞ്ചാറു മാസമായിട്ട് കർഷകർ നൽകിയ നെല്ലിന്റെ വില സർക്കാർ കൊടുത്തിട്ടില്ല. തിരുവോണദിവസം അവർ പട്ടിണി സമരം നടത്തുകയാണ്. പുതിയ തലമുറ കൃഷിയിലേക്കു വരുന്നില്ലെന്നും അവർക്കു ഷർട്ടിൽ ചെളി പുരളുന്നത് ഇഷ്ടമില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. പക്ഷേ, സാർ ഒരു കാര്യം മനസിലാക്കണം. കൊടുത്ത നെല്ലിന്റെ പണത്തിനുവേണ്ടി തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ടെങ്ങനെയാണ് അവർ കൃഷിയിലേക്കു വരുന്നത്? ഒരിക്കലും വരില്ല. അതുകൊണ്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണം.''
സുഹൃത്തും നടനും കർഷകനുമായ കൃഷ്ണപ്രസാദ് നൽകിയ നെല്ലിന്റെ പണവും കിട്ടിയിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞത് തെറ്റാണെന്നും അദ്ദേഹത്തിനു പണം കൊടുത്തതാണെന്നുമാണ് ഇപ്പോൾ സർക്കാർ അനുകൂലികൾ പറയുന്നത്. തനിക്കു പണം കിട്ടിയെന്നും കർഷകരുടെ പൊതുവായ കാര്യമാണു പറഞ്ഞതെന്നും കൃഷ്ണപ്രസാദ് പ്രതികരിച്ചു. വാക്കുകളിലെ ചെറിയ പിഴവുകളും സാങ്കേതികത്വവും കണ്ടുപിടിച്ച് വിഷയം മാറ്റുകയല്ല, കർഷകർക്കു കൊടുക്കാനുള്ള പണം കൊടുക്കുകയാണു വേണ്ടത്.
കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയാണു സംഭരണവില നൽകാനുള്ള തടസമെങ്കിൽ അതു ചോദിച്ച് കർഷകരല്ല സംസ്ഥാന സർക്കാരാണു ഡൽഹിയിലേക്കു പോകേണ്ടതെന്നു കൃഷി മന്ത്രി അറിയണം. തങ്ങളിൽനിന്നു നെല്ലു സംഭരിച്ച സപ്ലൈകോയോടും കേരള സർക്കാരിനോടും മാത്രമേ കർഷകർ കാശു ചോദിക്കുകയുള്ളൂ. അതു കൊടുക്കാത്തതു നിങ്ങളുടെ കഴിവുകേടാണ്.
സപ്ലൈകോ നൽകുന്ന പാഡി പ്രൊക്യൂർമെന്റ് റെസിപ്റ്റ് ഷീറ്റ് (പിആർഎസ്) പ്രകാരം കർഷകരുടെ അക്കൗണ്ടിലേക്കു നേരിട്ടു പണം നൽകുന്ന രീതിയായിരുന്നു തുടക്കത്തിൽ. എന്നാൽ, ഈ പണം സർക്കാർ തിരിച്ചടയ്ക്കാതായതോടെ ബാങ്കുകൾ ആ പരിപാടി പറ്റില്ലെന്നു പറഞ്ഞു. അതോടെ പിആർഎസ് ഈടായി സ്വീകരിച്ച് ബാങ്കുകൾ നെൽകർഷകർക്കു വായ്പ നൽകാൻ തുടങ്ങി. നോക്കൂ, സ്വന്തം പണം വായ്പയായി കൈപ്പറ്റേണ്ടിവരുന്ന ഗതികേട് കർഷകർക്കല്ലാതെ മറ്റാർക്കെങ്കിലുമുണ്ടോ? മുതലും 8.5 ശതമാനം പലിശയും ബാങ്കുകളിൽ തിരിച്ചടയ്ക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതോടെ അ വായ്പയും കിട്ടാതായി. വായ്പ കുടിശികയാകുന്നതോടെ ജപ്തി നോട്ടീസ് സർക്കാരിനല്ല, കർഷകർക്ക്! ഇതാണവസ്ഥ.
സംസ്ഥാന സർക്കാർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നു ജനങ്ങൾക്കുമറിയാം. പക്ഷേ, അതിന്റെ ഭാരം മന്ത്രിമാരോ അവരുടെ കുടുംബങ്ങളോ സർക്കാർ ഉദ്യോഗസ്ഥരോ ഒന്നുമറിയുന്നില്ല. അവരുടെ ആർഭാടജീവിതത്തിനൊന്നും ഒരു കുറവുമില്ല. ഇതൊക്കെ സഹിക്കേണ്ടത് പാവപ്പെട്ട കർഷകർ. കൃഷി ചെയ്ത് ആർക്കും കുടുംബം പുലർത്താമെന്ന ആത്മവിശ്വാസമില്ല. അതു നൽകേണ്ട സർക്കാർ എന്നേ പരാജയപ്പെട്ടു.
പരന്പരാഗതമായി കൃഷി ചെയ്തിരുന്നവർ മാത്രമാണ് ഇപ്പോഴും തുടരുന്നത്. അവരുടെ മക്കൾ, ജയസൂര്യ പറഞ്ഞതുപോലെ കൃഷിക്കാരായ മാതാപിതാക്കളുടെ തീരാനഷ്ടങ്ങൾ നേരിട്ടു കണ്ടവരാണ്. കൃഷി അവർക്കു പേടിസ്വപ്നമാണ്. അവരുടെ ഉടുപ്പിൽ പറ്റുന്ന പാടത്തെ ചെളിയല്ല യഥാർഥ പ്രശ്നം, കർഷകർക്കു കൊടുക്കാനുള്ള കാശിനു പകരം നിങ്ങൾ പറയുന്ന പാഴ്വാക്കുകളുടെ അഴുക്കാണ്. അതു ചൂണ്ടിക്കാണിക്കാൻ ജയസൂര്യയുടെ വാക്കുകൾക്കു കഴിഞ്ഞിട്ടുണ്ട്. ഉണ്ട ചോറിനു നന്ദി കാണിക്കാൻ കലാ-സാസ്കാരിക രംഗത്തുനിന്ന് ഒരാളെങ്കിലുമെത്തിയത് കർഷകർക്ക് ആശ്വാസമാണ്. ഉണ്ണാനിരിക്കുന്പോൾ മന്ത്രിമാരും അതോർത്താൽ നന്ന്.